Sculpture | വീണ്ടും ചരിത്രം സൃഷ്ടിച്ച് ഉണ്ണി കാനായി; കരവിരുതിൽ ഗുരുവായൂരിൽ മഞ്ജുളാൽ ഗരുഡ ശിൽപം സമർപിച്ചു


● പൂർണ്ണമായും പരമ്പരാഗത രീതിയിലാണ് ഈ ശിൽപം നിർമിച്ചിട്ടുള്ളത്.
● ഇന്ത്യയിലെ ഏറ്റവും വലിയ വെങ്കല ഗരുഡശിൽപ്പമാണിത്.
● 20 അടി വീതിയും 8 അടി ഉയരവുമുണ്ട് ഈ ശിൽപ്പത്തിന്.
● 5200 കിലോഗ്രാം ആണ് ഭാരം.
കണ്ണൂർ: (KVARTHA) പയ്യന്നൂർ സ്വദേശിയായ ശിൽപ്പി ഉണ്ണി കാനായിയുടെ കരവിരുതിൽ ഗുരുവായൂരിൽ മറ്റൊരു അപൂർവ ശിൽപ്പം കൂടി പിറവിയെടുത്തു. മഞ്ജുളാലിന് മുന്നിൽ ചിറക് വിരിച്ചു നിൽക്കുന്ന ഗരുഡൻ ഇപ്പോൾ ഗുരുവായൂരിൻ്റെ മുഖമുദ്രയായി മാറിയിരിക്കുകയാണ്. ഉണ്ണി കാനായിയുടെ കലാജീവിതത്തിലെ ഏറ്റവും ധന്യമായ സൃഷ്ടികളിലൊന്നാണ് ഈ ശിൽപം. ദൈവനിയോഗം പോലെ അതിവേഗം പൂർത്തിയായ ഈ ശിൽപ്പം സ്വപ്നമാണോ യാഥാർത്ഥ്യമാണോ എന്ന് ഇപ്പോഴും വിശ്വസിക്കാൻ കഴിയുന്നില്ലെന്ന് ഉണ്ണി കാനായി പറഞ്ഞു.
ജീവിതത്തിൽ ആദ്യമായാണ് ഇത്രയും വലിയൊരു വെങ്കല ശിൽപ്പം പൂർത്തിയാക്കാൻ കഴിഞ്ഞതെന്ന് ഉണ്ണി കാനായി കൂട്ടിച്ചേർത്തു. 20 അടി വീതിയും 8 അടി ഉയരവുമുള്ള ഈ ശിൽപ്പത്തിന് 5200 കിലോഗ്രാം ഭാരമുണ്ട്. ഇന്ത്യയിലെ ഏറ്റവും വലിയ വെങ്കല ഗരുഡശിൽപ്പമാണിത്. കേരളത്തിലെ പ്രശസ്ത ക്ഷേത്രമായ ഗുരുവായൂർ ക്ഷേത്രത്തിൽ ഈ ശിൽപ്പം ഒരുക്കാൻ കഴിഞ്ഞതിലുള്ള സന്തോഷം പറഞ്ഞറിയിക്കാൻ കഴിയാത്തതാണെന്നും അദ്ദേഹം വ്യക്തമാക്കി.
പ്രശസ്ത ചലച്ചിത്ര നിർമ്മാതാവും വ്യവസായിയുമായ വേണു കുന്നപ്പിള്ളിയാണ് ഗരുഡ ശിൽപ്പം ഗുരുവായൂരിൽ സമർപ്പിച്ചത്. 2018, മാമാങ്കം, ചാവേർ, രേഖ തുടങ്ങിയ ചിത്രങ്ങളുടെ നിർമ്മാതാവാണ് വേണു കുന്നപ്പിള്ളി. മഞ്ജുളാൽ ഗരുഡ ശിൽപ്പം ഒരു ശ്രമകരമായ ദൗത്യമായിരുന്നു. ആദ്യം നാലടി വീതിയിൽ ഒരു ചെറുരൂപം നിർമ്മിച്ചു. അത് ക്ഷേത്രം തന്ത്രി പി.സി. ദിനേശൻ നമ്പൂതിരിപ്പാട് പ്രകാശനം ചെയ്തു. പിന്നീട് 20 അടി വീതിയിലും എട്ട് അടി ഉയരത്തിലും കളിമണ്ണിൽ ചിറക് വിടർത്തി പാമ്പിൻ്റെ ദേഹത്ത് കാലുകൊണ്ട് ഇറക്കിപ്പിടിച്ച് നിൽക്കുന്ന രീതിയിലുള്ള ശിൽപ്പം ഉണ്ടാക്കി. കാനായിയിലെ ഉണ്ണി കാനായിയുടെ പണിപ്പുരയിലെത്തി ക്ഷേത്രം തന്ത്രിയും ചെയർമാനും അഡ്മിനിസ്ട്രേറ്ററും വേണു കുന്നുംപള്ളിയും ശിൽപ്പം വിലയിരുത്തി.
അതിനുശേഷം മെഴുകിലായിരുന്നു ശിൽപ്പം തീർത്തത്. മൂന്നുവർഷം സമയമെടുത്താണ് വെങ്കലത്തിൽ പരമ്പരാഗത രീതിയിൽ നിർമ്മാണം പൂർത്തിയാക്കിയത്. 5200 കിലോ തൂക്കത്തിൽ വെങ്കലത്തിൽ നിർമിച്ച ഗരുഡശിൽപ്പം സ്വർണ്ണ വർണ്ണം പൂശി പൂർത്തിയാക്കി. അരനൂറ്റാണ്ട് മുമ്പ് നിർമിച്ച പഴയ സിമൻ്റിൽ തീർത്ത ഗരുഡ ശിൽപ്പം ക്ഷേത്ര ഭരണസമിതിയുടെ അനുവാദത്തോടെ അറ്റകുറ്റപ്പണി നടത്തി നവീകരിച്ചു. അത് ക്ഷേത്രത്തിൻ്റെ തെക്കെ നടയിൽ ശ്രീവത്സരത്തിന് മുന്നിൽ സ്ഥാപിച്ചു. ശിൽപകലാ ജീവിതത്തിൽ 22 വർഷം പിന്നിടുന്ന വേളയിലാണ് ഉണ്ണി കാനായിക്ക് ശ്രദ്ധേയമായ രണ്ട് ശിൽപങ്ങൾ ഒരുക്കാൻ കഴിഞ്ഞത്.
ഒരു നിർമ്മാണ തൊഴിലാളിയായ ഉണ്ണി കാനായി യാദൃശ്ചികമായാണ് ശിൽപകലാ രംഗത്തേക്ക് കടന്നുവന്നത്. തൻ്റെ പൂർവവിദ്യാലയമായ കടന്നപ്പള്ളി ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ തുഞ്ചത്ത് രാമാനുജൻ എഴുത്തച്ഛൻ്റെ ശിൽപ്പം നിർമ്മിച്ചാണ് അദ്ദേഹം ഈ രംഗത്തേക്ക് കടന്നുവന്നത്. രണ്ട് പതിറ്റാണ്ടിനിടയിൽ ഒട്ടേറെ ശിൽപങ്ങൾ അദ്ദേഹം നിർമ്മിച്ചു. ചരിത്രപുരുഷന്മാരും ക്ഷേത്രകവാടങ്ങളും മറ്റുമായി കേരളക്കരയിൽ ഉടനീളം ഉണ്ണി കാനായിയുടെ ശിൽപങ്ങളുണ്ട്. കാനായിയിലെ ഒരു സാധാരണ കുടുംബത്തിലാണ് ഉണ്ണി കാനായി ജനിച്ചത്. സ്വപ്രയത്നത്താൽ കലാകേരളത്തിൽ സ്ഥാനം നേടിയ ഈ യുവ ശിൽപ്പി കേരള ലളിതകലാ അക്കാദമി നിർവാഹക സമിതിയംഗം കൂടിയാണ്.
ഈ വാർത്ത നിങ്ങൾക്ക് ഇഷ്ട്ടമായെങ്കിൽ ഷെയർ ചെയ്യൂ, നിങ്ങളുടെ അഭിപ്രായങ്ങൾ രേഖപ്പെടുത്തൂ!
Sculptor Unni Kanayi from Payyanur has created another rare sculpture at Guruvayur. The Garuda, which stands with its wings outstretched in front of Manjulal, has now become the hallmark of Guruvayur. This sculpture is one of the most blessed creations in Unni Kanayi's artistic life.
#UnniKanayi #Guruvayur #GarudaSculpture #KeralaArt #Sculpture #TempleArt