Legend | കേരളത്തിനായി രഞ്ജി ട്രോഫി കളിച്ച ഏറ്റവും പ്രായം കുറഞ്ഞ കളിക്കാരൻ ആരാണ്? 67 വർഷമായി തകരാത്ത ഒരു അപൂർവ റെക്കോർഡ്!
* 15-ാം വയസ്സിൽ രഞ്ജി ട്രോഫിയിൽ അരങ്ങേറ്റം
* ബാലൻ പണ്ഡിറ്റിന്റെ ശിഷ്യൻ
* ഒരു കാലത്തെ മികച്ച സ്പിന്നർ
ഡോണൽ മൂവാറ്റുപുഴ
(KVARTHA) ക്രിക്കറ്റ് മലയാളിക്ക് എന്നും ഹരമാണ്. ചെറുപ്പക്കാർ മുതൽ പ്രായമായവർ വരെ ഇന്ന് ഇവിടെ ഈ കളി ആസ്വദിക്കുന്നുണ്ടെന്ന് പറയാം. ഒരു കാലത്ത് ഫുട്ബോൾ ആയിരുന്നു ജനപ്രിയം എങ്കിലും അതിനൊപ്പം അല്ലെങ്കിൽ അതിനു മുകളിലോ വളർന്നിരിക്കുന്നു ക്രിക്കറ്റും. മുതിർന്ന ആളുകളിൽ പലരും ഫുട്ബോൾ പ്രേമികൾ ആകുമ്പോൾ ഇന്നത്തെ പുതിയ ജനറേഷനിൽ അധികവും ക്രിക്കറ്റ് കളിയെ പ്രണയിക്കുന്നതാണ് കണ്ടുവരുന്നത്. പല വലിയ കളിക്കാരും ക്രിക്കറ്റിലും മറ്റും ഇവിടെ നിന്ന് വളർന്ന് വരുന്നുണ്ട്. പലരും ഇത്തരത്തിലുള്ളവരുടെ ആരാധകരും ആകുകയും ചെയ്യുന്നു.
എന്നാൽ ഒരുകാലത്തിന് ശേഷം ഇങ്ങനെ വളർന്നുവന്ന് ചരിത്രം രചിച്ച പലരും വിസ്മൃതിയിലാവുകയാണ് ചെയ്യുന്നത്. പിന്നീട് അവരെക്കുറിച്ച് ഒരു ഓർമ്മപ്പെടുത്തലോ ഓർമ്മ പുതുക്കലോ ഒന്നും കാണുകയുമില്ല. അങ്ങനെ വിസ്മൃതിയിലായ പല മിടുക്കരും ഇന്നും നമ്മുടെ ഇടയിൽ ജീവിച്ചിരിക്കുന്നു എന്നതാണ് സത്യം. അങ്ങനെയൊരാളെ പരിചയപ്പെടുത്തുകയാണ് ഇവിടെ ലക്ഷ്യം വെയ്ക്കുന്നത്. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ അരങ്ങേറിയ ഏറ്റവും പ്രായം കുറഞ്ഞ വ്യക്തി അലീമുദ്ദീൻ ആണെന്നും പലർക്കും അറിയാം. എന്നാൽ, കേരളത്തിനായി രഞ്ജി ട്രോഫി കളിച്ച ഏറ്റവും പ്രായം കുറഞ്ഞ കളിക്കാരൻ ആരാണ്? എന്ന ഒരു ചോദ്യമുയർത്തിക്കൊണ്ട് ഇറങ്ങിയ ഒരു കുറിപ്പാണ് ഇപ്പോൾ സോഷ്യൽ മീഡിയായിൽ വൈറൽ ആയിക്കൊണ്ടിരിക്കുന്നത്.
കുറിപ്പിൽ പറയുന്നത്: 'അന്താരാഷ്ട്ര ക്രിക്കറ്റ് കളിച്ച ഏറ്റവും പ്രായം കുറഞ്ഞയാൾ ഹസൻ റാസയാണെന്ന് മിക്കവർക്കും അറിവുണ്ടായിരിക്കും. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ അരങ്ങേറിയ ഏറ്റവും പ്രായം കുറഞ്ഞ വ്യക്തി അലീമുദ്ദീൻ ആണെന്നും പലർക്കും അറിയാം. എന്നാൽ, കേരളത്തിനായി രഞ്ജി ട്രോഫി കളിച്ച ഏറ്റവും പ്രായം കുറഞ്ഞ കളിക്കാരൻ ആരാണ്? മുൻ കേരളാ താരങ്ങളായ പി ബാലചന്ദ്രനും എസ് സന്തോഷും പറഞ്ഞു തന്ന വഴിയിലൂടെ ആ ചോദ്യത്തിനുത്തരം തേടിയുള്ള യാത്ര അവസാനിക്കുന്നത് ചങ്ങനാശ്ശേരിയിലാണ്. പ്രഫുൽ ചന്ദ്ര വർമ എന്ന പി സി വർമയുടെ അടുത്ത്.
1942 ഒക്ടോബർ 8 നു തിരുവല്ലയിൽ ജനിച്ച വർമ്മ കേരളത്തിനായി തൻ്റെ ആദ്യ ഫസ്റ്റ് ക്ലാസ് മത്സരം കളിച്ചത് 1957 ൽ തൻ്റെ പതിനഞ്ചാം വയസ്സിൽ ഹൈദരാബാദിനെതിരെയാണ്. 67 വർഷമായി ഇന്നും ഈ റെക്കോർഡ് തകർക്കപ്പെട്ടിട്ടില്ല. തൻ്റെ പതിനാലാം വയസ്സിൽ പൂജാ ക്രിക്കറ്റിൽ എറണാകുളം ക്രിക്കറ്റ് ക്ലബിനായി അരങ്ങേറിയ ഇടംകയ്യൻ സ്പിന്നറായ വർമ ആ വർഷത്തെ 'മോസ്റ്റ് പ്രോമിസിങ്ങ് യങ്ങ്സ്റ്റർ' അവാർഡ് നേടി. അടുത്ത വർഷവും മികച്ച പ്രകടനം നടത്തിയതോടെ കേരളാ ക്യാപ്റ്റനായിരുന്ന കേളപ്പൻ തമ്പുരാൻ വീട്ടിലെത്തി പ്രഫുൽ വർമയെ കേരളാ ടീമിലെടുക്കാൻ അച്ഛനോട് അനുവാദം ചോദിച്ചു.
ഹൈദരാബാദിൽ ഫത്തേഹ് മൈതാനത്ത് ദക്ഷിണേന്ത്യാ സ്കൂൾസ് ടൂർണമെൻ്റ് കളിച്ച് മടങ്ങുകയായിരുന്ന പിസി വർമ, ട്രെയിൻ എറണാകുളത്ത് എത്താറായപ്പോഴാണ് തന്നെ ടീമിലെടുത്ത വാർത്ത പത്രത്തിൽ നിന്നും അറിയുന്നത്. വീണ്ടും ഹൈദരാബാദിലേക്ക്. അവർക്കെതിരെ 1957 ൽ രഞ്ജി ട്രോഫിയിൽ അരങ്ങേറ്റം. ഇന്ത്യൻ താരം ഗുലാം അഹമ്മദിൻ്റെ അടക്കം രണ്ടു വിക്കറ്റും നേടി. തലശ്ശേരിയിൽ ആന്ധ്രക്കെതിരെ തൻ്റെ അടുത്ത മത്സരം കളിച്ച വർമ്മ പ്രീ യൂണിവേഴ്സിറ്റി (ഇന്നത്തെ പ്ലസ് ടു) പഠന കാലത്ത് രണ്ട് മത്സരങ്ങൾ കൂടി കേരളത്തിനായി കളിച്ചു. തുടർന്ന് ബോംബെ നേവൽ ഡോക് യാർഡിൽ അപ്രൻ്റീസായി ഉപരിപഠനം തേടി.
ആ കാലത്ത് ബോംബെ പ്രാദേശിക ക്രിക്കറ്റിൽ 'എ' ഡിവിഷനിൽ സമ്മർ ഷീൽഡ് ടൂർണമെൻ്റിൽ കളിച്ചു. തൻ്റെ ടീം ഫൈനലിൽ കളിക്കുന്ന സമയത്തുണ്ടായ രസകരമായ ഒരു സംഭവവും അദ്ദേഹം പങ്കുവയ്ക്കുന്നുണ്ട്. ആസാദ് മൈതാനിയിൽ ഫൈനൽ മത്സരം വീക്ഷിക്കാൻ വന്ന കേരളാ ക്രിക്കറ്റിലെ ആചാര്യൻ ബാലൻ പണ്ഡിറ്റ്, മത്സര ശേഷം അവിടവിടെയായി ചുറ്റിക്കറങ്ങി നടന്ന പ്രഫുൽ വർമ്മയെ അടുത്ത്. വിളിച്ചു പറഞ്ഞു - 'ആ തോറ്റ ടീമിനായി അഞ്ചു വിക്കറ്റെടുത്ത ലെഫ്റ്റ് ആം ബൗളറെ കണ്ടു പഠിക്ക്, he is bowling brilliantly', പ്രഫുൽ വർമ്മ വെളിപ്പെടുത്തും വരെ ബാലൻ പണ്ഡിറ്റ് അറിഞ്ഞിരുന്നില്ല, താൻ സംസാരിക്കുന്നത് ആ ബ്രില്യൻ്റ് ബോയ് യോടാണെന്ന്.
ആയിടയ്ക്ക് മൈസൂർ ക്യാപ്റ്റൻ ലിംഗനാഥ് സുബ്ബുവിൻ്റെയും പ്രശംസക്കു പാത്രമായി വർമ്മ, കേരളത്തെ മാത്രമല്ല മറ്റു സംസ്ഥാനങ്ങളെയും പ്രതിനിധീകരിക്കാൻ കഴിവുള്ളയാളാണ് വർമ്മ എന്നായിരുന്നു സുബ്ബുവിൻ്റെ വിലയിരുത്തൽ. ബാലൻ പണ്ഡിറ്റിൻ്റെ ഉപദേശമനുസരിച്ച് വീണ്ടും കേരളത്തിനായി കളി തുടർന്ന അദ്ദേഹം 1964-65 സീസൺ വരെ 11 രഞ്ജി ട്രോഫി മൽസരങ്ങൾ കളിച്ചു. തിരിച്ചു ബോംബെയിലേക്ക് പോയ അദ്ദേഹം പിന്നീട് ലണ്ടനിലെ ഷിപ്പിങ്ങ് കമ്പനിയിൽ സേവനമനുഷ്ഠിച്ചു. റിട്ടയർമെൻ്റിനു ശേഷം സാഹിത്യ ലോകത്തേക്ക് തിരിഞ്ഞ അദ്ദേഹം പുസ്തകങ്ങൾ രചിച്ചതിനൊപ്പം 1987 -97 കാലത്ത് മനോരമ, ദീപിക എന്നീ പത്രങ്ങളിൽ അഞ്ഞൂറിലധികം ലേഖനങ്ങളും എഴുതി. റിട്ടയർ ചെയ്ത ശേഷവും (40 വയസ്സിനു ശേഷവും) കോട്ടയത്ത് ക്ലബ് ക്രിക്കറ്റിൽ അദ്ദേഹം സജീവമായിരുന്നു'.
ഭാര്യയോടൊപ്പം ചങ്ങനാശ്ശേരിയിൽ താമസിക്കുന്ന അദ്ദേഹത്തിൻ്റെ രണ്ടു പുത്രിമാരും വിദേശത്താണ്. സരസമായി സംസാരിക്കുന്ന അദ്ദേഹത്തോടൊത്തുള്ള നിമിഷങ്ങൾ ഏതൊരാൾക്കും പ്രിയപ്പെട്ടതാവാനേ വഴിയുള്ളൂ. ഇങ്ങനെയാണ് ഈ കുറിപ്പ് അവസാനിക്കുന്നത്. ഇന്നത്തെ ഇവിടുത്തെ ക്രിക്കറ്റ് പ്രേമികൾക്ക് പോലും ഇത് പുതിയൊരു അറിവ് ആയിരിക്കാം. ഒരാളെ എത്ര മറയ്ക്കാൻ ശ്രമിച്ചാലും കാലം ഇന്നല്ലെങ്കിൽ നാളെ അത് പുറത്തുകൊണ്ടുവരുമെന്ന് വെളിവാക്കുന്നതാണ് ഈ വരികൾ. എന്നും ഇതുപോലെയുള്ള ആളുകളെ ഓർക്കുന്നതും അവരുടെ സംഭാവനകളെ സ്മരിക്കുന്നതും വളർന്നു വരുന്ന പുതിയ തലമുറയ്ക്ക് ഒരു പ്രചോദനമായിരിക്കും.