Allegation | 'ഐപിഎസ് ഏമാൻമാർ കുടുങ്ങും, എല്ലാ കള്ളനാണയങ്ങളും തുറന്ന് കാട്ടപ്പെടും, വരുന്നു ഒളിക്യാമറകൾ', കെ ടി ജലീലിന്റെ പദ്ധതിയെന്ത്? അൻവറിനൊപ്പമുള്ള ഫോടോയുമായി പോസ്റ്റ് 

 
KT Jaleel and PV Anvar in a meeting

Photo Credit: Facebook / Dr KT Jaleel

* സ്വർണക്കടത്തിൽ പങ്കാളികളായവരുടെ സാമ്പത്തിക സ്രോതസ്സുകൾ അടിയോടെ മാന്തിപ്പുറത്തിടുമെന്ന് ജലീൽ 
* അഴിമതിക്കാരായ ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടികൾ സ്വീകരിക്കുമെന്ന് മുന്നറിയിപ്പ് 

മലപ്പുറം: (KVARTHA) വഞ്ചകരും അഴിമതിക്കാരുമായ ഐപിഎസ് ഏമാൻമാർ കുടുങ്ങുമെന്നും എല്ലാ കള്ളനാണയങ്ങളും തുറന്ന് കാട്ടപ്പെടുമെന്നും കെ ടി ജലീൽ എംഎൽഎ. പൊലീസ് പ്രമുഖർ തൽസ്ഥാനങ്ങളിൽ നിന്ന് തൂത്തെറിയപ്പെടുമെന്നും കാക്കിയുടെ മറവിൽ എന്തും ചെയ്ത് രക്ഷപ്പെടാമെന്ന മോഹത്തിന് അന്ത്യമായിരിക്കുന്നുവെന്നും ജലീൽ കൂട്ടിച്ചേർത്തു. 

സാധാരണക്കാരെ ബുദ്ധിമുട്ടിച്ച് കൈക്കൂലി വാങ്ങുന്ന സർക്കാർ ഉദ്യോഗസ്ഥർക്കെതിരെ പൊതുപ്രവർത്തകരുടെ ഒളികാമറകൾ പ്രവർത്തിക്കുന്നുണ്ടെന്നും ജലീൽ മുന്നറിയിപ്പ് നൽകി. ചരിത്രത്തിൽ ആദ്യമായി 125-ലധികം പോലീസ് ഓഫീസർമാരെ സർവീസിൽ നിന്ന് പിരിച്ചുവിട്ട മുഖ്യമന്ത്രിയാണ് കേരളത്തെ ഭരിക്കുന്നതെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.

സ്വർണക്കടത്തിൽ പങ്കാളികളായവരുടെ സാമ്പത്തിക സ്രോതസ്സുകൾ അടിയോടെ മാന്തിപ്പുറത്തിടുമെന്നും രാത്രിയിൽ കടത്തിക്കൊണ്ടുപോയ വസ്തുക്കൾ ഏത് കടലിൽ മുക്കിത്താഴ്ത്തിയാലും കണ്ടെത്തുമെന്നും ജലീൽ അവകാശപ്പെട്ടു. പി.വി അൻവർ എംഎൽഎയുടെ ആരോപണങ്ങളിൽ അസത്യമുണ്ടെങ്കിൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥർ പരാതി നൽകണമെന്നും അല്ലെങ്കിൽ കോടതിയെ സമീപിക്കണമെന്നും ജലീൽ കൂട്ടിച്ചേർത്തു.

ഉന്നത പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ പി വി അന്‍വര്‍ എംഎല്‍എ ഉന്നയിച്ച ആരോപണങ്ങൾ വലിയ ചർച്ചയായിരിക്കുന്ന പശ്ചാത്തലത്തിലാണ് അൻവറിനൊപ്പമുള്ള ഫോടോയുമായി കെ ടി ജലീൽ ഫേസ്‌ബുക്ക് പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്. ജലീലിന്റെ അടുത്ത നീക്കമെന്താകുമെന്ന് ഉറ്റുനോക്കുകയാണ് രാഷ്ട്രീയ കേരളം.

ജലീലിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:

'ഉപ്പുതിന്നവരെ വെള്ളം കുടിപ്പിച്ചേ അടങ്ങൂ!
വഞ്ചകരും അഴിമതിക്കാരുമായ IPS ഏമാൻമാർ കുടുങ്ങും. സംശയം വേണ്ട. എല്ലാ കള്ളനാണയങ്ങളും തുറന്ന് കാട്ടപ്പെടും. ഒരിറ്റുദയപോലും അർഹിക്കാത്ത പോലീസ് പ്രമുഖ്മാർ തൽസ്ഥാനങ്ങളിൽ നിന്ന് തൂത്തെറിയപ്പെടും. കാക്കിയുടെ മറവിൽ എന്തും ചെയ്ത് തടിതപ്പാമെന്ന മോഹം സഫലമായിരുന്ന പതിറ്റാണ്ടുകൾക്ക് അന്ത്യംകുറിക്കപ്പെട്ടു കഴിഞ്ഞു. ചുമരുകൾക്ക് ജീവനുള്ള കാലമാണിത്. 'ദൈവത്തിൻ്റെ കണ്ണുകൾ' എല്ലായിടത്തും മിഴി തുറന്നിരിപ്പുണ്ട്. സ്വർണ്ണക്കടത്തിൽ പങ്കാളികളായവരുടെ സാമ്പത്തിക സ്രോതസ്സുകൾ അടിയോടെ മാന്തിപ്പുറത്തിടും. രാത്രിയുടെ അന്ത്യയാമങ്ങളിൽ കടത്തിക്കൊണ്ടു പോയ വസ്തുക്കൾ ഏത് കടലിൽ മുക്കിത്താഴ്ത്തിയാലും കണ്ടെത്തും.

സാധാരണ ജനങ്ങളെ ബുദ്ധിമുട്ടിച്ച് കൈക്കൂലി കീശയിലാക്കുന്ന സർക്കാർ ഉദ്യോഗസ്ഥർ കരുതിയിരിക്കുക.  നിങ്ങളെത്തേടി വരുന്നുണ്ട് പൊതുപ്രവർത്തകരുടെ ഒളിക്യാമറകൾ. എല്ലാം സംഭവിക്കേണ്ട പോലെത്തന്നെ സംഭവിക്കും. ആർക്കും പരിരക്ഷ കിട്ടില്ല. ചാവേറുകളാകാൻ തീരുമാനിച്ചവരെ ഒരു ശക്തിക്കും അടക്കി നിർത്താനാവില്ല. ചരിത്രത്തിലാദ്യമായി നൂറ്റിഇരുപത്തിയഞ്ചിലധികം പോലീസ് ഓഫീസർമാരെ അവരുടെ കയ്യിലിരിപ്പിൻ്റെ 'ഗുണം' കൊണ്ട്, സർവീസിൽ നിന്ന് എന്നന്നേക്കുമായി പിരിച്ചുവിട്ട മുഖ്യമന്ത്രിയാണ് കേരളം ഭരിക്കുന്നത്. 

കുറ്റവാളികൾ ആ ധീര സഖാവിൽ നിന്ന് ഒരു തരിമ്പ് പോലും അനുകമ്പ പ്രതീക്ഷിക്കേണ്ട. ചുണ്ടിനും കപ്പിനുമിടയിലെ ഏതാനും സമയത്തേക്ക് സാങ്കൽപ്പിക കഥകൾ മെനയുന്നവർ നിരാശപ്പെടും. പി.വി അൻവർ എം.എൽ.എ പറഞ്ഞതിൽ അസത്യമുണ്ടെങ്കിൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥർ പരാതി നൽകട്ടെ. അതല്ലെങ്കിൽ കോടതിയെ സമീപിക്കട്ടെ. അപ്പോൾ കാണാം സംഘികൾ കലക്കിയാൽ കലങ്ങാത്ത 'തൃശൂർപൂരം'.


 

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia