Allegation | നല്ല ഷര്‍ട്ടും പാന്റും ലിപ്സ്റ്റിക്കും ഇട്ടു വരുന്നവരെ സൂക്ഷിക്കണം, അവര്‍ കമ്യൂണിസ്റ്റ് വിരുദ്ധത പ്രചരിപ്പിക്കുന്നവരാണെന്ന്  സിപിഎം പോളിറ്റ് ബ്യൂറോ അംഗം എ വിജയരാഘവന്‍

 
Vijayaraghavan's remarks on media and communism

Photo Credit: Facebook / A Vijayaraghavan

ADVERTISEMENT

● പിവി അന്‍വറിനും മാധ്യമങ്ങള്‍ക്കുമെതിരെ അദ്ദേഹം ആഞ്ഞടിച്ചു
● കമ്യൂണിസ്റ്റ് പാര്‍ട്ടിക്ക് എതിരെ ഒരാളെ കിട്ടിയെന്ന് കരുതി ആഘോഷിക്കുന്നു
● നല്ല വസ്ത്രം ധരിക്കുന്ന മാധ്യമ പ്രവര്‍ത്തകര്‍ കൂടുതല്‍ കള്ളം പറയുന്നവര്‍

നിലമ്പൂര്‍: (KVARTHA) നല്ല ഷര്‍ട്ടും പാന്റും ലിപ്സ്റ്റിക്കും ഒക്കെ ഇട്ടു വരുന്നവരെ സൂക്ഷിക്കണമെന്നും അവര്‍ കമ്യൂണിസ്റ്റ് വിരുദ്ധത പ്രചരിപ്പിക്കുന്നവരാണെന്നും സിപിഎം പോളിറ്റ് ബ്യൂറോ അംഗം എ വിജയരാഘവന്‍. നിലമ്പൂര്‍ ചന്തക്കുന്നില്‍ പിവി അന്‍വറിനെതിരെ സിപിഎം സംഘടിപ്പിച്ച രാഷ്ട്രീയ വിശദീകരണ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

Aster_MIMS

യോഗത്തില്‍ നിലമ്പൂര്‍ എം എല്‍ എ പിവി അന്‍വറിനും മാധ്യമങ്ങള്‍ക്കുമെതിരെ അദ്ദേഹം ആഞ്ഞടിച്ചു. കേരളം മോശമാണെന്ന് പറയാന്‍ കുറച്ചു ആളുകളെ കോലു കൊടുത്ത് നിര്‍ത്തിയിട്ടുണ്ടെന്നും കമ്യൂണിസ്റ്റ് പാര്‍ട്ടിക്ക് എതിരെ ഒരാളെ കിട്ടിയെന്ന് കരുതി ആഘോഷിക്കുകയാണെന്നുമാണ് അന്‍വറിനെയും മാധ്യമങ്ങളേയും ഉന്നംവച്ച് വിജയരാഘവന്‍ പറഞ്ഞത്. നല്ല വസ്ത്രം ധരിക്കുന്ന മാധ്യമ പ്രവര്‍ത്തകര്‍ കൂടുതല്‍ കള്ളം പറയുന്നവരാണെന്നാണ് അദ്ദേഹത്തിന്റെ കണ്ടെത്തല്‍.

വിജയ രാഘവന്റെ വാക്കുകള്‍: 

അന്‍വറിന്റെ കക്കാടംപൊയില്‍ പാര്‍ക്ക് നിര്‍മാണം മാധ്യമങ്ങള്‍ മറന്നോ? കേരളത്തിലെ ഏറ്റവും വലിയ കള്ളന്‍ അന്‍വര്‍ ആണെന്നാണ് അന്ന് മാധ്യമങ്ങള്‍ പറഞ്ഞത്. സര്‍ക്കാരിനെതിരെ മോശം പറയാന്‍ മാധ്യമ പ്രവര്‍ത്തകരെ ശമ്പളം കൊടുത്തു നിര്‍ത്തിയിട്ടുണ്ട്. ഇപ്പോള്‍ വീട്ടിലെ കോഴി കൂവുന്നതിന് മുന്‍പ് മാധ്യമങ്ങള്‍ അന്‍വറിന്റെ ഒതായിയിലെ വീട്ടിലെത്തും. അന്‍വറിന്റെ സുഭാഷിതങ്ങള്‍ രാവിലെ മുതല്‍ നല്‍കുന്നു. 

നല്ല വസ്ത്രം ധരിക്കുന്ന മാധ്യമ പ്രവര്‍ത്തകര്‍ കൂടുതല്‍ കള്ളം പറയുന്നവരാണ്. നല്ല ഷര്‍ട്ടും പാന്റും ലിപ്സ്റ്റിക്കും ഒക്കെ ഇട്ടു വരുന്നവരെ സൂക്ഷിക്കണം. അവര്‍ കമ്യൂണിസ്റ്റ് വിരുദ്ധത പ്രചരിപ്പിക്കുന്നവരാണ്. മലപ്പുറം എന്ന വാക്ക് ഇപ്പോള്‍ ഉച്ചരിക്കാന്‍ പാടില്ല. പണ്ട് പോളണ്ട്, പോളണ്ട് എന്ന് പറയരുതെന്ന് ശ്രീനിവാസന്‍ പറയും പോലെയാണ് ചിലര്‍ ഇപ്പോള്‍ മലപ്പുറം മലപ്പുറം എന്ന് പറയരുത് എന്ന് പറയുന്നത്. ഇങ്ങനെ ചിന്തിക്കുന്നവരുടെ കയ്യടി കിട്ടുന്ന പ്രവര്‍ത്തനം ആണ് അന്‍വര്‍ നടത്തുന്നത്.

നിയമ വിരുദ്ധ പ്രവര്‍ത്തനം, കള്ളക്കടത്ത്, കുഴല്‍പ്പണം, മണലടിക്കുക ഇതെല്ലാം നടത്തണം എന്ന് ചിന്തിക്കുന്നവരുണ്ട്. സര്‍ക്കാരിനെ ദുര്‍ബലപ്പെടുത്താന്‍ ആര്‍ എസ് എസ് അജണ്ടയാണ് നടപ്പിലാക്കുന്നത്. ഇഎന്‍ മോഹന്‍ദാസിനെ ആര്‍ എസ് എസുകാരനാക്കിയപ്പോഴാണ് അന്‍വര്‍ ഏറ്റവും ചെറുതായതെന്നും വിജയരാഘവന്‍ പറഞ്ഞു.


അതേസമയം ഈ ചെങ്കൊടി തൊട്ട് കളിക്കണ്ട എന്നാണ് പാര്‍ട്ടി നിലപാടെന്ന് യോഗത്തില്‍ പങ്കെടുത്ത സിപിഎം നിലമ്പൂര്‍ ഏരിയ സെക്രട്ടറി ഇ പത്മാക്ഷന്‍ പറഞ്ഞു. അന്‍വറിനെ നെഞ്ചോട് ചേര്‍ത്ത് കൊണ്ട് നടന്നിട്ടുണ്ടെന്നും പക്ഷേ പാര്‍ട്ടിക്കെതിരെ അധിക്ഷേപങ്ങള്‍ ചൊരിയാന്‍ തുടങ്ങിയാല്‍ അതിനെ വക വച്ച് തരില്ലെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി. നിലമ്പൂരിലെ വികസനങ്ങള്‍ പുത്തന്‍വീട്ടില്‍ തറവാട്ടില്‍ നിന്ന് കൊണ്ടുവന്നതല്ല. മാസങ്ങളോളം ആഫ്രിക്കയില്‍ പോയി കിടക്കുമ്പോഴും അന്‍വറിനെ സംരക്ഷിച്ചത് നിലമ്പൂരിലെ സാധാരണക്കാരായ സഖാക്കളാണെന്നും പത്മാക്ഷന്‍ പറഞ്ഞു.

അന്‍വറിനെ പിന്തുണച്ച നാടക സിനിമ നടി നിലമ്പൂര്‍ ആഇശയും യോഗത്തില്‍ പങ്കെടുത്തു. മലപ്പുറം ജില്ലാ സെക്രട്ടറി ഇഎന്‍ മോഹന്‍ദാസ്, പികെ സൈനബ, ടികെ ഹംസ, കെടി ജലീല്‍, നാസ കൊളായി തുടങ്ങിയവരും യോഗത്തില്‍ പ്രസംഗിച്ചു. പിവി അന്‍വര്‍ എംഎല്‍എ മഞ്ചേരിയിലെ പൊതുസമ്മേളനത്തില്‍ ഡെമോക്രാറ്റിക്ക് മൂവ് മെന്റ് ഓഫ് കേരള എന്ന പുതിയ പാര്‍ട്ടി രൂപീകരിച്ചതിന് പിന്നാലെ ആയിരുന്നു സിപിഎമ്മിന്റെ യോഗം.

#Vijayaraghavan #KeralaPolitics #CPIM #MediaCriticism #Communism #PVAnwar

നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia