Criticized | പ്ലസ് വണിന് സീറ്റ് ലഭിക്കാത്തതില്‍ മനംനൊന്ത് വിദ്യാര്‍ഥിനി മരിച്ച സംഭവം: ഒന്നാംപ്രതി വിദ്യാഭ്യാസ മന്ത്രിയെന്ന് വെല്‍ഫെയര്‍ പാര്‍ടി; പ്രതിഷേധവുമായി ഫ്രറ്റേണിറ്റി മൂവ് മെന്റും
മലപ്പുറത്ത് കാലങ്ങളായി പ്ലസ് വണിന് സീറ്റ് ലഭിക്കാതെ പതിനായിരക്കണക്കിന് കുട്ടികള്‍ പുറത്തിരിക്കേണ്ടിവരുന്നു
നിരന്തരമായി മലപ്പുറത്തെ രാഷ്ട്രീയ മത സാമൂഹിക സംഘടനകളൊക്കെ ഈ വിഷയം ഉന്നയിച്ച് പ്രക്ഷോഭങ്ങള്‍ നടത്തിയിട്ടും സര്‍കാര്‍ കണ്ണു തുറന്നിട്ടില്ലെന്ന് നേതാക്കള്‍
മലപ്പുറം: (KVARTHA) രണ്ടാം ഘട്ട അലോട് മെന്റിന് ശേഷവും സീറ്റ് ലഭിക്കാത്തതില്‍ മനംനൊന്ത് പരപ്പനങ്ങാടിയില്‍ വിദ്യാര്‍ഥിനി മരിച്ച സംഭവത്തില്‍ ശക്തമായ പ്രതിഷേധവുമായി ഫ്രറ്റേണിറ്റി മൂവ് മെന്റ്. സംഭവത്തില്‍ ഒന്നാംപ്രതി വിദ്യാഭ്യാസ മന്ത്രി ശിവന്‍കുട്ടിയാണെന്ന ആരോപണവുമായി വെല്‍ഫെയര്‍ പാര്‍ടിയും രംഗത്തെത്തി.
മലപ്പുറത്ത് കാലങ്ങളായി പ്ലസ് വണിന് സീറ്റ് ലഭിക്കാതെ പതിനായിരക്കണക്കിന് കുട്ടികള്‍ പുറത്തിരിക്കേണ്ടിവരുന്നു. നിരന്തരമായി മലപ്പുറത്തെ രാഷ്ട്രീയ മത സാമൂഹിക സംഘടനകളൊക്കെ ഈ വിഷയം ഉന്നയിച്ച് പ്രക്ഷോഭങ്ങള്‍ നടത്തിയിട്ടും സര്‍കാര്‍ കണ്ണു തുറന്നിട്ടില്ലെന്ന് നേതാക്കള്‍ ആരോപിച്ചു.
ഭരണകൂടത്തിന്റെ ഭാഗത്തുനിന്നുള്ള നിരന്തരമായ നീതി നിഷേധത്തിന്റെ രക്തസാക്ഷിയാണ് വിദ്യാര്‍ഥിനിയെന്നും ഈ ഭരണകൂട കൊലപാതകത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് മന്ത്രി ശിവന്‍കുട്ടി രാജിവെക്കാന്‍ തയാറാവുകയാണ് വേണ്ടതെന്നും വെല്‍ഫെയര്‍ പാര്‍ടി നേതാക്കള്‍ പറഞ്ഞു.
ഇനിയും നീതി നിഷേധത്തിന്റെ ഇരകളായി ഞങ്ങളുടെ മക്കളെ വിട്ടുകൊടുക്കാന്‍ മലപ്പുറത്തെ ജനത തയാറല്ലെന്നും ഇതിനെതിരെ ശക്തമായ ജനകീയ പ്രക്ഷോഭങ്ങളുമായി വെല്‍ഫെയര്‍ പാര്‍ടി രംഗത്തുണ്ടാകുമെന്നും എക്‌സിക്യൂടീവ് മുന്നറിയിപ്പ് നല്‍കി.
പ്ലസ് വണ്‍ അഡ്മിഷന്‍ കിട്ടാത്തതുമൂലം മരിച്ച വിദ്യാര്‍ഥിനിയുടെ വീട് വെല്‍ഫെയര്‍ പാര്‍ടി ജില്ലാ നേതാക്കള്‍ സന്ദര്‍ശിച്ചു. ജില്ലാ ട്രഷറര്‍ മുനീബ് കാരക്കുന്ന്, ജില്ലാ സെക്രടറിമാരായ ഇബ്രാഹിം കുട്ടി മംഗലം, ആരിഫ് ചുണ്ടയില്‍, ജില്ലാ കമിറ്റി അംഗം സൈതലവി കാട്ടേരി, മണ്ഡലം സെക്രടറി സാനു ചെട്ടിപ്പടി, മുനിസിപല്‍ പ്രസിഡന്റ് പി ടി റഹീം എന്നിവര്‍ സംഘത്തില്‍ ഉണ്ടായിരുന്നു.
അതേസമയം മലബാര്‍ വിദ്യാഭ്യാസ വിവേചനത്തിന്റെ രക്തസാക്ഷിയാണ് മരിച്ച വിദ്യാര്‍ഥിനിയെന്ന് ഫ്രറ്റേണിറ്റി മൂവ് മെന്റ് സംസ്ഥാന പ്രസിഡന്റ് കെഎം ശെഫ് റിന്‍ പറഞ്ഞു. സര്‍കാര്‍ സ്‌പോണ്‍സേര്‍ഡ് വ്യവസ്ഥാപിത കൊലപാതകമാണിതെന്നും അദ്ദേഹം ആരോപിച്ചു. നാളിതുവരെയുള്ള മലബാര്‍ വിദ്യാഭ്യാസ അവകാശ പോരാട്ടങ്ങള്‍ക്ക് വര്‍ഗീയ ചാപ്പ നല്‍കിയവരും അതിനെ പൈശാചിക വല്‍ക്കരിച്ചവരും വിദ്യാര്‍ഥിനിയുടെ വ്യവസ്ഥാപിത കൊലപാതകത്തിന്റെ കൂട്ടുപ്രതികള്‍ ആണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
മലബാറില്‍ ആയിരക്കണക്കിന് സീറ്റുകള്‍ ബാക്കിയാണെന്ന നുണ പ്രചാരണം വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി നിയമസഭയില്‍ നടത്തിയ അതേ ദിവസമാണ് മലപ്പുറത്ത് രണ്ടാം ഘട്ട അലോട് മെന്റിലും സീറ്റ് ലഭിക്കാതെ വിദ്യാര്‍ഥിനിയുടെ ആത്മഹത്യയുണ്ടാകുന്നത് എന്നത് ഗൗരവകരമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
സീറ്റ് കിട്ടാത്തതുകൊണ്ടല്ല മരണം എന്ന സര്‍കാര്‍ സംവിധാനങ്ങളും പാര്‍ടി സംവിധാനവും ഉപയോഗിച്ചുള്ള വ്യാജ പ്രചാരണം വിജയിക്കില്ല. വിഷയത്തില്‍ നീതി ലഭ്യമാകും വരെ ശക്തമായ പ്രതിഷേധങ്ങള്‍ നയിക്കുമെന്നും അദ്ദേഹം പറഞ്ഞു. മലബാര്‍ ജില്ലകളില്‍ ബുധന്‍, വ്യാഴം ദിവസങ്ങളില്‍ ദേശീയപാത ഉപരോധ സമരങ്ങള്‍ സംഘടിപ്പിക്കുമെന്നും കെഎം ശെഫ് റിന്‍ പറഞ്ഞു.