കേരളത്തിന്റെ ആശങ്ക സുപ്രീംകോടതി പരിഗണിച്ചു; ജലനിരപ്പ് തമിഴ്‌നാടിന് മാത്രം ഉയര്‍ത്താനാകില്ല

 


തിരുവനന്തപുരം: (www.kvartha.com 11.05.2014) മുല്ലപ്പെരിയാര്‍ ഡാം പ്രശ്‌നത്തില്‍ സുപ്രീംകോടതി കേരളത്തിന്റെ ആശങ്ക പരിഗണിച്ചു എന്നതിന് വിധിയില്‍ വ്യക്തമായ തെളിവ്. ഡാം മേല്‍നോട്ടത്തിന് മൂന്നംഗ സമിതിയെ നിയമിക്കണം എന്ന നിര്‍ദേശം കേരളത്തിന്റെ ആശങ്ക പരിഹരിക്കാന്‍ മാത്രമാണെന്നു ചൂണ്ടിക്കാണിക്കപ്പെടുന്നു. സമിതിയുടെ തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ മാത്രമേ ഡാമിലെ ജലനിരപ്പ് 136 അടിയില്‍ നിന്ന് ഉയര്‍ത്താന്‍ സാധിക്കുകയുള്ളു. മറിച്ച്, 142 അടിവരെ ജലനിരപ്പ് ഉയര്‍ത്താം എന്ന വിധി തമിഴ്‌നാടിന് ഏകപക്ഷീയമായി ജലനിരപ്പ് ഉയര്‍ത്താനുള്ള അനുമതിയല്ല.

വിധി വന്ന പിന്നാലെ വെള്ളിയാഴ്ച തമിഴ്‌നാട് ഉദ്യോഗസ്ഥര്‍ ഡാമിലെത്തി 142 അടിയായി ജലനിരപ്പ് ഉയര്‍ത്തുന്ന ഭാഗം മാര്‍ക്ക് ചെയ്തത് കോടതിയലക്ഷ്യമായേക്കും. കേരളം അത് ചൂണ്ടിക്കാണിക്കണം എന്നു മാത്രം. മൂന്നംഗ സമിതിയിലെ കേരള പ്രതിനിധി ആര് എന്ന കാര്യത്തില്‍ സര്‍ക്കാര്‍ തീരുമാനമെടുത്താല്‍ മതി. എങ്കിലും തിങ്കളാഴ്ച ചേരുന്ന സര്‍വകക്ഷി യോഗത്തില്‍ ഇക്കാര്യത്തില്‍ പ്രതിപക്ഷത്തിന്റെ കൂടി അഭിപ്രായം തേടും.

കേരളത്തിന്റെ ആശങ്ക സുപ്രീംകോടതി പരിഗണിച്ചു; ജലനിരപ്പ് തമിഴ്‌നാടിന് മാത്രം ഉയര്‍ത്താനാകില്ല
കേരളം, തമിഴ്‌നാട്, കേന്ദ്ര സര്‍ക്കാര്‍ എന്നിവയുടെ ഓരോ പ്രതിനിധികള്‍ ഉള്‍പെട്ട സമിതിയെ നിയമിക്കണം എന്നാണ് സുപ്രീംകോടതി നിര്‍ദേശം. ജലനിരപ്പ് ഉയര്‍ത്തുന്ന കാര്യത്തില്‍ തീരുമാനമെടുക്കുന്നത് ഈ ഉന്നതാധികാര സമിതിയായിരിക്കും. സമിതിക്ക് പ്രവര്‍ത്തിക്കാനുള്ള ഓഫീസിനു കേരളം സ്ഥലം കൊടുക്കണം. എന്നാല്‍ സമിതിയുടെ പ്രവര്‍ത്തനച്ചെലവ് മുഴുവന്‍ തമിഴ്‌നാട് വഹിക്കണം എന്നാണ് കോടതി നിര്‍ദേശിച്ചിരിക്കുന്നത്. സാങ്കേതിക വിദഗ്്ധരുമായും രണ്ടു സംസ്ഥാനങ്ങളിലെയും ജലവിഭവ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരുമായും അതാതു സമയത്ത് ആവശ്യമായ ചര്‍ച്ചകള്‍ നടത്തിയാകും സമിതി തീരുമാനമെടുക്കുക.

തമിഴ്‌നാട് ജലവിഭവ വകുപ്പിലെ മുന്‍ ചീഫ് എന്‍ജിനീയറും കാവേരി സെല്‍ ചെയര്‍മാനുമായ എന്‍. സുബ്രഹ്മണ്യത്തെ അവര്‍ സ്വന്തം പ്രതിനിധിയായി നിര്‍ദേശിച്ചു കഴിഞ്ഞു. കേന്ദ്രത്തിലെ നിലവിലെ സര്‍ക്കാരിന് പ്രതിനിധിയെ നിയമിക്കാന്‍ അധികാരമുണ്ട്. പുതിയ സര്‍ക്കാര്‍ അധികാരത്തിലെത്താന്‍ കേന്ദ്രം കാത്തിരിക്കുമോ എന്നു വ്യക്തമല്ല. പ്രശ്‌നത്തിന്റെ അടിയന്തര സ്വഭാവം പരിഗണിച്ച് കേന്ദ്ര നോമിനിയെ ഉടന്‍ നിയമിക്കണം എന്നും സര്‍വകക്ഷി യോഗം ആവശ്യപ്പെട്ടേക്കും.

അതിനിടെ, 1979ല്‍ ആദ്യമായി മുല്ലപ്പെരിയാര്‍ ഡാമിന്റെ ദുര്‍ബലാവസ്ഥ കണ്ടെത്തിയ കേന്ദ്ര ജല കമ്മീഷന്‍ ചെയര്‍മാന്‍ ഡോ. കെ.സി തോമസിനെ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി കഴിഞ്ഞ ദിവസം സന്ദര്‍ശിച്ചു. തിരുവനന്തപുരത്ത് താമസിക്കുന്ന 90 വയസുകാരനായ കെ.സി തോമസ് ഡാം തര്‍ക്കത്തില്‍ പരസ്യ പ്രതികരണങ്ങള്‍ക്കു മുതിരാറില്ല. സുപ്രീംകോടതി വിധി അംഗീകരിക്കുകയാണു വേണ്ടതെന്നും റിവ്യൂ പെറ്റീഷന്‍ കൊടുക്കുന്നതില്‍ കാര്യമില്ലെന്നും അദ്ദേഹം മുഖ്യമന്ത്രിയോടു പറഞ്ഞതായി അറിയുന്നു. ഡാം ദുര്‍ബലമാണെന്നു തിരിച്ചറിഞ്ഞതിനേത്തുടര്‍ന്ന് ബലപ്പെടുത്തിയത് മതിയായ തോതിലാണന്നും ഡാം തകരില്ല എന്നുമാണ് കെ.സി തോമസിന്റെ നിലപാട്.

തനിക്ക് ഇപ്പോള്‍ 50 വയസായിരുന്നെങ്കില്‍ മുല്ലപ്പെരിയാര്‍ ഡാമിന്റെ താഴ്ഭാഗത്ത് എവിടെയെങ്കിലും കുറച്ചു സ്ഥലം വാങ്ങി വീടുവച്ച് താമസിക്കുമായിരുന്നു എന്ന് ജസ്റ്റിസ് കെ.ടി തോമസിനോട് അദ്ദേഹം പറഞ്ഞിരുന്നു. ഡാം സുരക്ഷിതമാണെന്നു ജനങ്ങളെ ബോധ്യപ്പെടുത്താന്‍ അതുവഴി സാധിക്കുമായിരുന്നു എന്ന കെ.സി തോമസിന്റെ അഭിപ്രായം ജസ്റ്റിസ് കെ ടി തോമസ് എഴുതിയ ' മുല്ലപ്പെരിയാര്‍ ഡാം: ചില വെളിപ്പെടുത്തലുകള്‍' എന്ന പുസ്‌കതത്തിന്റെ പുറംചട്ടയില്‍തന്നെ ഉള്‍പെടുത്തിയിട്ടുണ്ട്.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം

Keywords : Thiruvananthapuram, Mullaperiyar, Mullaperiyar Dam, Save Mullaperiyar, Supreme Court of India, Tamilnadu, Kerala. 
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia