Arrested | 'അതിഥി തൊഴിലാളികളെ ജോലിക്കാണെന്ന വ്യാജേനെ കൂട്ടിക്കൊണ്ടുവന്ന് കവര്‍ച്ചയ്ക്കിരയാക്കി'; 2 പേര്‍ അറസ്റ്റില്‍
കണ്ണൂര്‍: (KVARTHA) പരിയാരത്ത് അതിഥി തൊഴിലാളികളെ ജോലിയെടുപ്പിക്കാനെന്ന വ്യാജേനെ വിജനമായ സ്ഥലത്തെത്തിച്ചു കബളിപ്പിച്ചു പണവും മൊബൈല്‍ ഫോണുകളുമായി കടന്നുവെന്ന കേസില്‍ രണ്ടുപേര്‍ അറസ്റ്റില്‍. ആലപ്പുഴ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ എ എന്‍ അനൂപ് (45), തൃശൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ കെ എസ് അനീഷ് (30) എന്നിവരെയാണ് പരിയാരം എസ് ഐ എന്‍പി രാഘവന്‍ അറസ്റ്റ് ചെയ്തത്.
ഇക്കഴിഞ്ഞ മെയ്-30 നാണ് സംഭവം നടന്നത്. തളിപ്പറമ്പില്‍ നിന്നും പൂവ് പറിക്കുന്ന ജോലിക്കാണെന്ന് പറഞ്ഞ് ടി എന്‍0 9 കെ-8845 നീല മാരുതിക്കാറില്‍ ഇരുവരും നാല് അതിഥി തൊഴിലാളികളെ പരിയാരം അമ്മാനപ്പാറയില്‍ എത്തിക്കുകയും അവര്‍ പണിയെടുത്തുകൊണ്ടിരിക്കെ കാറില്‍ സൂക്ഷിച്ച 11,000 രൂപയും 13,500, 19,500 രൂപ വിലവരുന്ന രണ്ട് ഫോണുകളുമായി കടന്നുകളയുകയുമായായിരുന്നുവെന്നാണ് കേസ്.
പശ്ചിമബംഗാള്‍ മുര്‍ഷിദാബാദ് ബഹ് റാംപൂരിലെ തപസ് ചൗധരി, ബികാസ്, ഗൗതം മാന്‍ഡ എന്നിവരും പേരറിയാത്ത മറ്റൊരാളുമാണ് കവര്‍ച്ചക്കിരയായത്. രണ്ട് മോഷ്ടാക്കളും കുടുംബസമേതം പറശിനിക്കടവ് മുത്തപ്പന്‍ ക്ഷേത്രത്തിലെത്തി അവിടെ ലോഡ് ജില്‍ മുറിയെടുത്ത ശേഷമാണ് കാറുമായി മോഷണത്തിന് ഇറങ്ങിയത്.
പയ്യന്നൂര്‍ ഡി വൈ എസ് പി കെ വിനോദ് കുമാറിന്റെ മേല്‍നോട്ടത്തില്‍ ഇന്‍സ്‌പെക്ടര്‍ വിനീഷ്‌കുമാര്‍, എസ് ഐ എന്‍പി രാഘവന്‍, അഡീ. എസ് ഐ വിനയന്‍ ചെല്ലരിയന്‍, ക്രൈം സ്‌ക്വാഡ് അംഗങ്ങളായ എ എസ് ഐ ഷിജോ അഗസ്റ്റിന്‍, സീനിയര്‍ സിപിഒമാരായ നൗഫല്‍ അഞ്ചില്ലത്ത്, എന്‍എം അശറഫ്, രജീഷ് പൂഴിയില്‍ എന്നിവരാണ് പ്രതികളെ പിടികൂടിയ സംഘത്തില്‍ ഉണ്ടായിരുന്നത്.