Found Dead | ഗര്‍ഭിണിയായ വിവരവും പ്രസവിച്ച വിവരവും വീട്ടുകാരെ അറിയിച്ചില്ല; നവജാത ശിശുവിന്റെ മരണവുമായി ബന്ധപ്പെട്ട് യുവതിയുടെ ആണ്‍സുഹൃത്ത് അടക്കം 2 പേര്‍ കസ്റ്റഡിയില്‍ 

 
Newborn death, pregnancy, arrest, Kerala, India, infant, murder, investigation

Representational Image Generated By Meta AI

സംഭവം പുറത്തുവന്നത് ആശുപത്രി അധികൃതര്‍ സംശയം തോന്നി ചോദ്യം ചെയ്തതോടെ 
 

ആലപ്പുഴ: (KVARTHA) തകഴി കുന്നമ്മയില്‍ നവജാത ശിശുവിന്റെ മരണവുമായി ബന്ധപ്പെട്ട് മാതാവായ യുവതിയുടെ ആണ്‍സുഹൃത്ത് അടക്കം രണ്ടു പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. കുഞ്ഞിന്റെ അമ്മയായ 22 കാരി പൊലീസിന് നല്‍കിയ നിര്‍ണായക മൊഴിയെ തുടര്‍ന്നാണ് ഇരുവരേയും കസ്റ്റഡിയില്‍ എടുത്തത്. 


പ്രസവത്തോടെ കുഞ്ഞ് മരിച്ചെന്നും മൃതദേഹം മറവുചെയ്യാനായി ആണ്‍സുഹൃത്തിനെ ഏല്‍പ്പിച്ചെന്നുമാണ് യുവതി പൊലീസിന് മൊഴി നല്‍കിയത്. സംഭവവുമായി ബന്ധപ്പെട്ട്  തകഴി പൊലീസ് സ്റ്റേഷന്‍ പരിധിയിലെ തോമസ് ജോസഫ് (24), സുഹൃത്ത് അശോക് ജോസഫ് (30) എന്നിവരെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. തോമസ് ജോസഫിന്റെ പൂച്ചക്കല്‍ സ്വദേശിനിയായ പെണ്‍സുഹൃത്താണ് കുഞ്ഞിന് ജന്മം നല്‍കിയത്. 

ഈ മാസം ഏഴിനാണ് യുവതി പെണ്‍കുഞ്ഞിനെ പ്രസവിച്ചത്. തുടര്‍ന്ന് ആണ്‍സുഹൃത്തിനെ ഏല്‍പിക്കുകയും ആണ്‍സുഹൃത്തും അയാളുടെ സുഹൃത്തും ചേര്‍ന്ന് മൃതദേഹം മറവുചെയ്തു എന്നുമാണ് യുവതി പൊലീസിന് നല്‍കിയ മൊഴി.   പ്രതികളെ ചോദ്യം ചെയ്ത ശേഷം ഞായറാഴ്ച ഉച്ചയ്ക്ക് ശേഷം പൂച്ചക്കല്‍ പൊലീസിന്റെ സാന്നിധ്യത്തില്‍ മൃതദേഹം പുറത്തെടുക്കും. യുവതിയുടെ മൊഴിയെ തുടര്‍ന്ന് സ്ഥലത്ത് പൊലീസ് കാവല്‍ ഏര്‍പ്പെടുത്തിയിരുന്നു.


ഓഗസ്റ്റ് ഏഴിന് വീട്ടില്‍ പ്രസവിച്ച യുവതി കുഞ്ഞിനെ യുവാവിന്റെ കൈകളില്‍ കൊടുത്തുവിടുകയായിരുന്നു എന്നാണ് പ്രാഥമിക വിവരം. വയറുവേദനയെ തുടര്‍ന്ന് ഓഗസ്റ്റ് പത്തിന് യുവതി എറണാകുളത്തെ ആശുപത്രിയില്‍ ചികിത്സ തേടി. എന്നാല്‍ സംശയം തോന്നിയ ആശുപത്രി അധികൃതര്‍ കൂടുതല്‍ ചോദ്യം ചെയ്തപ്പോഴാണ് പ്രസവിച്ചെന്നും കുട്ടിയെ അമ്മത്തൊട്ടിലില്‍ ഏല്‍പ്പിച്ചെന്നും പറയുന്നത്. 

ആശുപത്രി അധികൃതര്‍ വിവരം പൊലീസില്‍ അറിയിക്കുകയായിരുന്നു.  തുടര്‍ന്ന് വനിതാ പൊലീസ് ഉദ്യോഗസ്ഥരെത്തി കൂടുതല്‍ ചോദ്യം ചെയ്തു. അപ്പോഴാണ് കുഞ്ഞിനെ കുഴിച്ചുമൂടിയ കാര്യം യുവതി വെളിപ്പെടുത്തിയത്. പെണ്‍കുട്ടിയുടെ സുഹൃത്തായ തോമസിനെയും സുഹൃത്തിനെയും പൊലീസ് കസ്റ്റഡിയിലെടുക്കുകയും ചെയ്തു.

കസ്റ്റഡിയിലുള്ളവരെ തകഴി കുന്നുമ്മയിലുള്ള സ്ഥലത്തെത്തിച്ച് തെളിവെടുത്തു. കുട്ടിയെ കൊലപ്പെടുത്തിയതാണോ, പ്രസവത്തില്‍ മരിച്ചതാണോയെന്ന് പോസ്റ്റ്‌മോര്‍ടത്തിന് ശേഷം മാത്രമേ വ്യക്തമാകൂ. യുവതി ആശുപത്രിയില്‍ ചികിത്സയില്‍ തുടരുകയാണ്. 

രാജസ്താനില്‍ പഠിച്ചുകൊണ്ടിരുന്നപ്പോഴാണ് പെണ്‍കുട്ടിയും തോമസും തമ്മില്‍ പ്രണയത്തിലാകുന്നതെന്ന് പൊലീസ് പറഞ്ഞു. ഒന്നരവര്‍ഷമായി തിരുവനന്തപുരത്ത് ജോലി ചെയ്തു വരുകയായിരുന്നു. ഗര്‍ഭിണിയാണെന്ന വിവരം ഇവര്‍ വീട്ടുകാരെ അറിയിച്ചിരുന്നില്ല.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia