Analysis | ആഡംബര വിവാഹങ്ങള്‍ കളറാക്കുന്നവര്‍ അതിനുശേഷവും സംഭവിക്കുന്നതെന്തെന്ന യാഥാര്‍ത്ഥ്യങ്ങളും തിരിച്ചറിയണം; വിവാഹമോചനങ്ങള്‍ പരാജയം മാത്രമാണോ?
● നല്ല വരനെ കിട്ടാന്‍ സ്ത്രീധനം പോലും ഓഫര്‍ ചെയ്യുന്നു.
● സ്വര്‍ണത്തിനും പണത്തിനും വേണ്ടിയുള്ള അരുംകൊല.
● പെണ്‍മക്കളെ വിവാഹ കമ്പോളത്തില്‍ ഒരു ചരക്കാക്കി മാറ്റുന്നു.
ഭാമനാവത്ത്
(KVARTHA) നമ്മുടെ നാട്ടില്‍ ആഡംബര വിവാഹങ്ങള്‍ നടത്തുന്നത് ഒട്ടേറെ പേരാണ്. സമ്പന്നമാര്‍ മാത്രമല്ല ഇടത്തരക്കാരും മക്കളുടെ വിവാഹങ്ങള്‍ ബോളിവുഡ് സിനിമ പോലെ വര്‍ണാഭമാക്കാന്‍ ശ്രമിക്കുന്നു. നേരത്തെ ഒന്നോ രണ്ടോ ദിവസമാണെങ്കില്‍ ഇപ്പോള്‍ നാല് ദിവസം വരെ നീളുന്ന ആഘോഷങ്ങള്‍ വീടുകളില്‍ കൂറ്റന്‍ പന്തലിട്ടും ആഡംബര ഹോട്ടലുകളിലും ഓഡിറ്റോറിയങ്ങളിലും നടത്തുന്നവരുണ്ട്. എത്ര വില കൂടിയാലും സാരമില്ല പെണ്‍മക്കളെ പൊന്നില്‍ കുളിപ്പിക്കണമെന്ന് വിചാരിക്കുന്നവരാണ് കേരളത്തിലെത്തി ലെ രക്ഷിതാക്കളില്‍ അധികവും.
നല്ല വരനെ കിട്ടാന്‍ സ്ത്രീധനം പോലും ഓഫര്‍ ചെയ്യുന്നവരുമുണ്ട്. വിവാഹങ്ങള്‍ ഒരിക്കലല്ലേ നടക്കുന്നുള്ളുവെന്നാണ് ഇവരുടെ വാദം. എന്നാല്‍ ഇത്തരം വിവാഹങ്ങള്‍ ദുരന്തങ്ങളിലേക്ക് കലാശിക്കുന്നതും ഒരു വര്‍ഷം പിന്നിടും മുന്‍പെ നവദമ്പതികള്‍ വേര്‍പിരിയുന്നതും കൂടി വരികയാണ്. സ്ത്രീധന പീഡനവും സ്വര്‍ണത്തിനും പണത്തിനും വേണ്ടിയുള്ള അരുംകൊലകളും നടക്കുന്ന ഒട്ടേറെ സംഭവങ്ങള്‍ കേരളത്തെ ഞെട്ടിക്കാറുണ്ട്.
വിസ്മയയും ഉത്രയുമൊക്കെ ഇത്തരം ആഡംബര വിവാഹങ്ങള്‍ക്കു ശേഷം ഭര്‍ത്താവിന്റെയും ഭര്‍തൃവീട്ടുകാരുടെയും പീഡനങ്ങള്‍ക്കിരയായി അകാലത്തിന്‍ ജീവന്‍ വെടിയേണ്ടി വന്നവരാണ്. ആഡംബര വിവാഹങ്ങള്‍ നടത്തുന്നവര്‍ പെണ്‍മക്കളെ വിവാഹ കമ്പോളത്തില്‍ ഒരു ചരക്കാക്കി മാത്രം മാറ്റുമ്പോള്‍ സംഭവിക്കുന്ന സ്വാഭാവിക തിരിച്ചടി മാത്രമാണിത്. വിവാഹങ്ങള്‍ പോലെ തന്നെ സ്വാഭാവികമാകേണ്ട ഒന്നാണ് വിവാഹമോചനങ്ങളുമെന്നത് ഇത്തരക്കാര്‍ ഇനിയെങ്കിലും തിരിച്ചറിയണം ജനനവും മരണവും പോലെ യാഥാര്‍ത്ഥ്യമാണത്.
രണ്ട് സാഹചര്യങ്ങളില്‍ രണ്ടുതരം അനുഭവങ്ങളിലൂടെ പരുവപ്പെട്ട രണ്ട് വ്യത്യസ്ത മനുഷ്യര്‍ ഒരേ ജീവിതം പങ്കുവെച്ച് ജീവിക്കാന്‍ തീരുമാനിക്കുന്നു എന്നതില്‍ തന്നെ സഹജമായ റിസ്‌ക്കുണ്ട്. അത് അറേഞ്ച്ഡ് വിവാഹമായാലും പ്രണയ വിവാഹമായാലും ഒന്നുതന്നെയാണ്. സമാന താത്പര്യങ്ങളും പരസ്പരം ആകര്‍ഷകമായി തോന്നുന്ന കാര്യങ്ങളും ഒക്കെ എല്ലാ മനുഷ്യര്‍ക്കിടയിലും ഉണ്ടാകും. അതുപോലെ തന്നെ വ്യത്യസ്തതകളും ഇഷ്ടക്കേടുകളും ഉണ്ടാകും. ഇതില്‍ അനിഷ്ടങ്ങളും വ്യത്യസ്തതകളും അവഗണിക്കാന്‍ സമാനതകളും ഇഷ്ടങ്ങളും എത്രത്തോളം പങ്ക് വഹിക്കുമെന്ന്മുന്‍കൂട്ടി പറയാന്‍ കഴിയില്ല.
കൂടുതല്‍ അറിയുന്തോറും ഇഷ്ടങ്ങളാണോ അനിഷ്ടങ്ങളാണോ കൂടാന്‍ പോകുന്നത് എന്നും പറയാന്‍ കഴിയില്ല. ഇതിനൊക്കെ പുറമേ, മനുഷ്യര്‍ സദാ പരിണമിച്ചുകൊണ്ടിരിക്കും. ഇഷ്ടങ്ങളും താത്പര്യങ്ങളും മാറാം, ആഗ്രഹങ്ങള്‍ മാറാം, മനോഭാവങ്ങള്‍ മാറാം, ചുറ്റുപാടുകള്‍ മാറാം, അങ്ങനെ ഒരുപാട് മാറ്റങ്ങള്‍ വരാം. ഒരുമിച്ച് ജീവിക്കുന്ന രണ്ട് വ്യക്തികള്‍ രണ്ട് രീതിയില്‍ മാറുകയാണെങ്കില്‍ അവര്‍ക്കിടയിലുള്ള വിടവ് കൂടാതെ തരമില്ലല്ലോ.
പിന്നെ സാമൂഹ്യജീവി എന്ന നിലയില്‍ മനുഷ്യരെ സംബന്ധിച്ച് വിവാഹജീവിതം ഒരു സൗകര്യം കൂടിയാണ്. കൂടെയുള്ളത് താനാഗ്രഹിക്കുന്നതുപോലെയുള്ള ആളല്ല എന്ന് തിരിച്ചറിഞ്ഞാല്‍പ്പോലും ഒരുമിച്ച് ഏറ്റെടുത്തിട്ടുള്ള ഉത്തരവാദിത്വങ്ങള്‍ (കുട്ടികള്‍ ഉള്‍പ്പടെ), മറ്റൊരു പങ്കാളിയെ കണ്ടെത്തുന്നതിലുള്ള അപ്രായോഗികത, കുടുംബത്തില്‍ നിന്നും സമൂഹത്തില്‍ നിന്നും ഉണ്ടാകാവുന്ന സമ്മര്‍ദ്ദം എന്നിങ്ങനെ പല ഘടകങ്ങള്‍ കാരണം അത് ഉള്‍ക്കൊണ്ട് അഡ്ജസ്റ്റ് ചെയ്ത് പോയേക്കും. അതില്‍ ശരിയോ തെറ്റോ കണ്ടെത്തുന്നതില്‍ വലിയ കഥയുണ്ടെന്ന് തോന്നുന്നില്ല. വ്യക്തികളുടെ തീര്‍ത്തും സ്വകാര്യമായ കാര്യമാണത്.
സോഷ്യല്‍ മീഡിയയില്‍ നടക്കുന്ന ചര്‍ച്ചകള്‍ നോക്കിക്കഴിഞ്ഞാല്‍ വിവാഹജീവിതത്തിലെ സ്വകാര്യത എന്ന ഭാഗം നമ്മള്‍ കാണുന്നേയില്ലെന്നത് യാഥാര്‍ത്ഥ്യമാണ്. സെലിബ്രിറ്റികളുടെ വിവാഹമോചന വാര്‍ത്തകളെക്കുറിച്ച് ജഡ്ജ്‌മെന്റ് പാസ്സാക്കുന്ന മനുഷ്യരുടെ ബാഹുല്യം നോക്കിയാല്‍ മതി. അക്കൂട്ടത്തില്‍ ആക്ഷേപവും പരിഹാസവുമൊക്കെ നടത്തുന്ന മനുഷ്യരെ എഴുതിത്തള്ളിയാല്‍പ്പോലും, വെറുതേ അഭിപ്രായം പറയുന്ന മട്ടില്‍ പറയുന്നവര്‍ പോലും ഇല്ലാത്ത ഉറപ്പ് പല കാര്യത്തിലും ഉള്ളവരാണെന്ന് തോന്നിക്കും.
രണ്ട് മനുഷ്യരുടെ വിവാഹജീവിതത്തില്‍ മൂന്നാമതൊരാള്‍ക്കുപോലും അറിയാത്ത പല കാര്യങ്ങളുണ്ടാകും. ആകെ വിരലിലെണ്ണാവുന്ന ചിലര്‍ക്ക് മാത്രം അറിയാവുന്ന കാര്യങ്ങള്‍ ഒരുപാടുണ്ടാകും. അത്തരം അതിസ്വകാര്യ കാര്യങ്ങളുടെ പുറത്താകാം ചിലപ്പോള്‍ ബന്ധം വേര്‍പിരിയുന്നത്. അത് പിരിയുന്നതിന് മുന്‍പായാലും ശേഷമായാലും അവരുടെ മാത്രം സ്വകാര്യമാണ്, മറ്റാരെയും പറഞ്ഞ് ബോധ്യപ്പെടുത്തേണ്ട ബാധ്യത അവര്‍ക്കില്ലെന്ന് മോട്ടിവേറ്ററും സാമുഹ്യ നിരീക്ഷകനുമായ വൈശാഖന്‍ തമ്പി തന്റെ ഫെയ്‌സ്ബുക്ക് പേജിലൂടെ ചൂണ്ടികാണിച്ചത് പരമാര്‍ത്ഥമാണ്.
മറ്റ് സാമൂഹ്യബന്ധങ്ങളെ മൊത്തത്തില്‍ റദ്ദാക്കുന്ന ഒരു നിലപാടല്ല ഈ പറഞ്ഞുവരുന്നത്. പല വേര്‍പിരിയല്‍ തീരുമാനങ്ങളും വൈകാരികമായിരിക്കാം. മൂന്നാമതൊരാള്‍ക്ക് കുറച്ചുകൂടി യുക്തിസഹമായി അതിനെക്കാണാനും തിരുത്താനും കഴിഞ്ഞേക്കും. വേര്‍പിരിയലിലേയ്ക്ക് നീങ്ങുന്ന രണ്ട് മനുഷ്യരോടും അടുപ്പമുള്ള ആളുകള്‍ അത് തടയാന്‍ ശ്രമിക്കുന്നത് തീര്‍ച്ചയായും സാമൂഹ്യജീവിതത്തിലെ ഒരു പോസിറ്റീവ് വശം തന്നെയാണ്. പക്ഷേ അത് ചെയ്യുന്നവര്‍ പോലും തങ്ങള്‍ക്ക് സംഭവങ്ങളുടെ 'വെര്‍ഷനുകള്‍' മാത്രമാണോ അറിയുന്നത് ആലോചിക്കേണ്ടതുണ്ട്.
രണ്ട് വ്യക്തികള്‍ക്കിടയിലെ പ്രശ്‌നത്തിന് രണ്ടുപേരുടെ വേര്‍ഷനുകള്‍ വ്യത്യസ്തമായിരിക്കും. ചിലപ്പോള്‍ അതില്‍ ഒരാളുടെ മാത്രം പ്രശ്‌നമാകാം, ചിലപ്പോള്‍ രണ്ടുപേരുടേതുമാകാം, ചിലപ്പോള്‍ രണ്ടുപേരുടേയും പ്രശ്‌നമല്ലാന്നും വരാം. അത് വേര്‍ഷനുകളില്‍ നിന്ന് മനസ്സിലാവില്ല. അതെന്തുതന്നെയായാലും വേര്‍പിരിയലിനെ ഒരു ദുരന്തം പോലെ കണക്കാക്കേണ്ടതല്ല. പലരുടേയും കാര്യത്തില്‍ ഒരുപക്ഷേ വേര്‍പിരിയലിന് മുന്‍പുള്ള ജീവിതമായിരിക്കും ദുരന്തം, വേര്‍പിരിയല്‍ പരിഹാരവും.
പരസ്പരം വെറുക്കാതെ, കലാപങ്ങളുണ്ടാക്കാതെ വേര്‍പിരിയുന്നതും ഒരു വിജയമായിട്ട് കണക്കാക്കാം. പരസ്പരം വെറുത്ത് നിരന്തരം കലാപകലുഷിതമായി 'കുടുംബജീവിതം' നയിക്കുന്നതിനെക്കാള്‍ എന്തുകൊണ്ടും നല്ലത് അതാണ്. വരാന്‍ പോകുന്ന ജീവിത ദുരന്തങ്ങള്‍ ഒഴിവാക്കാന്‍ ഏറ്റവും നല്ലത് വേദനാജനകമായ വേര്‍പിരിയലുകളാണ് അതിനെ ആരും പരാജയമായി കാണേണ്ടതില്ല.
#KeralaWeddings #DivorceRates #SocietalPressures #Marriage #Relationships