Corruption | സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ ക്രമക്കേടുകളില്‍ വിജിലന്‍സ് അന്വേഷണം; തട്ടിപ്പിന് കൂട്ടുനിന്നവര്‍ കുടുങ്ങും  

 
vigilance enquiry in social security pension fraud
vigilance enquiry in social security pension fraud

Representational Image Generated by Meta AI

● ബിഎംഡബ്ല്യു കാറുടമക്കും സാമൂഹ്യസുരക്ഷാ പെന്‍ഷന്‍.
● ധന വകുപ്പ് കൂടുതല്‍ കടുത്ത നടപടികളിലേക്ക് 
● അന്വേഷണ പുരോഗതിയില്‍ പ്രതിമാസം വിലയിരുത്തണം.

തിരുവനന്തപുരം: (KVARTHA) സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ ക്രമക്കേടുകളില്‍ കൂടുതല്‍ കടുത്ത നടപടികളുമായി ധന വകുപ്പ്. കോട്ടക്കല്‍ നഗരസഭയില്‍ തട്ടിപ്പിന് കൂട്ടുനിന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ വിജിലന്‍സ് അന്വേഷണത്തിന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ നിര്‍ദേശം നല്‍കി. ഇതുമായി ബന്ധപ്പെട്ട് സ്വീകരിക്കുന്ന തുടര്‍ നടപടികള്‍ അടിയന്തിരമായി റിപ്പോര്‍ട്ട് ചെയ്യാനും ധന വകുപ്പ് നിര്‍ദേശിച്ചിട്ടുണ്ട്. 

പെന്‍ഷന്‍ അര്‍ഹത സംബന്ധിച്ച് അന്വേഷണം നടത്തിയ ഉദ്യോഗസ്ഥര്‍, വരുമാന സര്‍ട്ടിഫിക്കറ്റ് അനുവദിച്ച റവന്യു ഉദ്യോഗസ്ഥര്‍, പെന്‍ഷന്‍ അനുവദിച്ച് നല്‍കിയ ഉദ്യോഗസ്ഥര്‍ എന്നിവര്‍ക്കെതിരെ വിജിലന്‍സ് അന്വേഷണത്തിന് നടപടി സ്വീകരിക്കാന്‍ ഭരണ വകുപ്പുകള്‍ക്കാണ് മന്ത്രി നിര്‍ദേശം നല്‍കിയത്.

കുറ്റക്കാരായ ഉദ്യോഗസ്ഥര്‍ക്കെതിരെയുള്ള അന്വേഷണ പുരോഗതി ഒരോ മാസവും വിലയിരുത്തണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്. കോട്ടക്കല്‍ നഗരസഭയിലെ ഏഴാം വാര്‍ഡിലെ പെന്‍ഷന്‍ ഗുണഭോക്താക്കളെ സംബന്ധിച്ച് മലപ്പുറം ധനകാര്യ പരിശോധനാ വിഭാഗം നടത്തിയ അന്വേഷണത്തിന്റെ തുടര്‍ച്ചയായാണ് വിജിലന്‍സ് ആന്റി കറപ്ക്ഷന്‍ ബ്യൂറോയുടെ അന്വേഷണം.

ഏഴാം വാര്‍ഡിലെ 42 ഗുണഭോക്താക്കളുടെ അര്‍ഹത സംബന്ധിച്ച പരിശോധനയില്‍ 38 പേരും അനര്‍ഹരാണെന്ന് കണ്ടെത്തിയിരുന്നു. ഒരാള്‍ മരണപ്പെട്ടു. ഒരു വാര്‍ഡില്‍ ഇത്തരത്തില്‍ കൂട്ടത്തോടെ അനര്‍ഹര്‍ പെന്‍ഷന്‍ പട്ടികയില്‍ ഉള്‍പ്പെട്ടതിന് പിന്നില്‍ അഴിമതിയും ഗുഢാലോചനയും ഉണ്ടായിട്ടുണ്ടാകാമെന്നാണ് ധനവകുപ്പ് പരിശോധനാ വിഭാഗം റിപ്പോര്‍ട്ട് ചെയ്തത്. 

ബിഎംഡബ്ള്യു കാര്‍ ഉടമകള്‍ ഉള്‍പ്പെടെ പെന്‍ഷന്‍ പട്ടികയില്‍ ചേര്‍ക്കപ്പെട്ടുവെന്നാണ് കണ്ടെത്തിയത്. ചില ക്ഷേമ പെന്‍ഷന്‍കാരുടെ വീടുകളില്‍ എയര്‍ കണ്ടീഷണര്‍ ഉള്‍പ്പെടെ സുഖ സൗകര്യങ്ങളുമുണ്ട്. ഭാര്യയോ ഭര്‍ത്താവോ സര്‍വീസ് പെന്‍ഷന്‍ പറ്റുന്നവരും ക്ഷേമ പെന്‍ഷന്‍ വാങ്ങുന്നു. മിക്കവരുടെയും വീട് 2000 ചതുരശ്ര അടി തറ വിസ്തൃതിയിലും കൂടുതല്‍ വലുപ്പമുള്ളതാണെന്നും കണ്ടെത്തി.

#pensionfraud, #kerala, #corruption, #vigilance, #government, #investigation

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia