Criticism | ഒരു ജനപ്രതിനിധിയെ പാര്‍ട്ടി ചട്ടക്കൂടുകള്‍ പറഞ്ഞും പാര്‍ട്ടി പാരമ്പര്യക്കുറവ് ചൂണ്ടിക്കാണിച്ചും വായടപ്പിക്കാനാണ് മുഖ്യമന്ത്രിയുടെ ശ്രമം; ഈ സമീപനം ജനാധിപത്യപരമല്ലെന്ന് വിടി ബല്‍റാം
● എംഎല്‍എ ഉന്നയിച്ചിരിക്കുന്നത് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ചട്ടക്കൂടിന്റെ ഇരുമ്പു മറകള്‍ക്കകത്ത് ഒതുക്കിത്തീര്‍ക്കേണ്ട വിഷയങ്ങളല്ല
● അഞ്ചോ ആറോ തവണ എകെജി സെന്ററിലെത്തി പരാതികള്‍ പാര്‍ട്ടി സെക്രട്ടറിക്ക് രേഖാമൂലം നല്‍കിയിട്ടുണ്ടെന്ന് അന്‍വര്‍ പറയുന്നുണ്ട്
തിരുവനന്തപുരം: (KVARTHA) ഒരു ജനപ്രതിനിധിയെ പാര്‍ട്ടി ചട്ടക്കൂടുകള്‍ പറഞ്ഞും അദ്ദേഹത്തിന്റെ പാര്‍ട്ടി പാരമ്പര്യക്കുറവ് ചൂണ്ടിക്കാണിച്ചും വായടപ്പിക്കാനാണ് മുഖ്യമന്ത്രി പിണറായി വിജയന്റെ ശ്രമം എന്ന് കോണ്‍ഗ്രസ് നേതാവ് വിടി ബല്‍റാം. തന്റെ ഫേസ് ബുക് പോസ്റ്റിലൂടെയാണ് മുഖ്യമന്ത്രി പിണറായി വിജയനെതിരേയും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്കെതിരേയുമുള്ള ബല്‍റാമിന്റെ വിമര്‍ശനം.
മുഖ്യമന്ത്രിയുടെ ഈ സമീപനം ജനാധിപത്യപരമല്ല എന്ന് മാത്രമല്ല, അങ്ങേയറ്റം സാമൂഹ്യ വിരുദ്ധവും അപകടകരവുമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കാരണം, അങ്ങനെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ചട്ടക്കൂടിന്റെ ഇരുമ്പു മറകള്‍ക്കകത്ത് ഒതുക്കിത്തീര്‍ക്കേണ്ട വിഷയങ്ങളല്ല എംഎല്‍എ ഉന്നയിച്ചിരിക്കുന്നതെന്നും വ്യക്തമാക്കി.
സ്റ്റേറ്റിന്റെ പ്രധാന ഇന്‍സ്റ്റിറ്റിയൂഷനുകളില്‍ ആര്‍ എസ് എസിന്റെ ഡീപ് സ്റ്റേറ്റ് പിടിമുറുക്കുന്നു എന്നതാണ് വിഷയം. കൊല്ലിനും കൊലയ്ക്കും മടിക്കാത്ത കാക്കിയിട്ട കൊടും ക്രിമിനലുകളുടെ കയ്യിലാണ് കേരളത്തിന്റെ ക്രമസമാധാനച്ചുമതല എന്നതാണ് ആരോപണം. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്കാരേയോ അനുഭാവികളേയോ മാത്രമല്ല, അക്കൂട്ടത്തിലുള്‍പ്പെടാത്ത മറ്റെല്ലാ പൗരന്മാരേയും ബാധിക്കുന്ന അതീവ ഗുരുതരമായ വിഷയങ്ങളാണിവ എന്നും ബല്‍റാം എടുത്തുപറഞ്ഞു.
അഞ്ചോ ആറോ തവണ എകെജി സെന്ററിലെത്തി തന്റെ പരാതികള്‍ പാര്‍ട്ടി സെക്രട്ടറിക്ക് രേഖാമൂലം നല്‍കിയിട്ടുണ്ടെന്ന് നിലമ്പൂര്‍ എംഎല്‍എ പിവി അന്‍വര്‍ തുറന്നുപറയുന്നു. പൊലീസിനെക്കുറിച്ച് ശ്രദ്ധയില്‍പ്പെട്ട അപാകതകള്‍ പൊളിറ്റിക്കല്‍ സെക്രട്ടറി പി ശശിക്കും നിരവധി തവണ എഴുതി നല്‍കിയിട്ടുണ്ടെന്നും ഇതെല്ലാം ബൈന്‍ഡ് ചെയ്താല്‍ ഒരു പുസ്തകമാക്കാമെന്നുമാണ് എംഎല്‍എ ശനിയാഴ്ച വൈകുന്നേരം നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞത്.
ഒന്നുകില്‍ ഈ അവകാശവാദത്തെ സിപിഎം പാര്‍ട്ടി നേതൃത്വം തള്ളിപ്പറയണം. അല്ലെങ്കില്‍ താന്‍ മുന്‍പ് പാര്‍ട്ടിക്ക് നല്‍കിയ കത്തുകള്‍ എംഎല്‍എ പുറത്തു വിടണം. അപ്പോള്‍ മാത്രമേ ഇക്കാര്യത്തില്‍ വ്യക്തത ഉണ്ടാകൂ എന്നും ബല്‍റാം ചൂണ്ടിക്കാട്ടി.
ഏതായാലും പാര്‍ട്ടി നേതൃത്ത്വത്തേയും മറ്റ് ഉത്തരവാദപെട്ടവരേയും കൃത്യമായി അറിയിച്ചും സംഘടനാ രീതികള്‍ക്കകത്ത് പരിഹാരത്തിനായി പരമാവധി പരിശ്രമിച്ചും പരാജയപ്പെട്ടതിനാലാണ് അത് പൊതുസമൂഹത്തോട് തുറന്നു പറയാന്‍ നിലമ്പൂര്‍ എംഎല്‍എ നിര്‍ബ്ബന്ധിതനായത് എന്നാണ് ഇപ്പോഴത്തെ സാഹചര്യത്തില്‍ വിലയിരുത്താനാവുക. അങ്ങനെയുള്ള ഭരണപ്പാര്‍ട്ടി എന്ന നിലയില്‍ കൃത്യമായി ഇടപെട്ട് പ്രശ്‌നം പരിഹരിക്കാന്‍ സിപിഎമ്മിന് നേരത്തേ കഴിയണമായിരുന്നുവെന്നും അദ്ദേഹം പറയുന്നു.
എന്നാല്‍ പ്രശ്‌നങ്ങളൊന്നും പുറമേക്ക് ചര്‍ച്ചയാവാതെ ഒതുക്കിത്തീര്‍ക്കണമായിരുന്നു എന്നാണ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്കാര്‍ ചിന്തിക്കുന്നത്. അവര്‍ക്കങ്ങനെയേ ചിന്തിക്കാന്‍ പറ്റൂ. മുഖ്യമന്ത്രി പിണറായി വിജയന്‍ മുതല്‍ സൈബര്‍ കടന്നലുകളിലെ മഹാഭൂരിപക്ഷം വരെ ഈ ഡിഫോള്‍ട്ട് മാനസിക ഘടനയുടെ ഭാഗമാണെന്നും ബല്‍റാം കുറ്റപ്പെടുത്തി. ഇരുമ്പു മറകളെ സംരക്ഷിച്ചു നിര്‍ത്തുക എന്നതിലല്ലാതെ ലോകത്തൊരിടത്തും കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ക്ക് നിലനില്‍പ്പില്ല. സ്വതന്ത്ര ചിന്തയും സ്വതന്ത്ര ചര്‍ച്ചയും തുടങ്ങിയാല്‍പ്പിന്നെ ആ നിമിഷം കമ്മ്യൂണിസ്റ്റ് സ്ട്രക്ചര്‍ ഇടിഞ്ഞുവീഴുമെന്നും ബല്‍റാം പറയുന്നു.
ജനാധിപത്യ സംവിധാനത്തിന് ഒട്ടും യോജിച്ചതല്ല കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളുടെ ഈ സ്ട്രക്ചറും അതിന്റെ രഹസ്യ സ്വഭാവവുമെന്നും ബല്‍റാം ചൂണ്ടിക്കാട്ടി. അതിന്റെ ഗുണഭോക്താക്കള്‍ എപ്പോഴും മാഫിയകളും മറ്റ് സ്ഥാപിത താത്പര്യക്കാരുമാണ്. പാര്‍ട്ടിക്കകത്ത് ഒരു പരമോന്നത നേതാവ് രൂപപ്പെടുമ്പോള്‍ പ്രത്യേകിച്ചും. അതാണിപ്പോള്‍ കേരളവും കണ്ടുകൊണ്ടിരിക്കുന്നതെന്നും ബല്‍റാം പോസ്റ്റിലൂടെ വ്യക്തമാക്കുന്നു.
പോസ്റ്റിന്റെ പൂര്‍ണരൂപം:
അഞ്ചോ ആറോ തവണ എകെജി സെന്ററിലെത്തി തന്റെ പരാതികൾ പാർട്ടി സെക്രട്ടറിക്ക് രേഖാമൂലം നൽകിയിട്ടുണ്ടെന്ന് നിലമ്പൂർ എംഎൽഎ തുറന്നുപറയുന്നു. പോലീസിനെക്കുറിച്ച് ശ്രദ്ധയിൽപ്പെട്ട അപാകതകൾ പൊളിറ്റിക്കൽ സെക്രട്ടറി പി.ശശിക്കും നിരവധി തവണ എഴുതി നൽകിയിട്ടുണ്ടെന്നും ഇതെല്ലാം ബൈൻഡ് ചെയ്താൽ ഒരു പുസ്തകമാക്കാമെന്നും എംഎൽഎ പറയുന്നുണ്ട്.
ഒന്നുകിൽ ഈ അവകാശവാദത്തെ സിപിഎം പാർട്ടി നേതൃത്വം തള്ളിപ്പറയണം. അല്ലെങ്കിൽ താൻ മുൻപ് പാർട്ടിക്ക് നൽകിയ കത്തുകൾ എംഎൽഎ പുറത്തു വിടണം. അപ്പോൾ മാത്രമേ ഇക്കാര്യത്തിൽ ക്ലാരിറ്റിയുണ്ടാവൂ.
ഏതായാലും പാർട്ടി നേതൃത്ത്വത്തേയും മറ്റ് ഉത്തരവാദപെട്ടവരേയും കൃത്യമായി അറിയിച്ചും സംഘടനാ രീതികൾക്കകത്ത് പരിഹാരത്തിനായി പരമാവധി പരിശ്രമിച്ചും പരാജയപ്പെട്ടതിനാലാണ് അത് പൊതുസമൂഹത്തോട് തുറന്നു പറയാൻ നിലമ്പൂർ എംഎൽഎ നിർബ്ബന്ധിതനായത് എന്നാണ് ഇപ്പോഴത്തെ സാഹചര്യത്തിൽ വിലയിരുത്താനാവുക. അങ്ങനെയുള്ള ഒരു ജനപ്രതിനിധിയെ പാർട്ടി ചട്ടക്കൂടുകൾ പറഞ്ഞും അദ്ദേഹത്തിന്റെ പാർട്ടി പാരമ്പര്യക്കുറവ് ചൂണ്ടിക്കാണിച്ചും വായടപ്പിക്കാനാണ് ഇന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ശ്രമിച്ചത്.
മുഖ്യമന്ത്രിയുടെ ഈ സമീപനം ജനാധിപത്യപരമല്ല എന്ന് മാത്രമല്ല, അങ്ങേയറ്റം സാമൂഹ്യ വിരുദ്ധവും അപകടകരവുമാണ്. കാരണം, അങ്ങനെ കമ്മ്യൂണിസ്റ്റ് പാർട്ടി ചട്ടക്കൂടിന്റെ ഇരുമ്പു മറകൾക്കത്ത് ഒതുക്കിത്തീർക്കേണ്ട വിഷയങ്ങളല്ല എംഎൽഎ ഉന്നയിച്ചിരിക്കുന്നത്. സ്റ്റേറ്റിന്റെ പ്രധാന ഇൻസ്റ്റിറ്റ്യൂഷനുകളിൽ ആർഎസ്എസിന്റെ ഡീപ് സ്റ്റേറ്റ് പിടിമുറുക്കുന്നു എന്നതാണ് വിഷയം. കൊല്ലിനും കൊലയ്ക്കും മടിക്കാത്ത കാക്കിയിട്ട കൊടും ക്രിമിനലുകളുടെ കയ്യിലാണ് കേരളത്തിന്റെ ക്രമസമാധാനച്ചുമതല എന്നതാണ് ആരോപണം.
കമ്മ്യൂണിസ്റ്റ് പാർട്ടിക്കാരേയോ അനുഭാവികളേയോ മാത്രമല്ല, അക്കൂട്ടത്തിലുൾപ്പെടാത്ത മറ്റെല്ലാ പൗരന്മാരേയും ബാധിക്കുന്ന അതീവ ഗുരുതരമായ വിഷയങ്ങളാണിവ.
ഭരണപ്പാർട്ടി എന്ന നിലയിൽ കൃത്യമായി ഇടപെട്ട് പ്രശ്നം പരിഹരിക്കാൻ സിപിഎമ്മിന് നേരത്തേ കഴിയണമായിരുന്നു. പ്രശ്നം പരിഹരിക്കണമായിരുന്നു എന്നാണ് നാം കൃത്യമായി പറയുന്നത്, എന്നാൽ പ്രശ്നങ്ങളൊന്നും പുറമേക്ക് ചർച്ചയാവാതെ ഒതുക്കിത്തീർക്കണമായിരുന്നു എന്നാണ് കമ്മ്യൂണിസ്റ്റ് പാർട്ടിക്കാർ ചിന്തിക്കുന്നത്. അവർക്കങ്ങനെയേ ചിന്തിക്കാൻ പറ്റൂ. മുഖ്യമന്ത്രി പിണറായി വിജയൻ മുതൽ സൈബർ കടന്നലുകളിലെ മഹാഭൂരിപക്ഷം വരെ ഈ ഡിഫോൾട്ട് മാനസിക ഘടനയുടെ ഭാഗമാണ്. ഇരുമ്പു മറകളെ സംരക്ഷിച്ചു നിർത്തുക എന്നതിലല്ലാതെ ലോകത്തൊരിടത്തും കമ്മ്യൂണിസ്റ്റ് പാർട്ടികൾക്ക് നിലനിൽപ്പില്ല. സ്വതന്ത്ര ചിന്തയും സ്വതന്ത്ര ചർച്ചയും തുടങ്ങിയാൽപ്പിന്നെ ആ നിമിഷം കമ്മ്യൂണിസ്റ്റ് സ്ട്രക്ചർ ഇടിഞ്ഞുവീഴും.
ജനാധിപത്യ സംവിധാനത്തിന് ഒട്ടുമേ യോജിച്ചതല്ല കമ്മ്യൂണിസ്റ്റ് പാർട്ടികളുടെ ഈ സ്ട്രക്ചറും അതിന്റെ രഹസ്യ സ്വഭാവവും. അതിന്റെ ഗുണഭോക്താക്കൾ എപ്പോഴും മാഫിയകളും മറ്റ് സ്ഥാപിത താത്പര്യക്കാരുമാണ്. പാർട്ടിക്കകത്ത് ഒരു പരമോന്നത നേതാവ് രൂപപ്പെടുമ്പോൾ പ്രത്യേകിച്ചും. അതാണിപ്പോൾ കേരളവും കണ്ടുകൊണ്ടിരിക്കുന്നത്.
#VTBalram #KeralaPolitics #PinarayiVijayan #Democracy #PartyDiscipline #PoliticalAllegations