SWISS-TOWER 24/07/2023

അരനൂറ്റാണ്ടിലേറെക്കാലം കേരള രാഷ്ട്രീയത്തിലെ സൗമ്യമുഖം; മുതിർന്ന കോൺഗ്രസ് നേതാവ് പി പി തങ്കച്ചൻ വിടവാങ്ങി

 
Veteran Congress Leader and Former UDF Convener P P Thankachan Passes Away at 86
Veteran Congress Leader and Former UDF Convener P P Thankachan Passes Away at 86

Photo Credit: X/Congress Kerala

● ആലുവയിലെ ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം.
● മുൻ സ്പീക്കർ, മുൻ മന്ത്രി എന്നീ നിലകളിൽ പ്രവർത്തിച്ചു.
● റെക്കോർഡിട്ട നഗരസഭ ചെയർമാനായിരുന്നു.

തിരുവനന്തപുരം: (KVARTHA) മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും യുഡിഎഫ് മുന്‍ കണ്‍വീനറുമായിരുന്ന പി പി തങ്കച്ചന്‍ അന്തരിച്ചു. 86 വയസ്സായിരുന്നു. വാര്‍ധക്യ സഹജമായ അസുഖങ്ങളെത്തുടര്‍ന്ന് ആലുവയിലെ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഇന്ന് (വ്യാഴാഴ്ച) വൈകുന്നേരം 4.30-നായിരുന്നു അന്ത്യം.

Aster mims 04/11/2022

മുൻ സ്പീക്കർ, മുൻ മന്ത്രി, കെപിസിസി മുൻ പ്രസിഡൻ്റ് എന്നീ നിലകളിൽ അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. മൃതദേഹം ഇന്ന് ആശുപത്രി മോർച്ചറിയിൽ സൂക്ഷിക്കും. നാളെ (വെള്ളിയാഴ്ച) പെരുമ്പാവൂരിലേക്ക് കൊണ്ടുപോകും. സംസ്‌കാരം ശനിയാഴ്ച നടക്കുമെന്നാണ് വിവരം.

സമവായത്തിന്റെ രാഷ്ട്രീയക്കാരൻ

വൈദികന്റെ മകനായി ജനിച്ച് അഭിഭാഷക ജോലിക്കിടെ രാഷ്ട്രീയത്തിലേക്കിറങ്ങിയ നേതാവായിരുന്നു പി പി തങ്കച്ചൻ. കലങ്ങിമറിഞ്ഞ കോൺഗ്രസ് രാഷ്ട്രീയത്തിൽ എന്നും സമവായത്തിൻ്റെ പാതയിലൂടെയായിരുന്നു അദ്ദേഹത്തിൻ്റെ സഞ്ചാരം. 1968-ൽ 26-ാം വയസ്സിൽ പെരുമ്പാവൂർ നഗരസഭ അധ്യക്ഷനായി ചുമതലയേറ്റ അദ്ദേഹം രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ നഗരസഭ ചെയർമാനെന്ന റെക്കോർഡിട്ടാണ് രാഷ്ട്രീയ ജീവിതം ആരംഭിച്ചത്. 1982 മുതൽ 1996 വരെ തുടർച്ചയായി പെരുമ്പാവൂർ എംഎൽഎ ആയിരുന്ന അദ്ദേഹം മധ്യകേരളത്തിലെ കോൺഗ്രസിൻ്റെ തലയെടുപ്പുള്ള നേതാവായി മാറി.

1991 മുതൽ 1995 വരെ നിയമസഭ സ്പീക്കറായും, 1995-ൽ എ കെ ആൻ്റണി മന്ത്രിസഭയിൽ കൃഷി മന്ത്രിയായും പ്രവർത്തിച്ചു. കോൺഗ്രസ്സിൽ ഗ്രൂപ്പ് പോര് പാരമ്യത്തിലെത്തിയ നാളുകളിൽ കെ കരുണാകരനൊപ്പം അടിയുറച്ചുനിന്ന നേതാവുകൂടിയായിരുന്നു തങ്കച്ചൻ. എന്നാൽ, 2005-ൽ ഡി ഐ സി രൂപീകരിച്ച് കരുണാകരൻ പാർട്ടി വിട്ടപ്പോഴും തങ്കച്ചൻ കോൺഗ്രസ്സിൽ തന്നെ നിലകൊണ്ടു. തുടർന്ന് ഉമ്മൻ ചാണ്ടിയൊഴിഞ്ഞ യുഡിഎഫ് കൺവീനർ സ്ഥാനത്തേക്ക് അദ്ദേഹമെത്തി. 2005 മുതൽ 2018 വരെ നീണ്ട 13 വർഷം അദ്ദേഹം യുഡിഎഫ് കൺവീനർ സ്ഥാനത്ത് തുടർന്നു.

പ്രതിസന്ധി ഘട്ടങ്ങളിലെ സാരഥി

യുഡിഎഫ് മുന്നണിക്ക് പ്രതിസന്ധികൾ നേരിട്ട ഘട്ടങ്ങളിലെല്ലാം തങ്കച്ചനിലെ മെയ് വഴക്കമുള്ള രാഷ്ട്രീയക്കാരനെ കേരളം കണ്ടു. അഞ്ചാം മന്ത്രിസ്ഥാനം മുതൽ സോളാർ കേസും ബാർ കോഴയും പിന്നിട്ട് മുന്നണി ആടിയുലഞ്ഞ ഘട്ടത്തിൽ എല്ലാം കക്ഷികളെ വഴക്കത്തോടെ വിളക്കിച്ചേർത്തു കൺവീനർ തങ്കച്ചൻ. മുന്നണിക്കുള്ളിൽ തർക്കങ്ങൾ കൊടുമ്പിരി കൊണ്ട് നിൽക്കുമ്പോഴും പുറത്തേക്ക് എല്ലാം ഭദ്രമാക്കി നിർത്തിയിരുന്നത് തങ്കച്ചൻ ശൈലിയായിരുന്നു. 'നിസാരം' എന്ന ഒഴുക്കൻ പറച്ചിലിലൂടെ വലതുമുന്നണിയിലെ രഹസ്യങ്ങൾ അദ്ദേഹം ഭദ്രമായി സൂക്ഷിച്ചു.

2018-ൽ കൺവീനർ സ്ഥാനമൊഴിഞ്ഞത് മുതൽ സജീവരാഷ്ട്രീയത്തിൽ നിന്നും പതിയെ വിട്ടുനിൽക്കുകയായിരുന്നു പി പി തങ്കച്ചൻ. കുറച്ച് നാളുകളായി അനാരോഗ്യം അദ്ദേഹത്തെ അലട്ടിയിരുന്നു. അരനൂറ്റാണ്ടിലേറെക്കാലം കേരള രാഷ്ട്രീയത്തിൽ നിറഞ്ഞുനിന്ന സൗമ്യമുഖമാണ് വിടവാങ്ങിയത്.
 

മുതിർന്ന നേതാവ് പി പി തങ്കച്ചനെക്കുറിച്ചുള്ള ഈ വാർത്ത നിങ്ങളുടെ സുഹൃത്തുക്കളുമായി പങ്കുവെയ്ക്കുക.

Article Summary: Veteran Congress leader and former UDF convener P P Thankachan passes away.

#PPTankachan #Congress #KeralaPolitics #UDF #Kerala #RIP

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia