ആറളം ഫാമില്‍ തമ്പടിച്ച 18 കാട്ടാനകളെ വനത്തിലേക്ക് തുരത്തി ഓടിച്ചു

 


കാക്കയങ്ങാട്: (www.kvartha.com 03.05.2020) ആറളം ഫാമില്‍ വിവിധ മേഖലകളിലായി തമ്പടിച്ച 18 കാട്ടാനകളെ വനത്തിലേക്ക് തുരത്തിയോടിച്ചു. കഴിഞ്ഞ ഒരാഴ്ചയായി തുടരുന്ന പരിശ്രമത്തിനൊടുവിലാണ് ആറളം ഡിഎഫ്ഒ എ സജ്‌നയുടെ നേതൃത്വത്തിലുള്ള വനപാലകസംഘം ആനകളെ കോട്ടപ്പാറവഴി ആറളം വന്യജീവി സങ്കേതത്തിന്റെ ഭാഗമായ വനത്തിലേക്ക് തുരത്തിവിട്ടത്. രണ്ട് ആനകളെക്കൂടി തുരത്താനുണ്ടെന്നും അവയെ കണ്ടെത്തി കാട്ടിലേക്ക് തുരത്താനുള്ള നടപടികള്‍ പുരോഗമിച്ചുവരികയാണെന്നും വനംവകുപ്പധികൃതര്‍ പറഞ്ഞു.

ആറളം, കൊട്ടിയൂര്‍ റേഞ്ചുകളിലെ വനപാലകരുടെ നേതൃത്വത്തില്‍ റാപ്പിഡ് റസ്‌പോണ്‍സ് ടീം ഉള്‍പ്പെടെ അറുപതോളം വരുന്ന വനപാലകസംഘമാണ് ആറളം വൈല്‍ഡ് ലൈഫ് അസി. വാര്‍ഡന്‍ എ സോളമന്‍, ഡെപ്യൂട്ടി റേഞ്ചര്‍ ജയേഷ് ജോസഫ്, കൊട്ടിയൂര്‍ റേഞ്ചര്‍ കെ ബിനു എന്നിവരുടെ നേതൃത്വത്തില്‍ അഞ്ചു സംഘങ്ങളായി തിരിഞ്ഞ് ആനകളെ തുരത്തുന്നത്.കഴിഞ്ഞ ഞായറാഴ്ച ഫാം ജീവനക്കാരനായ നാരായണന്‍ കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടിരുന്നു. ഇതിനെത്തുടര്‍ന്ന് വനംവകുപ്പിനെതിരെ ശക്തമായ പ്രതിഷേധമുയര്‍ന്നിരുന്നു. ഇതോടെയാണ് കാട്ടാനകളെ വനത്തിലേക്ക് തുരത്തിവിടാനുള്ള നടപടികള്‍ വനംവകുപ്പ് പുനരാരംഭിച്ചത്.

ആറളം ഫാമില്‍ തമ്പടിച്ച 18 കാട്ടാനകളെ വനത്തിലേക്ക് തുരത്തി ഓടിച്ചു

നേരത്തെ ഫാമില്‍ ആനകളുടെ ആക്രമണത്തില്‍ ആദിവാസികളടക്കം ആറോളം പേര്‍ കൊല്ലപ്പെട്ടിരുന്നു. ഈ സമയങ്ങളിലൊക്കെ ശക്തമായ പ്രതിഷേധങ്ങള്‍ക്ക് പ്രദേശം സാക്ഷ്യം വഹിച്ചിരുന്നു. ആറളം വന്യജീവി സങ്കേതത്തില്‍ നിന്ന് ഫാമിലെത്തി തമ്പടിക്കുന്ന കാട്ടാനകളാണ് ഫാമില്‍ നിരന്തരം പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചിരുന്നത്.ഓരോ സംഭവത്തിനുശേഷവും ആനകളെ വനത്തിലേക്ക് തുരത്തിവിട്ടിരുന്നെങ്കിലും വീണ്ടും ഫാമിലെത്തി പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുകയായിരുന്നു. വനത്തിലേക്ക് കടത്തിവിട്ട ആനകള്‍ തിരിച്ചുവരാതിരിക്കാന്‍ വനാതിര്‍ത്തി മേഖലകളില്‍ വനംവകുപ്പ് ശക്തമായ നിരീക്ഷണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.

Keywords:  News, Kerala, Elephant, Elephant attack, Wild Elephants, forest, Aralam farm, Attack, Killed, Forest Department, Wild elephant in Aralam farm
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia