തിരുവനന്തപുരം കോർപറേഷനിലെ മുട്ടട ഡിവിഷൻ യുഡിഎഫ് സ്ഥാനാർഥി വൈഷ്ണ സുരേഷിന് മത്സരിക്കാനും വോട്ട് ചെയ്യാനും അനുമതി; വോട്ട് നീക്കിയ നടപടി തിരഞ്ഞെടുപ്പ് കമ്മീഷൻ റദ്ദാക്കി

 
UDF candidate Vyshna Suresh gets nod to contest election.
Watermark

Photo Credit: Facebook/ Vyshna Suresh

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

● 24 വയസുള്ള യുവതിക്ക് അവസരം നിഷേധിക്കുന്നത് അനീതിയെന്ന് ഹൈക്കോടതി സിംഗിൾ ബെഞ്ച് നിരീക്ഷിച്ചിരുന്നു.
● വോട്ടർ പട്ടികയിൽ പേരുൾപ്പെടുത്താൻ ജില്ലാ കളക്ടർ ഹിയറിങ് നടത്തണമെന്ന് കോടതി നിർദേശിച്ചു.
● വോട്ടർ അപേക്ഷയിൽ കെട്ടിട നമ്പർ തെറ്റായി രേഖപ്പെടുത്തിയെന്ന സിപിഎം പ്രവർത്തകൻ്റെ പരാതിയിലാണ് പേര് ഒഴിവാക്കിയത്.
● വൈഷ്ണയുടെ പേര് തിരുവനന്തപുരം മുനിസിപ്പൽ കോർപ്പറേഷൻ 27-ാം വാർഡ് വോട്ടർ പട്ടികയിൽ പുനഃസ്ഥാപിക്കാൻ ഉത്തരവിട്ടു.
● 'സത്യം ജയിക്കുമെന്ന് ഉറപ്പായിരുന്നു' എന്ന് വൈഷ്ണ സുരേഷ് പ്രതികരിച്ചു.

തിരുവനന്തപുരം: (KVARTHA) തിരുവനന്തപുരം കോർപറേഷനിലെ മുട്ടട ഡിവിഷനിൽ നിന്ന് യുഡിഎഫ് സ്ഥാനാ‍ർത്ഥിയായി മത്സരിക്കാൻ കോൺഗ്രസ് നേതാവ് വൈഷ്ണ സുരേഷിന് അനുമതി ലഭിച്ചു. വൈഷ്ണയ്ക്ക് വോട്ട് ചെയ്യാമെന്നും തിരഞ്ഞെടുപ്പിൽ മത്സരിക്കാമെന്നുമുള്ള തിരഞ്ഞെടുപ്പ് കമ്മീഷൻ്റെ നിർണായക ഉത്തരവ് ഇപ്പോൾ പുറത്തു വന്നിരിക്കുകയാണ്. വൈഷ്ണ സുരേഷിൻ്റെ പേര് വോട്ടർ പട്ടികയിൽ ഉൾപ്പെടുത്തുമെന്നും തിരഞ്ഞെടുപ്പ് കമ്മീഷൻ്റെ ഉത്തരവിൽ പറയുന്നു. ഇതോടെ വൈഷ്ണയ്ക്ക് മുട്ടട വാർഡിൽ കോൺഗ്രസ് സ്ഥാനാർത്ഥിയായി പത്രിക നൽകാനുള്ള തടസ്സങ്ങൾ നീങ്ങി.

Aster mims 04/11/2022

ഹൈക്കോടതിയുടെ കർശന നിർദേശം

വോട്ടർ പട്ടികയിൽ നിന്ന് തന്നെ നീക്കം ചെയ്ത നടപടി ചോദ്യം ചെയ്താണ് വൈഷ്ണ സുരേഷ് ഹൈക്കോടതിയെ സമീപിച്ചത്. തിരഞ്ഞെടുപ്പ് കമ്മീഷൻ പ്രസിദ്ധീകരിച്ച അന്തിമ വോട്ടർ പട്ടികയിൽ പേരില്ലാതെ വന്നതോടെയാണ് കോർപറേഷനിലെ ഏറ്റവും പ്രായം കുറഞ്ഞ സ്ഥാനാർഥി എന്ന നിലയിൽ കോൺഗ്രസ് അവതരിപ്പിച്ച വൈഷ്ണയുടെ സ്ഥാനാർത്ഥിത്വം പ്രതിസന്ധിയിലായത്. സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ച ശേഷമാണ് വോട്ടർ പട്ടികയിൽ പേരില്ലെന്ന് അറിഞ്ഞതെന്നും നടപടിക്രമങ്ങൾ പാലിക്കാതെയാണ് തന്നെ ഒഴിവാക്കിയതെന്നും വോട്ടർ പട്ടികയിൽ പേരുൾപ്പെടുത്തണമെന്നും ആവശ്യപ്പെട്ടായിരുന്നു വൈഷ്ണ ഹർജി നൽകിയത്.

ഹർജിയിൽ പ്രാഥമിക വാദം കേട്ട ജസ്റ്റിസ് പി വി കുഞ്ഞികൃഷ്ണൻ, 'അനാവശ്യ രാഷ്ടീയം കളിച്ച് വോട്ടവകാശം നിഷേധിക്കുന്നത് ശരിയല്ല' എന്ന് നിരീക്ഷിച്ചിരുന്നു. 'സാങ്കേതിക കാരണം പറഞ്ഞ് 24 വയസ്സുള്ള പെൺകുട്ടിക്ക് മത്സരിക്കാൻ അവസരം നിഷേധിക്കുന്നത് അനീതിയാണ്. ഒരു ചെറുപ്പക്കാരി മത്സരിക്കാൻ തയ്യാറായി എത്തുമ്പോൾ ഇത്തരത്തിലാണോ പെരുമാറേണ്ടത്. അത് അനീതിയാണ്. സാങ്കേതിക കാരണങ്ങൾ പറഞ്ഞ് 24 കാരിയുടെ വോട്ടവകാശം തടയരുത്' എന്നും കോടതി പറഞ്ഞിരുന്നു.

വോട്ടർ പട്ടിക പുനഃസ്ഥാപിച്ചു

കോടതിയുടെ ഈ കർശന നിർദേശത്തിന് പിന്നാലെ വിഷയത്തിൽ ജില്ലാ കലക്ടർ അടിയന്തര നടപടി സ്വീകരിക്കണമെന്ന് കോടതി നിർദ്ദേശിച്ചു. വൈഷ്ണയേയും പരാതിക്കാരനേയും വിളിച്ചുവരുത്തി ഹിയറിങ് നടത്തണമെന്നും ഈ മാസം 20-നകം വൈഷ്ണയെ വോട്ടർ പട്ടികയിൽ ഉൾപ്പെടുത്തണോ വേണ്ടയോ എന്ന് ജില്ലാ കളക്ടർ തീരുമാനമെടുക്കണമെന്നും ഹൈക്കോടതി സിംഗിൾ ബെഞ്ച് നിർദേശിച്ചിരുന്നു. ഹൈക്കോടതി ഉത്തരവിൻ്റെ അടിസ്ഥാനത്തിൽ തിരഞ്ഞെടുപ്പ് കമ്മിഷൻ ഹിയറിങ് നടത്തിയതിന് ശേഷമാണ് വോട്ട് പുനഃസ്ഥാപിക്കാൻ തീരുമാനമെടുത്തത്.

ഒഴിവാക്കിയത് സിപിഎം പരാതിയിൽ

വോട്ടർ പട്ടികയിൽ പേരുചേർക്കാൻ നൽകിയ വിലാസത്തിലെ തെറ്റ് ചൂണ്ടിക്കാട്ടിയാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ പട്ടികയിൽനിന്ന് പേര് നീക്കിയത്. വൈഷ്ണയുടെ വിലാസം ശരിയല്ലെന്നും പട്ടികയിൽനിന്ന് ഒഴിവാക്കണമെന്നും ആവശ്യപ്പെട്ട് സിപിഎം പ്രവർത്തകനാണ് തിരഞ്ഞെടുപ്പ് കമ്മീഷന് നേരത്തേ പരാതി നൽകിയത്. ഇതിന്റെ അടിസ്ഥാനത്തിൽ വൈഷ്ണയെ കമ്മീഷൻ ഹിയറിങ്ങിനു വിളിപ്പിച്ചിരുന്നു. എന്നാൽ ബന്ധപ്പെട്ട രേഖകൾ സമർപ്പിച്ചിട്ടും അന്തിമ വോട്ടർ പട്ടികയിൽ നിന്ന് വൈഷ്ണയുടെ പേര് നീക്കുകയായിരുന്നു.

ഒരു പ്രത്യേക പ്രദേശത്തെ സാധാരണ താമസക്കാരാണെങ്കിൽ, വാസസ്ഥലം മാറുന്നില്ലെങ്കിൽ, അല്ലെങ്കിൽ മറ്റു തരത്തിൽ തിരിച്ചറിയാൻ സാധിക്കുമെങ്കിൽ വോട്ടർ പട്ടികയിൽ പേര് ചേർക്കാൻ അർഹരാണ് എന്ന് നിഷ്കർഷിച്ചുകൊണ്ട് ഇലക്ടറൽ രജിസ്ട്രേഷൻ ഓഫീസർമാർക്കുള്ള മാർഗ്ഗ നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചിട്ടുള്ളതാണെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷൻ അറിയിച്ചു. എന്നാൽ, തദ്ദേശസ്ഥാപനം നൽകുന്ന വീട്ടുനമ്പരോ ഉടമസ്ഥാവകാശമോ വാടക കരാറോ ഒന്നും ഇതിലേക്ക് ആവശ്യ രേഖകളല്ല. എന്നിട്ടും ഈ മാർഗ്ഗ നിർദേശങ്ങളുടെ അന്തഃസത്ത ഇലക്ടറൽ രജിസ്ട്രേഷൻ ഓഫീസർ ഉത്തരവ് പുറപ്പെടുവിച്ചപ്പോൾ ഉൾക്കൊണ്ടിട്ടില്ലെന്ന് കമ്മീഷൻ കുറ്റപ്പെടുത്തി.

വൈഷ്ണ ഹാജരാക്കിയ രേഖകൾ പരിഗണിക്കാതെയും ചട്ടപ്രകാരമുള്ള നടപടിക്രമങ്ങൾ പാലിക്കാതെയുമാണ് അന്തിമ വോട്ടർ പട്ടികയിൽനിന്നും ഏകപക്ഷീയമായി പേര് നീക്കം ചെയ്തതെന്നും കമ്മീഷൻ വ്യക്തമാക്കി. തിരുവനന്തപുരം മുനിസിപ്പൽ കോർപ്പറേഷൻ ഇലക്ടറൽ രജിസ്‌ട്രേഷൻ ഓഫിസർ എടുത്ത നടപടിയും അതിന്മേൽ നൽകിയ അറിയിപ്പും നിയമപരമായി നിലനിൽക്കുന്നതല്ലെന്നും റദ്ദാക്കുന്നുവെന്നും കമ്മീഷൻ ഉത്തരവിൽ വ്യക്തമാക്കി.

'സത്യം ജയിക്കുമെന്ന് ഉറപ്പായിരുന്നു'

തിരഞ്ഞെടുപ്പ് കമ്മീഷൻ്റെ ഉത്തരവിന് പിന്നാലെ വൈഷ്ണ സുരേഷ് പ്രതികരണവുമായി രംഗത്തെത്തി. 'സത്യം ജയിക്കുമെന്ന് ഉറപ്പായിരുന്നുവെന്നും കോടതിക്ക് നന്ദിയുണ്ടെ'ന്നും വൈഷ്ണ സുരേഷ് പറഞ്ഞു. 'ഇത് ജനാധിപത്യത്തിന്റെ വിജയമാണ്' എന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തലയും പ്രതികരിച്ചു. 'വൈഷ്ണയ്ക്ക് വോട്ടവകാശം പുനഃസ്ഥാപിച്ചത് നിയമവാഴ്ചയുടെ വിജയമാണ്. സിപിഎമ്മിന്റെ അന്യായമായ ഭരണ ദുഃസ്വാധീനമാണ് വൈഷ്ണയ്ക്ക് വോട്ടവകാശം നിഷേധിച്ചത്. കോർപ്പറേഷൻ സെക്രട്ടറിയോടും തിരഞ്ഞെടുപ്പ് കമ്മീഷനോടും താൻ ഫോണിലൂടെ ആവശ്യപ്പെട്ടിട്ടും സിപിഐഎമ്മിന്റെ സ്വാധീനത്തിന് വഴങ്ങി സർക്കാർ സംവിധാനം നിയമവിരുദ്ധവും വസ്തുതാവിരുദ്ധവുമായി വൈഷ്ണയുടെ വോട്ടവകാശം നിഷേധിക്കുകയായിരുന്നു. ഇത്തരമൊരു സാഹചര്യത്തിലാണ് കോൺഗ്രസ് കോടതിയെ സമീപിച്ചത്', എന്ന് കോൺഗ്രസ് നേതാവ് സണ്ണി ജോസഫ് വിശദമാക്കി. കോടതിയുടെ നീതിയുക്തമായ ഇടപെടൽ ഉണ്ടായിരുന്നില്ലെങ്കിൽ വൈഷ്ണയ്ക്ക് സ്ഥാനാർത്ഥിത്വവും വോട്ടവകാശവും നിഷേധിക്കപ്പെടുമായിരുന്നു എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

തിരഞ്ഞെടുപ്പ് കമ്മീഷൻ്റെ ഈ ഉത്തരവ് നീതിയാണോ? കമൻ്റ് ചെയ്യുക.

Article Summary: Election Commission reinstates voting and contesting rights for UDF candidate Vyshna Suresh in Thiruvananthapuram.

#VyshnaSuresh #ElectionCommission #KeralaPolitics #Muttada #HighCourt #UDF


 

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia
// watermark script