Body Found | സമാനതകളില്ലാത്ത രക്ഷാ ദൗത്യം; ആമയിഴഞ്ചാന്‍ തോട്ടില്‍ കാണാതായ ശുചീകരണത്തൊഴിലാളി ജോയിയുടെ മൃതദേഹം കണ്ടെത്തി
റെയില്‍വേയില്‍ നിന്നും വെള്ളം ഒഴികിയെത്തുന്ന സ്ഥലമാണിത്.
ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരാണ് മൃതദേഹം ഒഴുകി പോകുന്നത് രാവിലെ കണ്ടത്.
തിരുവനന്തപുരം: (KVARTHA) ആമയിഴഞ്ചാന്‍ (Amayinchan) തോട്ടില്‍ വീണ് കാണാതായ ശുചീകരണത്തൊഴിലാളി (Sanitation Worker) ജോയി(47)യുടെ മൃതദേഹം (Dead Body) കിട്ടി. കാണാതായി 46 മണിക്കൂറിന് ശേഷം മൂന്നാം നാളാണ് ജോയിയുടെ മൃതദേഹം കനാലില്‍ പൊങ്ങിയത്. ജീര്‍ണിച്ച അവസ്ഥയിലാണെങ്കിലും ബന്ധുക്കളും സുഹൃത്തുക്കളും മൃതദേഹം ജോയിയുടേത് തന്നെയെന്ന് സ്ഥിരീകരിച്ചു.
പഴവങ്ങാടി തകരപറമ്പ്-വഞ്ചിയൂര്‍ റോഡിലെ കനാലിലാണ് മൃതദേഹം കണ്ടെത്തിയത്. റെയില്‍വേയുടെ ഭാഗത്തുളള കനാലിലാണ് ജോയിയെ കാണാതായിരുന്നത്. ഇതിന്റെ അടിസ്ഥാനത്തില്‍ ഇവിടെയാണ് തെരച്ചില്‍ നടത്തിയിരുന്നത്. റെയില്‍വേയുടെ ഭാഗത്ത് നിന്നും വെള്ളം ഒഴികിയെത്തുന്ന സ്ഥലത്താണ് ഇപ്പോള്‍ മൃതദേഹം കണ്ടെത്തിയത്. കനാലില്‍ നിന്നും പുറത്തെടുത്ത മൃതദേഹം മെഡികല്‍ കോളജ് ആശുപത്രിയിടെ മോര്‍ചറിയിലേക്ക് മാറ്റി. ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരാണ് മൃതദേഹം ഒഴുകി പോകുന്നത് രാവിലെ കണ്ടത്.
നാവികസേനയുടെ മുങ്ങല്‍ വിദഗ്ധരുടെ നേതൃത്വത്തിലുള്ള തിങ്കളാഴ്ച (15.07.2024) രാവിലെ ആറരയോടെയാണ് തിരച്ചില്‍ പുനഃരാരംഭിച്ചത്. തൊഴിലാളിയെ കണ്ടെത്തുന്നതിനായി മുങ്ങല്‍ വിദഗ്ധര്‍ അടക്കമുള്ള ഏഴംഗ നാവിക സേന സംഘവും ഞായറാഴ്ച (14.07.2024) രാത്രിയോടെയാണ് സ്ഥലത്തെത്തിയത്.
കടലിന് അടിയിലുളള വസ്തുക്കള്‍ കണ്ടെത്താന്‍ നാവിക സേന ഉപയോഗിക്കുന്ന സോണാര്‍ ഉപയോഗിച്ച് പരിശോധിച്ച ശേഷമാണ് തിങ്കളാഴ്ചത്തെ ദൗത്യം തുടങ്ങിയത്. എത്ര ഇരുട്ടിലും ദൃശ്യങ്ങള്‍ പകര്‍ത്താനുള്ള നിരീക്ഷണ കാമറ സംവിധാനമാണ് സോണാര്‍. കഴിഞ്ഞ രണ്ട് ദിവസമായി എന്‍ഡിആര്‍എഫ്, അഗ്‌നിരക്ഷ സേന വിഭാഗങ്ങള്‍, സ്‌കൂബ ടീം എന്നിവരും തിരച്ചിലിനുണ്ടായിരുന്നു.
തിങ്കളാഴ്ചത്തെ തിരച്ചില്‍ ആരംഭിക്കാനിരിക്കെയാണ് തകരപറമ്പ് ഭാഗത്ത് ഒരു മൃതദേഹം കനാലില്‍ കണ്ടെത്തിയെന്ന വിവരം പുറത്ത് വന്നത്. ശുചീകരണ തൊഴിലാളികളാണ് മാലിന്യങ്ങള്‍ക്കിടയില്‍ ഒരു മൃതദേഹം പൊങ്ങിക്കിടക്കുന്നുവെന്ന വിവരം പൊലീസിനെ അറിയിച്ചത്. ഉടന്‍ തന്നെ പൊലീസ് സംഘവും ജോയിയുടെ ബന്ധുക്കളും സ്ഥലത്തെത്തി. മൃതദേഹം ജോയിയുടേതെന്ന് സ്ഥിരീകരിക്കുകയായിരുന്നു.
ശനിയാഴ്ച (13.07.2024) രാവിലെ 11 മണിയോടെയാണ് മാരായമുട്ടം സ്വദേശി ജോയിയെ (47) കാണാതായത്.
ജോയിയും മറ്റു മൂന്ന് തൊഴിലാളികളും തമ്പാനൂര്‍ റെയില്‍വേ സ്റ്റേഷനോട് ചേര്‍ന്നുള്ള ഭാഗത്തെ ആമയിഴഞ്ചാന്‍ തോട്ടിലെ മാലിന്യം വൃത്തിയാക്കാനിറങ്ങിയതായിരുന്നു. കനത്തമഴയില്‍ പെട്ടെന്നുണ്ടായ ഒഴുക്കില്‍ തോട്ടിലിറങ്ങി മാലിന്യം മാറ്റുകയായിരുന്ന ജോയിയെ കാണാതാവുകയായിരുന്നു.
രക്ഷാപ്രവര്‍ത്തകര്‍ മാലിന്യങ്ങള്‍ക്കടിയില്‍ മുങ്ങി തപ്പിയെങ്കിലും ജോയിയെ കണ്ടെത്താനായില്ല. റെയില്‍ പാളത്തിന് അടിയിലൂടെ തോട് കടന്നുപോകുന്ന തുരങ്ക സമാനമായ സ്ഥലത്ത് മാലിന്യക്കൂമ്പാരങ്ങള്‍ക്കിടയില്‍ വളരെ പ്രയാസപ്പെട്ടാണ് സ്‌കൂബാ ഡൈവിംഗ് സംഘമടക്കമിറങ്ങി തിരച്ചില്‍ നടത്തിയത്. എന്നാല്‍ കഴിഞ്ഞ രണ്ട് ദിവസം തിരച്ചില്‍ നടത്തിയിട്ടും ജോയിയെ കണ്ടെത്താനായില്ല. ഒടുവില്‍ ഒന്നരകിലോമീറ്ററിനപ്പുറം കനാലില്‍ തിങ്കളാഴ്ച രാവിലെ മൃതദേഹം പൊങ്ങുകയായിരുന്നു.
ജോയിയെ കണ്ടെത്താനായി സമാനതകളില്ലാത്ത രക്ഷാ ദൗത്യമാണ് അഗ്‌നിരക്ഷാ സേനയുടെ സ്‌കൂബാ സംഘവും എന്‍ഡിആര്‍എഫും നേവിയും പൊലീസുമെല്ലാം തിരുവനന്തപുരം തമ്പാനൂരിലെ ആമയിഴഞ്ചാന്‍ തോട്ടില്‍ ഏറ്റെടുത്തത്.