Landslide | കോഴിക്കോട് വിലങ്ങാട് വീണ്ടും ഉരുൾപൊട്ടൽ; കുടുങ്ങി കലക്ടറും!


കലക്ടർ ഉൾപ്പെടെയുള്ള സംഘം മലവെള്ളപാച്ചിലിൽ കുടുങ്ങി. അരമണിക്കൂറോളം നീണ്ട രക്ഷാപ്രവർത്തനത്തിനൊടുവിൽ ഇവരെ സുരക്ഷിതമായി പുറത്തെത്തിച്ചു.
കോഴിക്കോട്: (KVARTHA) ജില്ലയിലെ വിലങ്ങാട് മഞ്ഞചീളിൽ വീണ്ടും ഉരുൾപൊട്ടി. കഴിഞ്ഞ ദിവസം ഉരുൾപൊട്ടൽ ഉണ്ടായ അതേ സ്ഥലത്താണ് ബുധനാഴ്ച വൈകീട്ട് വീണ്ടും ദുരന്തം ഉണ്ടായത്. സ്ഥലം സന്ദർശിക്കാൻ എത്തിയ കോഴിക്കോട് കലക്ടർ ഉൾപ്പെടെയുള്ള സംഘം മലവെള്ളപാച്ചിലിൽ കുടുങ്ങി. അരമണിക്കൂറോളം നീണ്ട രക്ഷാപ്രവർത്തനത്തിനൊടുവിൽ ഇവരെ സുരക്ഷിതമായി പുറത്തെത്തിച്ചു.
കഴിഞ്ഞ ദിവസം ഉരുൾപൊട്ടലിൽ നാശനഷ്ടം സംഭവിച്ച ചാലിലൂടെ വീണ്ടും മഴവെള്ളം കുത്തി ഒലിക്കുകയായിരുന്നു. കല്ലും മണ്ണും ഉൾപ്പെടെ ഒലിച്ചിറങ്ങി. ഒമ്പത് തവണ ഉരുൾപൊട്ടിയെന്നാണ് പ്രദേശവാസികൾ പറയുന്നത്. 13 വീടുകൾ പൂർണമായും തകർന്നു. വെള്ളം കയറി നിരവധി വീടുകൾ ഭാഗികമായി തകർന്നിട്ടുണ്ട്.
അതേസമയം, കഴിഞ്ഞ ദിവസത്തെ ഉരുൾപൊട്ടലിൽ കാണാതായ മാത്യു കളത്തിൽ എന്നയാളെ കണ്ടെത്താനായില്ല. ഇദ്ദേഹത്തിന് വേണ്ടിയുള്ള തിരച്ചിൽ ഇപ്പോഴും തുടരുകയാണ്. ശക്തമായ മഴയെ തുടർന്ന് കോഴിക്കോട് ജില്ലയിലെ പലയിടങ്ങളിലും വ്യാപകമായ നാശനഷ്ടം സംഭവിച്ചിട്ടുണ്ട്.