Tiger | വയനാട് കേണിച്ചിറയില്‍ പിടികൂടിയ കടുവയെ തിരുവനന്തപുരം മൃഗശാലയിലെത്തിച്ചു; ഇനി 21 ദിവസം ക്വാറന്റീന്‍
തിരുവനന്തപുരം: (KVARTHA) സൗത് വയനാട് ഫോറസ്റ്റ് സബ് ഡിവിഷന്റെ (South Wayanad Forest Sub Division) കീഴിലുള്ള കേണിച്ചിറയില്‍നിന്ന് (Kenichira) പിടികൂടിയ കടുവയെ (Tiger) തിരുവനന്തപുരത്തെ മൃഗശാലയില്‍ (Zoo) എത്തിച്ചു. 21 ദിവസത്തെ ക്വാറന്റീനും ചികിത്സയ്ക്കും ശേഷം മൃഗശാലയിലെ ബംഗാള്‍ പെണ്‍കടുവയ്ക്ക് കൂട്ടായി മൃഗശാലയിലെ കൂട്ടിലേക്ക് മാറ്റും.
14 മണിക്കൂര്‍ യാത്രയ്ക്ക് ഒടുവില്‍ പ്രത്യേകം സജ്ജീകരിച്ച ആനിമല്‍ ആംബുലന്‍സിലാണ് 10 വയസുള്ള തോല്‍പ്പെട്ടി 17ാമന്‍ തിരുവനന്തപുരത്ത് എത്തിയത്. ചെതലയം റേന്‍ജ് ഓഫീസറുടെ മേല്‍നോട്ടത്തിലായിരുന്നു ആണ്‍ കടുവയുടെ യാത്ര.
യാത്രയില്‍ ശാന്തനായിരുന്നെങ്കിലും മൃഗശാലയില്‍ എത്തിച്ച് കൂട്ടിലേക്ക് കയറ്റുമ്പോള്‍ ഇടയ്ക്ക് ഒന്ന് ശൗര്യം വീണ്ടെടുത്തു. പിന്നെ പതുങ്ങി. ചെറിയ ക്ഷീണവും നടക്കാന്‍ പ്രയാസവും ഉണ്ടെങ്കിലും ആരോഗ്യവാനാണെന്ന് അധികൃതര്‍ അറിയിച്ചു.
നിലവില്‍ തിരുവനന്തപുരം മൃഗശാലയില്‍ നാല് കടുവകളാണ് ഉള്ളത്. ഇതില്‍ ബംഗാള്‍ ആണ്‍ കടുവയ്ക്കും വെള്ളക്കടുവകള്‍ക്കും പ്രായമായി. ആരോഗ്യമുള്ള ബംഗാള്‍ പെണ്‍കടുവയ്ക്ക് കൂട്ടായാണ് വയനാട്ടില്‍ നിന്നുള്ള ആണ്‍കടുവയെത്തിയത്.
ജനവാസ മേഖലയില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാക്കാന്‍ തുടങ്ങിയതോടെയാണ് വനം വകുപ്പ് കഴിഞ്ഞമാസം 23ന് കടുവയെ കെണിയിലാക്കിയത്. വയനാട് കുപ്പാടിയില്‍ വനംവകുപ്പിന്റെ കടുവാ പുനരധിവാസ കേന്ദ്രം ഉണ്ടെങ്കിലും കൂടുതല്‍ ആരോഗ്യ പരിശോധനകള്‍ക്കും ചികിത്സയ്ക്കുമായാണ് കടുവയെ മൃഗശാലാ ആശുപത്രിയിലേക്ക് എത്തിച്ചത്.