Accident | ടൂറിസ്റ്റ് ട്രാവലർ മറിഞ്ഞ് 6 വയസുകാരിക്ക് ദാരുണാന്ത്യം; നിരവധി പേർക്ക് പരുക്ക്
● കുളിരാമുട്ടിയിൽ ഉച്ചയ്ക്ക് ഒരു മണിക്കായിരുന്നു അപകടം.
● നിലമ്പൂരിൽ നിന്ന് മടങ്ങുകയായിരുന്നു യാത്രക്കാർ.
● പരിക്കേറ്റവരെ മുക്കത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കോഴിക്കോട്: (KVARTHA) കൂടരഞ്ഞിക്ക് സമീപം കുളിരാമുട്ടിയിൽ വിനോദസഞ്ചാരികളുമായി പോവുകയായിരുന്ന ടൂറിസ്റ്റ് ട്രാവലർ നിയന്ത്രണം വിട്ട് മറിഞ്ഞുണ്ടായ അപകടത്തിൽ ആറുവയസുകാരി ദാരുണമായി മരിച്ചു. ചങ്കുവെട്ടി സ്വദേശി എലിസയാണ് മരിച്ചത്. അപകടത്തിൽ സ്ത്രീകളും കുട്ടികളുമടക്കം നിരവധി പേർക്ക് പരിക്കേറ്റു. ഇവരെ മുക്കത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
തിങ്കളാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെയാണ് ദാരുണമായ അപകടം നടന്നത്. വിനോദസഞ്ചാര കേന്ദ്രമായ പൂവാറംതോട് സന്ദർശിച്ച് മടങ്ങുകയായിരുന്നു യാത്രക്കാർ. നിലമ്പൂരിൽ നിന്നും കക്കാടംപൊയിലിലേക്ക് പോയി തിരികെ വരുമ്പോളാണ് അപകടം സംഭവിച്ചത്. ട്രാവലറിൻ്റെ ബ്രേക്ക് നഷ്ടപ്പെട്ടതാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. നിയന്ത്രണം വിട്ട വാഹനം റോഡരികിലെ ഇലക്ട്രിക് പോസ്റ്റിലിടിച്ച് മറിയുകയായിരുന്നു.
അപകടം നടന്നയുടൻ ഓടിക്കൂടിയവർ രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകി. പിന്നീട് മുക്കം ഫയർഫോഴ്സും തിരുവമ്പാടി പൊലീസും സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ഊർജിതമാക്കി. വാഹനത്തിൽ കുടുങ്ങിയവരെ പുറത്തെത്തിച്ചത് നാട്ടുകാരുടെയും ഫയർഫോഴ്സിൻ്റെയും പൊലീസിൻ്റെയും സമയോചിതമായ ഇടപെടൽ കൊണ്ടാണ്.
ട്രാവലറിൽ 26 പേരാണ് ഉണ്ടായിരുന്നത്. പരിക്കേറ്റവരെ ഉടൻതന്നെ ആശുപത്രിയിൽ എത്തിച്ചു. പരിക്കേറ്റവരെല്ലാം ഒരു കുടുംബത്തിൽപ്പെട്ടവരാണ്.
#KozhikodeAccident #RoadAccident #KeralaTourism #TravelTragedy #BusAccident #AccidentNews