രണ്ടാം പിണറായി സര്‍കാരിന് എന്തിനാണിത്ര ഭയം?

 


ആദിത്യന്‍

തിരുവനന്തപുരം: (www.kvartha.com 26.01.2022) ജനക്ഷേമകരമായ പ്രവര്‍ത്തനങ്ങള്‍ക്ക് തുടര്‍ച വേണമെന്ന് ആഗ്രഹിച്ചാണ് ജനം എല്‍ഡിഎഫ് സര്‍കാരിന് പിന്തുടര്‍ച നല്‍കിയത്. എന്നാല്‍ ജനവിരുദ്ധവും അഴിമതി മൂടിവയ്ക്കലും അഴിമതിയും ക്രമക്കേടും കണ്ടെത്താനുമുള്ള സംവിധാനങ്ങളെയാകെ അട്ടിമറിക്കുന്ന കാഴ്ചയാണ് രണ്ടാമൂഴത്തില്‍ കാണുന്നത്.

സര്‍കാര്‍ സ്വപ്ന പദ്ധതിയെന്ന് പ്രഖ്യാപിച്ച കെ റെയിലിന്റെ കാര്യമെടുക്കാം, ഇതേക്കുറിച്ച് പലതും മറച്ചുവയ്ക്കുന്നു. ജനങ്ങളെ വിശ്വാസത്തിലെടുക്കാതെ വെല്ലുവിളിച്ചുകൊണ്ട് ഇതുമായി മുന്നോട്ട് പോകാനാകില്ലെന്ന് ഹൈകോടതി തന്നെ നിരീക്ഷിച്ചു. വിശദമായ പദ്ധതി റിപോര്‍ട് (ഡിപിആര്‍) പോലും തുടക്കത്തില്‍ പുറത്തുവിടാന്‍ തയ്യാറായില്ല. അന്തിമ അനുമതി കേന്ദ്രസര്‍കാര്‍ നല്‍കും മുമ്പ് പദ്ധതിയുടെ കാര്യങ്ങള്‍ ധൃതിപിടിച്ച് നടപ്പാക്കുകയും ചെയ്യുന്നു. ഇതിലൊക്കെ പൊതുജനവും പ്രതിപക്ഷവും സംശയിച്ചാല്‍ അവരെ കുറ്റംപറയാനാകില്ല. എന്നാല്‍ വിമര്‍ശനം ഉന്നയിക്കുന്നവരെ വികസനവിരോധികളെന്ന് മുദ്രകുത്തുകയാണ് സര്‍കാരും സിപിഎമും. പദ്ധതിയില്‍ സുതാര്യതയില്ലെങ്കില്‍ പലതും മറച്ചുവെയ്ക്കും, അത് ജനം അറിയാന്‍ തിടുക്കം കാണിക്കുമ്പോള്‍ സര്‍കാര്‍ ഭയക്കും.

രണ്ടാം പിണറായി സര്‍കാരിന് എന്തിനാണിത്ര ഭയം?

സര്‍കാരിനെ സംബന്ധിച്ച കാര്യങ്ങള്‍ അറിയുന്നതിനും അഴിമതി പുറത്തുകൊണ്ടുവരുന്നതിനും ജനങ്ങള്‍ക്ക് ഏറെ ഉപകാരപ്രദമായ നിയമമാണ് വിവരാവകാശ നിയമം. അതിന്റെ കടയ്ക്കല്‍ കത്തിവച്ചിരിക്കുകയാണ് സര്‍കാര്‍. അപേക്ഷ നല്‍കിയാല്‍ കോവിഡിന്റെ പേര് പറഞ്ഞ് പലതിനും മറുപടി നല്‍കില്ല. കെ റെയിലിനെ സംബന്ധിച്ച ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കേണ്ടെന്ന് വിവരാവകാശ കമീഷന്‍ നിലപാടെടുത്തു. സത്യം പുറത്തുവരുമെന്ന് ഭയന്നാണിതെന്ന് പ്രതിപക്ഷം ആരോപിച്ചാല്‍ കുറ്റപ്പെടുത്താനാവില്ല.

അഴിമതി പുറത്തുകൊണ്ടുവരുന്നതിനാണ് വിജിലന്‍സ് വകുപ്പ്. സര്‍കാരുമായി അടുത്തുനില്‍ക്കുന്ന ഉദ്യോഗസ്ഥര്‍ക്കും മറ്റുമെതിരെ യാതൊരുനടപടിയും എടുക്കാന്‍ വിജിലന്‍സ് തയ്യാറാകുന്നില്ലെന്നാണ് പൊതുവെയുള്ള ആക്ഷേപം. അഴിമാക്കാര്‍ക്ക് ഭയമായിരുന്ന വകുപ്പിന് തന്നെ പലരെയും തൊടാന്‍ ഭയമായിരിക്കുന്നു.

മാധ്യമങ്ങളിലൂടെ അഴിമതി സംബന്ധിച്ച നിരവധി വാര്‍ത്തകള്‍ പുറത്തുവരുന്നുണ്ട്. എന്നാല്‍ ഭരണസിരാകേന്ദ്രമായ സെക്രടറിയേറ്റില്‍ സുതാര്യ മാധ്യമപ്രര്‍ത്തനത്തിനുള്ള അന്തരീക്ഷം നിലവിലില്ല. മാധ്യമപ്രവര്‍ത്തകര്‍ ഏതെങ്കിലും ഉദ്യോഗസ്ഥനെ കാണാന്‍ സെക്രടറിയേറ്റിലെത്തിയാല്‍ സെക്യൂരിറ്റി തടയും. ആരെയാണ് കാണാന്‍ പോകുന്നതെന്ന് ചോദിക്കും, എന്നിട്ട് ആ ഉദ്യോഗസ്ഥന്‍ സെക്യൂരിറ്റി ഓഫീസില്‍ വിളിച്ച് പറഞ്ഞാലെ കടത്തിവിടൂ. ഇങ്ങിനെ ഏതെങ്കിലും ഉദ്യോഗസ്ഥനെ കാണാന്‍ ചെന്നാല്‍ വാര്‍ത്ത കിട്ടുമോ? സര്‍കാര്‍ ആരെയാണ് ഭയക്കുന്നത്? പല മാധ്യമപ്രവര്‍ത്തകരും ഇക്കാര്യം ചോദിക്കാന്‍ തുടങ്ങിയിട്ട് നാളേറെയായി.

ഏറ്റവും ഒടുവിലിതാ ലോകായുക്തയുടെ ചിറകും സര്‍കാര്‍ അരിഞ്ഞുവീഴ്ത്തുന്നു. വെറും 50 രൂപയുണ്ടെങ്കില്‍ ആര്‍ക്കും കേസ് ഫയല്‍ ചെയ്യാനുള്ള സംവിധാനമായിരുന്നു. വക്കീലിനെ വയ്ക്കാന്‍ കാശില്ലെങ്കില്‍ സ്വന്തമായി വാദിക്കാമായിരുന്നു. മുഖ്യമന്ത്രിക്കും 16 മുന്‍ മന്ത്രിമാര്‍ക്കുമെതിരെ ലോകായുക്തയില്‍ കേസുണ്ട്. മുന്‍ മുഖ്യമന്ത്രി ഇ കെ നായനാരുടെ നേതൃത്വത്തിലുള്ള ഗവണ്‍മെന്റാണ് ലോകായുക്തയിലെ വ്യവസ്ഥകള്‍ ശക്തമാക്കിയത്. അത് ശരിയല്ലെന്നാണ് സിപിഎം ഇപ്പോള്‍ പറയുന്നത്. ശരിക്കും എന്തിനാണ് സര്‍കാര്‍ ഭയക്കുന്നതെന്ന് ജനത്തിന് മനസിലായിട്ടുണ്ട്.

Keywords:  Thiruvananthapuram, News, Kerala, Pinarayi-Vijayan, Central Government, Government, Why is the second Pinarayi government so scared?
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia