History | കോട്ടയം-കുമളി പാത: കെകെ റോഡിന്റെ പിന്നിലെ അത്ഭുത ചരിത്രങ്ങൾ
● ബ്രിട്ടീഷ് കാലഘട്ടത്തിൽ നിർമ്മിച്ച ഒരു പുരാതന പാതയാണ്.
● കേരളത്തിന്റെ ചരിത്രത്തിലും വികാസത്തിലും നിർണായക പങ്കു വഹിച്ചു.
● പല ദുരന്തങ്ങൾക്കും സാക്ഷിയാണ് ഈ പാത.
കെ ആർ ജോസഫ്
(KVARTHA) നമ്മുടെ നാട്ടിൽ അറിയപ്പെടുന്ന പല റോഡുകളും ഉണ്ട്. അതൊക്കെ എം.സി റോഡ് എന്നോ അല്ലെങ്കിൽ കെ കെ റോഡ്, എം ജി റോഡ് എന്നൊക്കെ അറിയപ്പെടുന്നു. ഈ റോഡുകൾ എല്ലാം തന്നെ അതുമായി ബന്ധപ്പെട്ട പ്രദേശവാസികൾക്കെല്ലാം പ്രിയപ്പെട്ടതുമാണ്. കാരണം, ഒരു പ്രദേശത്തിന് ഒരു ചരിത്രമുണ്ടെന്നതുപോലെ നമ്മുടെ നാട്ടിലെ പ്രധാനപ്പെട്ട എല്ലാ റോഡുകൾക്കും ഒരു ചരിത്രമുണ്ട്. അതിനൊക്കെ വർഷങ്ങളുടെ ചരിത്രവും പറയാനുണ്ടാകും.
നമ്മൾക്ക് കൗതുകവും വിസ്മയവും തോന്നുന്ന ധാരാളം കാര്യങ്ങളും ഈ ചരിത്രത്തിൻ്റെ ഭാഗമായി ഉണ്ടാകും. അതുകൊണ്ട് ഇത്തരം വിഷയങ്ങൾ നമുക്ക് ഏറെ ഇഷ്ടമാകുകയും ചെയ്യുന്നു. ഇന്ന് അതുപോലെ നമ്മുടെ കേരളത്തിലെ ഒരു റോഡിൻ്റെ ചരിത്രമാണ് പരിചയപ്പെടുത്തുന്നത്. കോട്ടയം - കുമളി റോഡ് അല്ലെങ്കിൽ കെ.കെ റോഡിന്റെ ചരിത്രം . അതിൻ്റെ ചരിത്രം വ്യക്തമാക്കുന്ന ഒരു കുറിപ്പാണ് ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങളിൽ ശ്രദ്ധയാകർഷിക്കുന്നത്.
കുറിപ്പിൽ പറയുന്നത്: 'മധ്യതിരുവിതാംകൂറിലെ കോട്ടയത്തെ കിഴക്കൻ മലയിലെ കുമളിയുമായി ബന്ധിപ്പിക്കാൻ ഇംഗ്ലീഷുകാർ നിർമ്മിച്ച പുരാതന പാതയാണ് കോട്ടയം-കുമളി റോഡ്. ഇപ്പോൾ ഈ പാത നാഷണൽ ഹൈവേ 183 (കൊല്ലം-കൊട്ടാരക്കര-കോട്ടയം- കുമളി- തേനി നാഷണൽ ഹൈവേ) യുടെ ഭാഗമാണ്. ക്രിസ്തുമത പ്രചരണാർഥം ഇംഗ്ലീഷുകാരൻ സി.എം.എസ് മിഷനറിമാരിൽ ഒരാളായ റവ.ഹെന്റി ബേക്കർ (ജൂനിയർ) 1845-ൽ മുണ്ടക്കയത്തെത്തി.
കോട്ടയം മുതൽ കുമളി വരെ ഉള്ള ഒരു നടപ്പാത അവിടെ നിലവിലുണ്ടായിരുന്നു. ഹെന്റിയുടെ അഭ്യർഥന പ്രകാരം 1870ൽ തിരുവിതാംകൂർ ദിവാൻ കാളവണ്ടിക്ക് യാത്ര ചെയ്യാൻ പറ്റും വിധം ഈ പാത വിപുലീകരിച്ചു. ഇത് പിന്നീട് കെ.കെ റോഡായി പരിണമിക്കുകയാണ് ഉണ്ടായത്. കൊല്ലവർഷം 1938ൽ` ആരംഭിച്ച റോഡ് മുണ്ടക്കയം വരെ എത്താൻ നാലു വർഷം എടുത്തു. അവിടെ നിന്നും കുമളിയിലെത്താൻ വീണ്ടും നാലു വർഷവും. നൂറു കണക്കിനു തൊഴിലാളികൾ പണിയെടുത്തു.
പലരും മലമ്പനി എന്ന തുള്ളൽ പനി പിടിച്ചു മരിച്ചു. അവരെ സംസ്കരിച്ച സ്ഥലമാണ് പാമ്പാടിയിലെ കാളച്ചന്തയ്ക്കു സമീപമുള്ള തെള്ളിച്ചുവട്. മേൽനോട്ടം വഹിച്ച എഞ്ചിനീയർമാർ തുണികൊണ്ടുള്ള കൂടാരമടിച്ചു താമസിച്ച സ്ഥലം പാമ്പാടിയിലെ കൂടാരക്കുന്ന്. ആനത്താര (ആനകളുടെ നടപ്പുവഴി) വികസിപ്പിച്ചാണ് പലസ്ഥലത്തും റോഡ് നിർമ്മിച്ചത്. ആദ്യം കാളവണ്ടികളായിരുന്നു കെ.കെ.റോഡിൽ കൂടുതൽ. എസ്റ്റേറ്റുകളിലേക്കു കരാറുകാർ സാധനങ്ങൾ കാളവണ്ടികളിൽ കൊണ്ടൂ പോയിരുന്നു.
തുടർന്ന് കിഴക്കൻ മേഖലയിലേക്കു ക്രിസ്ത്യൻ കുടിയേറ്റമുണ്ടായി. പാമ്പാടി, വാഴൂർ, പൊൻകുന്നം, കാഞ്ഞിരപ്പള്ളി, മുണ്ടക്കയം, വണ്ടിപ്പെരിയാർ എന്നീ പ്രദേശങ്ങൾ വികസിച്ചു. പൊൻകുന്നത്തെ മുൾക്കാടുകൾ വെട്ടാൻ ജോലിക്കാർ വിസമ്മതിച്ചപ്പോൾ അവർക്കുത്തേജനം നൽകി പണി മുന്നോട്ടു കൊണ്ടു പോകാൻ മണ്ട്രോ പൊൻനാണയങ്ങൾ വാരി മുൾപ്പടർപ്പിലേക്കെറിഞ്ഞത്രേ. അതുകൊണ്ടാണ് പൊൻകുന്നത്തിന് പ്രസ്തുത പേരു കിട്ടിയതെന്നു പഴമക്കാർ പറയുന്നു.
കെ.കെ റോഡിൽ ആദ്യം ഓടിയിരുന്നത് എട്ടു സീറ്റുള്ള ബസ്സുകളായിരുന്നു. കരിഗ്യാസ് ഉപയോഗിച്ചിരുന്നതിനാൽ ഇവയെ കരിവണ്ടി എന്നു വിളിച്ചു. ടാറിഗ് വന്നത് 55 വർഷം മുൻപാണ്. ബാലകുമാർ, സ്വരാജ്, സിൻഡിക്കേറ്റ് ബസ്സുകൾ കെ.കെ റോഡിൽ ഓടിയിരുന്നു. തേക്കടി സന്ദർശിക്കാൻ, ആദ്യം ചിത്തിര തിരുനാളൂം, പിന്നീട് ജവഹർലാൽ നെഹ്രുവും കെ.കെ റോഡ് വഴി പോയപ്പോൾ, ആയിരങ്ങൾ വഴിക്കിരുവശവും മണിക്കൂറുകൾ കാത്തു നിന്നിരുന്നത് പഴമക്കാർ ഇപ്പോഴും ഓർമ്മിക്കുന്നു.
1920ൽ കോട്ടയം മുതൽ മുണ്ടക്കയം വരെ 'ദീർഘദൂര' ബസ് സർവീസ് തുടങ്ങിയത് മോട്ടോർ ട്രാൻസ്പോർട്ട് കമ്പനിയാണ്. പിന്നീട് അടിമത്ര ജേക്കബ് ജോണിന്റെ ബസ്, കെ.എൻ ശങ്കുണ്ണിപ്പിള്ളയുടെ 'സ്വരാജ് ബസ്'. മഞ്ഞപ്പള്ളി രാമകൃഷ്ണപിള്ളയുടെ ശ്രീകൃഷ്ണവിലാസം ബസ്, ചങ്ങനാശ്ശേരി ജോസഫ് ബ്രദേഴ്സ് ബസ് ദാസൻ മോട്ടോഴ്സ്, ബാലകുമാർ, ദേശബന്ധു പി.എം.എസ്, സിൻഡിക്കേറ്റ് തുടങ്ങിയവയായിരുന്നു മലനിരകളെ മോഹിപ്പിച്ച് പുക പറത്തി ആദ്യകാലത്ത് ഓടിയ ബസ്സുകൾ.
110 കി.മീ പാതയിൽ അപകടങ്ങളിലൂടെ ചോരപ്പുഴ ഒട്ടേറെ ഒഴുകിയിട്ടുണ്ട്. ഇക്കൂട്ടത്തിൽ ആദ്യത്തെ ദാരുണ അപകടം 1947 ഏപ്രിൽ മാസത്തിൽ. പൊൻകുന്നത്ത് നിറയെ ആൾക്കാരെ കയറ്റി യാത്ര പുറപ്പെടാൻനിന്ന പി.എം.എസ് ബസ്സിലേക്ക് കന്നാസിൽനിന്ന് പെട്രോൾ പകർത്തുന്നതിനിടെ ഒരാൾ തീപ്പെട്ടിയുരച്ചിട്ടതിനെ തുടർന്ന് നിമിഷങ്ങൾക്കുള്ളിൽ ബസ് അഗ്നികുണ്ഠമായി. രക്ഷപ്പെട്ടത് പത്തോ പന്ത്രണ്ടോപേർ മാത്രം.
പ്രാദേശിക വർത്തമാനപത്രങ്ങളിൽ ദിവസങ്ങൾക്കുശേഷം മാത്രം വന്നിരുന്ന അക്കാലത്ത് ഈ ദുരന്തം പുറംലോറമറിയുന്നത് ദിവസങ്ങൾക്കുശേഷം. ആഹ്ലാദങ്ങളും ആരവങ്ങളും മാറ്റങ്ങളും ദുരന്തങ്ങളും എല്ലാം അറിഞ്ഞ് എല്ലാറ്റിനും സാക്ഷിയായ ഈ വഴി 150പിന്നിട്ട് തലമുറകൾക്കൊപ്പം യാത്ര തുടരുകയാണ്. കോട്ടയം മുതൽ കുമളി വരെ ഈ കൂടെവരാൻ മനസുള്ളവരുടെ കൈപിടിച്ചു കൊണ്ട്'.
കോട്ടയം-കുമളി റോഡ്, കേവലം ഒരു റോഡല്ല, അത് ഒരു ചരിത്രം തന്നെയാണ് എന്നാണ് കുറിപ്പിലൂടെ വായിച്ചെടുക്കാനാവുക. കാലങ്ങളുടെ അടയാളങ്ങളും മനുഷ്യരുടെ സ്നേഹവും കലർന്ന ഒരു പാത. ഓരോ വളവും ഓരോ കഥ പറയുന്നു, ഓരോ കല്ലും ഒരു സ്മരണ തൊടുന്നു. ഈ റോഡ് കണ്ട സാമൂഹിക, സാംസ്കാരിക മാറ്റങ്ങൾ അതിശയിപ്പിക്കുന്നതാണ്. ഓരോ തവണ ഈ റോഡിൽ സഞ്ചരിക്കുമ്പോഴും, മനസ്സിൽ ഈ ചരിത്രത്തിന്റെ മധുര ഓർമ്മകൾ ഉണർന്നുകൊണ്ടേയിരിക്കും.
#KKRoad #KeralaHistory #IndianHistory #TravelKerala #Heritage #BritishIndia