EP Jayarajan | 'എക്‌സിറ്റ് പോൾ വിധി പ്രഖ്യാപനങ്ങൾ രാഷ്ട്രീയ പ്രേരിതം', ബിജെപി അക്കൗണ്ട് തുറക്കില്ലെന്ന് ഇ പി ജയരാജൻ

 
EP Jayarajan

Facebook / EP Jayarajan

'ശാസ്ത്രീയമായ നിഗമനത്തിന്‍റെയോ ജനങ്ങളുടെ പൊതുവികാരങ്ങളെ നിരീക്ഷിച്ചോ അടിസ്ഥാനമാക്കിയല്ല എക്സിറ്റ് പോള്‍ നടത്തുന്നത്'

കണ്ണൂര്‍: (KVARTHA) രാജ്യത്ത് ബിജെപി മുന്നേറ്റം നടത്തുമെന്ന എക്സിറ്റ് പോൾ ഫലപ്രഖ്യാപനങ്ങൾ തള്ളി എൽഡിഎഫ് കൺവീനർ ഇ പി ജയരാജൻ രംഗത്തെത്തി. ഇപ്പോൾ പുറത്തു വന്ന എക്സിറ്റ് പോളുകള്‍ സംശയാസ്പദമാണ്.  ബിജെപി കേരളത്തില്‍ അക്കൗണ്ട് തുറക്കില്ല. എക്സിറ്റ് പോളുകള്‍ തയ്യാറാക്കിയവര്‍ക്ക് രാഷ്ട്രീയ ലക്ഷ്യമുണ്ടാകാം. ബിജെപിയും മോദിയും പറഞ്ഞതുപോലെയുള്ള ഫലമാണ് പുറത്ത് വന്നതെന്നും ഇപി ജയരാജൻ പറഞ്ഞു. കണ്ണൂരിൽ മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ശാസ്ത്രീയമായ നിഗമനത്തിന്‍റെയോ ജനങ്ങളുടെ പൊതുവികാരങ്ങളെ നിരീക്ഷിച്ചോ അടിസ്ഥാനമാക്കിയല്ല എക്സിറ്റ് പോള്‍ നടത്തുന്നത്. അതില്‍ രാഷ്ട്രീയ താല്‍പര്യമുണ്ടെന്ന് എൽ.ഡി.എഫ് സംശയിക്കുന്നുണ്ട്. ബിജെപി നേതാക്കൾ നേരത്തെ പറഞ്ഞതുപോലെയുള്ള പ്രവചനമാണ് ഉണ്ടായിരിക്കുന്നത്. അതിനാല്‍ തന്നെ അത് വിശ്വസനീയമല്ല. ഇതുവരെ ബിജെപി പറഞ്ഞ കാര്യങ്ങള്‍ ആവര്‍ത്തിക്കാനും ശക്തിപ്പെടുത്താനുമുള്ള ഒരു നിലപാടാണ് എല്ലാ എക്സിറ്റ് പോളുകളും സ്വീകരിച്ചിട്ടുള്ളത്.  അതുകൊണ്ട്  ഇന്ത്യ മുന്നണി നേതാക്കള്‍ പറഞ്ഞതുപോലെ വോട്ടെണ്ണല്‍ സമയത്ത് അതീവ ജാഗ്രതയുണ്ടാകണം. 

എല്ലാ മേഖലയിലും ജാഗ്രതയോടെ ചിന്തിക്കേണ്ടതുണ്ടെന്ന ഇന്ത്യ മുന്നണിയുടെ നിലപാട് ശരിവെക്കുന്നതാണ് എക്സിറ്റ് പോള്‍ ഫലം. കേരളത്തില്‍ ബിജെപിക്ക് അക്കൗണ്ട് തുറക്കാനുള്ള സാധ്യത വളരെ പരിമിതമാണ്. ജനങ്ങളുടെ പിന്തുണയുടെ അടിസ്ഥാനത്തില്‍ കേരളത്തില്‍ ബിജെപിക്ക് അക്കൗണ്ട് തുറക്കാനാകുന്നില്ല. കേരളം മതനിരപേക്ഷതയുടെ നാടാണ്. ന്യൂ ജനറേഷൻ വിദ്യാസമ്പന്നരാണ്. ലോക കാര്യങ്ങള്‍ നിരീക്ഷിക്കുന്നവരാണ്. 

അവരുടെ നിലപാട് തന്നെ മതനിരപേക്ഷതയാണ്. അതിനാല്‍ തന്നെ ബിജെപി കേരളത്തില്‍ വരാൻ ജനങ്ങള്‍ ആഗ്രഹിക്കുന്നില്ല. രണ്ടു ദിവസം മാത്രമല്ലേയുള്ളു വോട്ടെണ്ണലിന് ബാക്കിയുള്ളുവെന്നും അപ്പോള്‍ എല്ലാം വ്യക്തമാകുമെന്നും ഇപി ജയരാജൻ പ്രതികരിച്ചു. എക്സിറ്റ് പോൾ ഫലപ്രഖ്യാപനം തള്ളി പാർട്ടി സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദനും രംഗത്തുവന്നിരുന്നു. 12 സീറ്റുകൾ എൽ.ഡി.എഫിന് ലഭിക്കുമെന്ന് എം.വി ഗോവിന്ദൻ അവകാശപ്പെട്ടിരുന്നു.
 

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia