Controversy | കിയാൽ വാർഷിക പൊതുയോഗം വീണ്ടും ഓൺലൈനായി; പ്രതിഷേധവുമായി ഓഹരി ഉടമകൾ
● ഓഹരി ഉടമകൾ കേന്ദ്ര സർക്കാരിനും മുഖ്യമന്ത്രിയ്ക്കും പരാതി നൽകി.
● കമ്പനിയുടെ ക്രമക്കേടുകളും അഴിമതികളും ചൂണ്ടിക്കാട്ടിയാണ് പരാതി.
● വികസന പദ്ധതിയിൽ പങ്കാളികളായ ഓഹരി ഉടമകളെ അവഗണിക്കുന്നെന്ന് ആരോപണം
● കിയാൽ വാർഷിക പൊതുയോഗം 23ന് ഓൺലൈനായി.
കണ്ണൂർ: (KVARTHA) കണ്ണൂർ വിമാനത്താവള കമ്പനിയുടെ വാർഷിക ജനറൽ ബോഡി യോഗം ഈ മാസം 23 ന് ഓൺലൈൻ മുഖാന്തിരം ചേരാനുള്ള മാനേജ്‌മെന്റ് തീരുമാനത്തിനെതിരെ ഓഹരി ഉടമകൾ കേന്ദ്ര കോർപ്പറേറ്റ് മന്ത്രാലയത്തിനും കമ്പനി ചെയർമാനുമായ മുഖ്യമന്ത്രി പിണറായി വിജയനും പരാതി നൽകിയതായി കിയാൽ ഷെയർ ഹോൾഡേർസ് അസോസിയേഷൻ ഭാരവാഹികൾ കണ്ണൂർ പ്രസ് ക്ലബിൽ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
കിയാലിന്റെ ഇതുവരെയുള്ള വിവിധ ക്രമക്കേടുകളും അഴിമതികളും ഓഹരി ഉടമകൾക്ക് നേരിട്ട് ബോധ്യപ്പെടുത്താനുള്ള ന്യായമായ അവകാശ ലംഘനമാണ് ചുരുങ്ങിയ സമയം മാത്രം അനുവദിച്ച് ചുരുക്കംപേർക്ക് മാത്രം പങ്കെടുക്കാൻ അവസരം ലഭിക്കുന്നതെന്ന് പരാതിയിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. 23നാണ് വാർഷിക ജനറൽ ബോഡി യോഗം നടക്കുന്നത്. വിമാനത്താവള വികസനത്തിന് ധാരാളം പണം ഓഹരിയിലൂടെ നേടുകയും ആയത് യാഥാർത്ഥ്യമാകുന്നതിന് കിയാൽ അധികൃതർ തടസ്സം നിൽക്കുകയാണെന്നും പരാതിയിൽ സൂചിപ്പിക്കുന്നുണ്ട്.
കരാർ നൽകുന്ന മാനേജരിയൽ തസ്തിക നിയമനത്തിലും നിയമ വിരുദ്ധമായാണ് പ്രവർത്തിക്കുന്നത്. വികസന പദ്ധതിയിൽ പങ്കാളികളായ ഓഹരി ഉടമകളെ സമരത്തിലേക്കും നിയമ പോരാട്ടത്തിലേക്കും തള്ളിവിടുന്ന അധികൃത നിലപാടിനെതിരെ മുഴുവൻ ജനാധിപത്യ വിശ്വാസികളേയു സംഘടിപ്പിക്കുന്നതിന് അസോസിയേഷൻ നേതൃത്വം നൽകുമെന്നും ചെയർമാൻ അബ്ദുൽ ഖാദർ പനങ്ങാട്ട് പറഞ്ഞു.
മടന്നൂരിൽ രാജീവ് ജോസഫ് നടത്തുന്ന ആക്ഷൻ കൗൺസിലിന്റെ നിരാഹാര സമരത്തിന് അസോസിയേഷൻ ഐക്യദാർഡ്യം പ്രഖ്യാപിക്കുകയും സമരവേദിയിൽ പങ്കാളികളാവുകയും ചെയ്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. സി പി സലീം, കെ പി മോഹനൻ, മജീദ് പി സി ജോസ് എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.
#KIAL #KannurAirport #AGM #shareholders #protest #Kerala #corruption #aviation