Man Died | തലശേരിയില്‍ മയക്കുമരുന്ന് മാഫിയയുടെ അക്രമത്തില്‍ ഗുരുതരമായി പരുക്കേറ്റ രണ്ടാമത്തെയാളും ചികിത്സയിലായിരിക്കെ മരണമടഞ്ഞു

 


കണ്ണൂര്‍: (www.kvartha.com) തലശേരി നഗരത്തില്‍ മയക്കുമരുന്ന് ലഹരി മാഫിയസംഘത്തെ ചോദ്യം ചെയ്തതിന്റെ വൈരാഗ്യത്തില്‍ രണ്ടുപേര്‍ക്ക് നഷ്ടമായത് സ്വന്തം ജീവന്‍. സിപിഎം അനുഭാവിയായ തലശേരി നെട്ടൂര്‍ ഇല്ലിക്കുന്ന് ത്രിവര്‍ണഹൗസില്‍ കെ ഖാലിദിനും (52) സിപിഎം നെട്ടൂര്‍ ബ്രാഞ്ചംഗവുമായ ത്രിവര്‍ണഹൗസില്‍ പൂവനാഴി ശെമീറിനുമാണ് (40) ജീവന്‍ നഷ്ടമായത്. പട്ടാപ്പകല്‍ നടന്ന ആസൂത്രിതമായ ഇരട്ടക്കൊലയുടെ ഞെട്ടലിലാണ് തലശേരി നഗരം.

പൊലീസിന്റെ പ്രാഥമിക അന്വേഷണ റിപോര്‍ടില്‍, ഖാലിദിനെയും ബന്ധുവായ ശെമീറിനെയും കൊല്ലാന്‍ പ്രതികള്‍ ആസൂത്രിതമായ നീക്കം നടത്തിയെന്നാണ് വ്യക്തമാക്കുന്നത്. ഇതിന്റെ ഭാഗമായി തലശേരി സഹകരണ ആശുപത്രിയില്‍ നിന്ന് വിളിച്ചിറക്കി കുത്തിക്കൊന്നതെന്ന് പൊലീസിന്റെ പ്രാഥമിക അന്വേഷണ റിപോര്‍ട്. കെ ഖാലിദിനെയാണ് അതിദാരുണമായി കത്തിക്കൊണ്ടു കുത്തി കൊലപ്പെടുത്തിയത്. ഇയാളുടെ ഒപ്പമുണ്ടായിരുന്ന പൂവനാഴി ശെമീറിനും മാരകമായി കുത്തേറ്റു. ഖാലിദിന്റെ സഹോദരി ഭര്‍ത്താവായ ശെമീര്‍ കൊഴിക്കോട് ബേബി മെമൊറിയല്‍ ആശുപത്രിയില്‍ അതിതീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലിരിക്കെയാണ് ബുധനാഴ്ച രാത്രി 8.30 മണിയോടെ മരണമടയുന്നത്.

Man Died | തലശേരിയില്‍ മയക്കുമരുന്ന് മാഫിയയുടെ അക്രമത്തില്‍ ഗുരുതരമായി പരുക്കേറ്റ രണ്ടാമത്തെയാളും ചികിത്സയിലായിരിക്കെ മരണമടഞ്ഞു

സുഹൃത്ത് നെട്ടൂര്‍ സാറാസില്‍ ശാനിബിനെ (29) തലശേരി സഹകരണ ആശുപത്രിയിലും പ്രവേശിപ്പിച്ചിട്ടുണ്ട്. ബുധനാഴ്ച വൈകിട്ട് നാല് മണിയോടെ സഹകരണ ആശുപത്രിക്കടുത്താണ് ആക്രമണം. ലഹരി വില്‍പനയെ ചൊദ്യം ചെയ്ത ശെമീറിന്റെ മകന്‍ ശബീലിനെ (20) ബുധനാഴ്ച ഉച്ചക്ക് നെട്ടൂര്‍ ചിറക്കക്കാവിനടുത്ത ജാക്‌സണ്‍ മര്‍ദിച്ചിരുന്നു. സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതറിഞ്ഞ് അനുരഞ്ജനത്തിനെന്ന വ്യാജേനയാണ് ലഹരിമാഫിയ സംഘം ഖാലിദ് അടക്കമുള്ളവരെ റോഡിലേക്ക് വിളിച്ചിറക്കിയത്. സംസാരത്തിനിടയില്‍ കൈയില്‍ കരുതിയ കത്തിയെടുത്ത് ഖാലിദിന്റെ കഴുത്തിന് വെട്ടുകയായിരുന്നു.

തടയാന്‍ ശ്രമിച്ച ശെമീറിന്റെ പുറത്തും ശരീരത്തിന്റെ മറ്റുഭാഗങ്ങളിലും കുത്തേറ്റു. അതീവ ഗുരുതരാവസ്ഥയിലാണ് ശെമീറിനെ കോഴിക്കോട് എത്തിച്ചത്. തലശേരിയില്‍ പിടിമുറുക്കിയ മയക്കുമരുന്ന് ലഹരി മാഫിയക്കെതിരെ സിപിഎം പോഷകസംഘടനകളും സംസ്ഥാന സര്‍കാരിന്റെ വിമുക്തി പദ്ധതിയുടെ ഭാഗമായി തലശേരിയില്‍ പ്രചരണ പ്രവര്‍ത്തനങ്ങളും ബോധവല്‍ക്കരണവും നടത്തിവരികയായിരുന്നു. ഇതിനിടെയാണ് മയക്കുമരുന്ന് സംഘത്തിന്റെ വെട്ടേറ്റു സിപിഎമിന്റെ സജീവ പ്രവര്‍ത്തകരിലൊരാള്‍ കൊല്ലപ്പെടുന്നത്. കേസിലെ മുഖ്യപ്രതിയെന്നു സംശയിക്കുന്ന ഒരാള്‍ ഒളിവിലാണ്. ഈയാളോടൊപ്പം മറ്റു ചിലരുമുണ്ടായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം.

പരേതരായ മുഹമ്മദ് -നബീസ ദമ്പതികളുടെ മകനാണ് കൊല്ലപ്പെട്ട ഖാലിദ്. മീന്‍പിടിത്ത തൊഴിലാളിയാണ്. ഭാര്യ: സീനത്ത്. മക്കള്‍: പര്‍വീന, ഫര്‍സീന്‍. മരുമകന്‍: റമീസ് (പുന്നോല്‍). സഹോദരങ്ങള്‍: അസ്ലംഗുരുക്കള്‍, സഹദ്, അക്ബര്‍ (ഇരുവരും ടെയ്‌ലര്‍), ഫാബിത, ശംസീന. മൃതദേഹം ജനറല്‍ ആശുപത്രി മോര്‍ച്ചറിയില്‍. കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ടത്തിന് ശേഷം ആമുക്കപള്ളി ഖബറിടത്തില്‍ വ്യാഴാഴ്ച കബറടക്കും.

പരേതരായ ഹംസ-ആഇശ ദമ്പതികളുടെ മകനാണ് കൊല്ലപ്പെട്ട ശമീര്‍. ഭാര്യ: ശംസീന. മക്കള്‍: മുഹമ്മദ് ശബില്‍, ഫാത്വിമതുല്‍ ഹിബ ശഹല്‍. സഹോദരങ്ങള്‍: നൗശാദ്, റസിയ, ഹയറുന്നീസ. തലശേരി എസിപി നിഥിന്‍ രാജിന്റെ നേതൃത്വത്തില്‍ പൊലീസ് അന്വേഷണമാരംഭിച്ചിട്ടുണ്ട്. തലശേരി സഹകരണാശുപത്രി പരിസരത്തെ സിസിടിവി ക്യാമറകള്‍ പൊലീസ് പരിശോധിച്ചുവരികയാണ്.

Keywords: Kannur, News, Kerala, Treatment, Death, Injured, attack, Thalassery: Man who seriously injured, died while undergoing treatment.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia