Investigation | ലെബനൻ പേജർ സ്ഫോടനങ്ങളുമായി മലയാളിക്ക് ബന്ധം? അന്വേഷണം ബൾഗേറിയയിലെ കേരളീയന്റെ കമ്പനിയിലേക്കും; സാമ്പത്തിക ഇടപാടിൽ ദുരൂഹത
● കൂടുതൽ തെളിവുകൾ കണ്ടെത്താൻ അന്വേഷണ ഉദ്യോഗസ്ഥർ
തിരുവനന്തപുരം: (KVARTHA) ലെബനനിൽ സെപ്റ്റംബർ 18 ബുധനാഴ്ച നടന്ന പേജർ സ്ഫോടനങ്ങളെക്കുറിച്ചുള്ള അന്വേഷണം നോർവീജിയൻ പൗരത്വമുള്ള മലയാളി റിൻസൺ ജോസിയുടെ ഉടമസ്ഥതയിലുള്ള കമ്പനിയെ കേന്ദ്രീകരിച്ച് നടക്കുന്നതായി അന്തർദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ബൾഗേറിയറുടെ തലസ്‌ഥാനമായ സോഫിയയിലാണ് കമ്പനി. പേജറുകൾ വാങ്ങുന്നതുമായി ബന്ധപ്പെട്ട് ഈ കമ്പനി സാമ്പത്തിക ഇടപാടുകളിൽ ഏർപ്പെട്ടിരുന്നു എന്നാണ് റിപ്പോർട്ടിൽ പറയുന്നത്. വയനാട് ജില്ലയിലെ മാനന്തവാടി സ്വദേശിയാണ് ജോസ്.
തയ്‌വാൻ കമ്പനിയായ ഗോൾഡ് അപ്പോളോയുടെ പേരിൽ ഹംഗറിയുടെ തലസ്‌ഥാനമായ ബുഡാപെസ്റ്റിൽ ബിഎസി കൺസൽറ്റിങ് കെഎഫ്‌ടി എന്ന പേരിൽ കമ്പനി രൂപീകരിച്ചാണ് പേജറുകൾ നിർമിച്ചത്. പേജറുകൾ വാങ്ങാനുള്ള പണം ജോസിന്റെ കമ്പനി ഹംഗറി കമ്പനിക്ക് കൈമാറിയെന്നാണ് മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്യുന്നത്.
എന്നാൽ, സ്‌ഫോടനവുമായി ബന്ധമുള്ള നേരിട്ടുള്ള തെളിവുകളൊന്നും നിലവിൽ ലഭിച്ചിട്ടില്ലെന്ന് അന്വേഷണ ഏജൻസികൾ വ്യക്തമാക്കി. പേജറുകളിൽ ഉപയോഗിച്ച സ്ഫോടകവസ്തുക്കളുൾ എന്താണെന്നുള്ളത് ഇപ്പോഴും അജ്ഞാതമായി തുടരുന്നു. റിൻസൻ ജോസിന്റെ പങ്കാളിത്തം സൂക്ഷ്മമായി പരിശോധിക്കപ്പെടുന്നുണ്ടെങ്കിലും, ഇയാൾക്ക് ഈ സംഭവവുമായി എന്തെങ്കിലും ബന്ധമുണ്ടോ എന്ന് കൃത്യമായി നിർണയിക്കാൻ കൂടുതൽ തെളിവുകൾ ആവശ്യമാണെന്ന് അധികൃതർ പറയുന്നു.
നോർവീജിയൻ ടെക് സംരംഭകനായ ജോസ് ഹിസ്ബുല്ലയ്‌ക്കെതിരെയാ നിരവധി ആക്രമണങ്ങൾക്ക് ശേഷം ദുരൂഹമായി അപ്രത്യക്ഷനായതായും ഡെയ്‌ലി മെയിൽ റിപ്പോർട്ട് ചെയ്തു. ലണ്ടനിലെ ഇമിഗ്രേഷൻ അഡ്‌വൈസറി സ്ഥാപനത്തിൽ രണ്ട് വർഷത്തോളം ജോലി ചെയ്ത ജോസ് 2015-ൽ ഓസ്‌ലോയിലേക്ക് സ്ഥലം മാറി. ആക്രമണം നടന്ന അതേ ദിവസം തന്നെ, നേരത്തെ നിശ്ചയിച്ചിരുന്ന ഒരു ബിസിനസ് യാത്രയ്ക്ക് പോയെന്നും പിന്നീട് വിവരമൊന്നും ലഭിച്ചിട്ടില്ലെന്നും പറയുന്നു.
ലെബനൻ സ്ഫോടനത്തിൽ മലയാളികൾക്ക് പങ്കുണ്ടെന്ന അന്താരാഷ്ട്ര മാധ്യമ റിപ്പോർട്ടുകൾ സംബന്ധിച്ച് ഔദ്യോഗികമായ വിവരങ്ങൾ തങ്ങൾക്ക് ലഭിച്ചിട്ടില്ലെന്ന് കേരള പൊലീസ് അധികൃതർ മാധ്യമങ്ങളോട് പ്രതികരിച്ചു. തെക്കൻ ലബനനിൽ പേജർ, വോക്കി ടോക്കി സ്ഫോടനപരമ്പരയിൽ 37 പേരാണ് മരണപ്പെട്ടത്. 3,000 പേർക്ക് പരുക്കേറ്റിട്ടുണ്ട്. ഇതിൽ 287 പേരുടെ നില ഗുരുതരമാണ്. ഇസ്രാഈലാണ് സ്ഫോടനത്തിന് പിന്നിലെന്നാണ് ഹിസ്ബുല്ലയുടെ ആരോപണം.
#LebanonExplosion#KeralaBusinessman#Investigation#Norwegian#RinsanJose