Land Scandal | പയ്യന്നൂർ മേഖലയിലെ ബ്രാഞ്ച് സമ്മേളനങ്ങളിൽ ഭൂമി കച്ചവട വിവാദം ചർച്ചയായി; വൻതുക നേതാക്കൾ കമ്മീഷൻ വാങ്ങിയെന്ന് ആരോപണം
● സ്ഥലത്തിന്റെ ഭൂരിഭാഗവും നിലവും മറ്റൊരു ഭാഗം ഡാറ്റാ ബാങ്കില്‍ പെടുന്നത്
കണ്ണൂർ: (KVARTHA) പയ്യന്നൂർ സി.പി.എമ്മിൽ വിവാദമായി ഭൂമി കച്ചവട വിവാദം. പയ്യന്നൂർ കോഓപറേറ്റീവ് റൂറല്‍ ബാങ്കിന് 2018ല്‍ വാങ്ങിയ ഒരേക്കര്‍ സ്ഥലവുമായി ബന്ധപ്പെട്ട് പാര്‍ട്ടി നേതാക്കളായ ചിലര്‍ വന്‍തുക കമ്മിഷന്‍ വാങ്ങിയയെന്ന വിമർശനമാണ് പയ്യന്നൂര്‍ മേഖലയിലെ ബ്രാഞ്ച് സമ്മേളനങ്ങളില്‍ നിന്നും ഉയർന്നു വരുന്നത്. മൂന്നു വര്‍ഷം മുമ്പ് സെന്റിന് മൂന്നേമുക്കാല്‍ ലക്ഷം രൂപ നല്‍കി സ്വകാര്യവ്യക്തി വാങ്ങിയ സ്ഥലമാണ് സെന്റിന് 18.5 ലക്ഷം നല്‍കി ബാങ്ക് വാങ്ങിയത്.
നടപ്പുവിലയുടെ എത്രയോ ഇരട്ടിത്തുകയ്ക്ക് സ്ഥലം വാങ്ങിയതു വഴി ലക്ഷക്കണക്കിന് രൂപ ബാങ്കിന് നഷ്ടം വരുത്തിയതിനൊപ്പം ഇടനില നിന്ന പാര്‍ട്ടിയിലെ ഉന്നതന്‍ വന്‍തുക കൈക്കലാക്കിയെന്നുമാണ് ആരോപണം. നിര്‍ദിഷ്ട പുതിയ ബസ് സ്റ്റാന്‍ഡിലേക്ക് പോകുന്ന റോഡരികിലാണ് ഈ സ്ഥലം. സ്ഥലത്തിന്റെ ഭൂരിഭാഗവും നിലവും മറ്റൊരു ഭാഗം ഡാറ്റാ ബാങ്കില്‍ പെടുന്നതുമാണ്. ഇവിടെ നിര്‍മാണം ഉള്‍പ്പെടെ ഒന്നും ചെയ്യാന്‍ കഴിയില്ലെന്ന് മനസിലാക്കിയ സ്ഥലമുടമ, അങ്ങനെയൊരു സ്ഥലം വിറ്റ് ഒഴിവാക്കാന്‍ ശ്രമിക്കുന്നതിനിടയിലാണ് മതിപ്പുവിലയുടെ എത്രയോ ഇരട്ടി നല്‍കി ബാങ്കിന് വേണ്ടി ഈ ഭൂമി വാങ്ങിയത്.
നിയമപ്രകാരം കെട്ടിടം പണിയാനാവില്ല എന്നറിഞ്ഞിട്ടും, ലക്ഷങ്ങള്‍ തട്ടിയെടുക്കാന്‍ ഇടനിലക്കാരായി നിന്നത് ആരാണെന്ന് അന്വേഷിക്കണമെന്നും ബ്രാഞ്ച് സമ്മേളനങ്ങളില്‍ ആവശ്യമുയരുന്നുണ്ട്. ബ്രാഞ്ച് സമ്മേളനങ്ങളില്‍ പങ്കെടുക്കുന്ന നേതാക്കള്‍ക്കടക്കം ഇടനിലക്കാരെ അറിയാമെങ്കിലും അണികളുടെ ചോദ്യങ്ങള്‍ക്ക് ഉത്തരം പറയാനാകാതെ മൗനം പാലിക്കുകയാണെന്നാണ് ആക്ഷേപം.
നേരത്തെ പയ്യന്നൂർ ഏരിയാ കമ്മിറ്റി ഓഫിസ് നിർമ്മാണവുമായി ബന്ധപ്പെട്ട് ഫണ്ട് തട്ടിപ്പ് നടന്നുവെന്ന് ആരോപണം ഉയർന്നിരുന്നു. ഇതിന് പിന്നാലെ ധനരാജ് രക്തസാക്ഷി ഫണ്ട് പിരിവിലും ക്രമക്കേട് നടന്നതായി പാർട്ടിക്കുള്ളിൽ പരാതിയുണ്ടായിരുന്നു. ഇത്തരം വിവാദങ്ങൾക്ക് പിന്നാലെ ഭൂമി കച്ചവടത്തെ കുറിച്ചു ആക്ഷേപങ്ങൾ ഉയരുന്നത്.
#LandDeal, #CPM, #Payyannur, #PoliticalScandal, #KeralaNews, #CommissionAllegation