Prevention | മലപ്പുറത്ത് ലഹരി ഉപഭോഗവും വിതരണവും തടയുന്നതിന് കർശന നടപടി: ജില്ലാ പൊലീസ് മേധാവി
മലപ്പുറം: (KVARTHA) ജില്ലയിൽ ലഹരി ഉപഭോഗവും വിതരണവും തടയുന്നതിന് പൊലീസ് കർശന നടപടികൾ സ്വീകരിച്ചു വരികയാണെന്ന് ജില്ലാ പൊലീസ് മേധാവി എസ്. ശശിധരൻ. വിദ്യാലയങ്ങൾ കേന്ദ്രീകരിച്ചും മറ്റും നടക്കുന്ന മയക്കുമരുന്ന് വില്പന തടയുന്നതിനായി പ്രത്യേകം സംഘങ്ങളെ നിയോഗിച്ചതായും അദ്ദേഹം പറഞ്ഞു. ജില്ലാ ആസൂത്രണ സമിതി കോൺഫറൻസ് ഹാളിൽ ചേർന്ന ജില്ലാ വികസന സമിതി യോഗത്തിൽ വിവിധ എം.എൽ.എമാരുടെ ചോദ്യങ്ങൾക്ക് മറുപടി നൽകുകയായിരുന്നു അദ്ദേഹം. മയക്കുമരുന്നിന്റെ ഉപഭോഗവും വിപണനവും തടയുന്നതിന് പൊതുസമൂഹത്തിന്റെ സഹായം കൂടി ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. തന്റെ ക്യാമ്പ് ഓഫീസ് കോമ്പൗണ്ടില്‍ നിന്നും മരം മുറിച്ചു കടത്തിയെന്ന പരാതി ലഭിച്ചിരുന്നതായും ഈ പരാതി സംബന്ധിച്ച് മേലുദ്യോഗസ്ഥരെ അറിയിച്ചിരുന്നതായും പരാതിയിൽ അന്വേഷണം നടന്നു വരുന്നതായും അദ്ദേഹം യോഗത്തിൽ അറിയിച്ചു.
ജൽജീവൻ മിഷൻ പദ്ധതി
ജില്ലയിൽ ജൽജീവൻ മിഷൻ പദ്ധതി അടക്കമുള്ള വിവിധ കുടിവെള്ള പദ്ധതികള്‍ക്കായി പൊളിച്ചിട്ട റോഡുകൾ എത്രയും പെട്ടെന്ന് ഗതാഗത യോഗ്യമാക്കണമെന്ന് നജീബ് കാന്തപുരം എം.എൽ.എ യോഗത്തിൽ ആവശ്യപ്പെട്ടു.
ദേശീയപാത 66
ദേശീയപാത 66 ന്റെ വികസനത്തിന്റെ ഭാഗമായി നിർമിക്കുന്ന ഡ്രെയിനേജുകള്‍ അശാസ്ത്രീയമായാണ് നിർമിക്കുന്നതെന്നും ഡ്രെയിനേജില്‍ നിന്നുള്ള വെള്ളത്തിന്റെ കുത്തൊഴുക്കു മൂലം ജില്ലയിൽ രണ്ടു പേർ മരണപ്പെട്ടിട്ടുണ്ടെന്നും പി. അബ്ദുൽ ഹമീദ് എം.എൽ.എ പറഞ്ഞു. പണി പൂർത്തിയായ പല ഭാഗങ്ങളിലും റോഡ് തുറന്നു കൊടുക്കുന്നില്ല. ഇതു മൂലം വൻ ഗതാഗതക്കുരുക്കാണ് ദേശീയപാതയിൽ അനുഭപ്പെടുന്നതെന്നും എം.എൽ.എ പറഞ്ഞു. നിസ്സാരമായ സാങ്കേതിക പ്രശ്നങ്ങളുടെ പേരിൽ ജില്ലയിലെ പല വൻകിട വികസന പദ്ധതികള്‍ മുടങ്ങിക്കിടക്കുകയാണെന്നും ഇക്കാര്യത്തിൽ ഉദ്യോഗസ്ഥർ അടിയന്തരമായി ശ്രദ്ധ പതിപ്പിക്കണമെന്നും എം.എൽ.എ ആവശ്യപ്പെട്ടു.
ദേശീയപാത 66 വികസന പ്രവൃത്തികളുടെ ഭാഗമായി കുറിപ്പുറം ഭാഗത്തു നിർമിക്കുന്ന ഡ്രെയിനേജ് പാടത്തേക്ക് ഒഴുകിപ്പോവുന്ന വിധത്തിലാണ് നിർമിക്കുന്നതെന്നും ദേശീയ പാതാ അതോറിറ്റിയുടെ ശ്രദ്ധയിൽ പെടുത്തിയിട്ടും ഇക്കാര്യത്തിൽ യാതൊരു നടപടിയും സ്വീകരിച്ചില്ലെന്നും പ്രൊഫ. ആബിദ് ഹുസൈൻ തങ്ങള്‍ എം.എൽ.എ പറഞ്ഞു. ഇക്കാര്യം ചർച്ച ചെയ്യുന്നതിന് ജില്ലാ കളക്ടർ അടിയന്തരമായി യോഗം വിളിച്ചു ചേർക്കണമെന്നും എം.എൽ.എ ആവശ്യപ്പെട്ടു.
അപകടങ്ങൾ, ഇൻക്വസ്റ്റ് നടപടികൾ
അപകടങ്ങളില്‍ മരണപ്പെട്ടവരുടെ ഇൻക്വസ്റ്റ് നടപടികള്‍ പൊലീസ് അനാവശ്യമായി വൈകിക്കുന്നതായി പി. ഉബൈദുല്ല എം.എൽ.എ പറഞ്ഞു. ഇത്തരം സംഭങ്ങള്‍ ആവർത്തിക്കാതിരിക്കാന്‍ ശക്തമായ നടപടികള്‍ സ്വീകരിക്കുമെന്ന് ജില്ലാ പൊലീസ് മേധാവി അറിയിച്ചു. എം.എൽ.എ ഫണ്ടുപയോഗിച്ച് ബസ് വെയിറ്റിങ് ഷെഡുകള്‍ നിർമിക്കുന്നതിനുള്ള അനുമതി നല്‍കുന്നതില്‍ പൊതുമരാമത്ത് വകുപ്പ് കാലതാമസം വരുത്തരുതെന്നും പി. ഉബൈദുല്ല എം.എൽ.എ ആവശ്യപ്പെട്ടു.
മഞ്ചേരി മെഡിക്കൽ കോളേജ്
മഞ്ചേരി മെഡിക്കൽ കോളേജിൽ രാത്രികാല പോസ്റ്റുമോർട്ടം ഉടൻ ആരംഭിക്കണമെന്ന് യു.എ ലത്തീഫ് എം.എൽ.എ ആവശ്യപ്പെട്ടു. മഞ്ചേരി- ഒലിപ്പുഴ റോഡിന്റെ പുനരുദ്ധാരണ പ്രവൃത്തികള്‍ വേഗത്തിലാക്കണമെന്നും എം.എൽ.എ ആവശ്യപ്പെട്ടു.
ആരോഗ്യം, ഭിന്നശേഷി
ഹീമോഫീലിയ രോഗികള്‍ക്കുള്ള മരുന്ന് ജില്ലയില്‍ ലഭ്യമല്ലെന്നും മരുന്ന് ക്ഷാമം പരിഹരിക്കാനുള്ള നടപടികള്‍ സ്വീകരിക്കണമെന്നും കുറുക്കോളി മൊയ്തീന്‍ എം.എൽ.എ അരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു. ഭിന്നശേഷിക്കാര്‍ക്ക് നല്‍കുന്ന യു.ഡി.ഐ.ഡി കാര്‍ഡിനുള്ള 18,000 ത്തോളം അപേക്ഷകള്‍ ജില്ലയില്‍ കെട്ടിക്കിടക്കുകയാണെന്നും ഇക്കാര്യം പരിഹരിക്കണമെന്നും എം.എൽ.എ ആവശ്യപ്പെട്ടു. യു.ഡി.ഐ.ഡി കാര്‍ഡുകള്‍ പെട്ടെന്ന് തന്നെ ലഭ്യമാക്കുമെന്നും ഇതിനായി പ്രത്യേകം ഉദ്യോഗസ്ഥരെ നിയോഗിച്ചതായും ആരോഗ്യ വകുപ്പ് അധികൃതര്‍ അറിയിച്ചു.
വിദ്യാഭ്യാസം
ജില്ലയില്‍ പുതുതായി അനുവദിച്ച പ്ലസ്ടു ബാച്ചുകളില്‍ 25 കുട്ടികളില്‍ താഴെ മാത്രം പ്രവേശനം നേടിയ ആറു ബാച്ചുകള്‍ പ്രവര്‍ത്തിക്കുന്നതായി ഹയര്‍സെക്കന്ററി മേഖലാ ഉപമേധാവിയുടെ ഓഫീസ് ടി.വി ഇബ്രാഹിം എം.എല്‍.എയുടെ ചോദ്യത്തിനുത്തരമായി അറിയിച്ചു.
ജില്ലാ വികസന സമിതി യോഗത്തില്‍ വിവിധ എം.എല്‍.എമാരും ജനപ്രതിനിധികളും ആവശ്യപ്പെടുന്ന വിഷയങ്ങളില്‍ സമയബന്ധിതമായി മറുപടികള്‍ ലഭ്യമാക്കണമെന്ന് യോഗത്തില്‍ അധ്യക്ഷത വഹിച്ച അഡീഷണല്‍ ജില്ലാ മജിസ്ട്രേറ്റ് എൻ.എം മെഹറലി ഉദ്യോഗസ്ഥരോടാവശ്യപ്പെട്ടു.
യോഗത്തില്‍ എം.എല്‍.എമാരായ പി. ഉബൈദുല്ല, ടി.വി ഇബ്രാഹിം, യു.എ ലത്തീഫ്, നജീബ് കാന്തപുരം, പി. അബ്ദുല്‍ ഹമീദ്, കുറുക്കോളി മൊയ്തീന്‍, പ്രൊഫ. ആബിദ് ഹുസൈന്‍ തങ്ങള്‍, ജില്ലാ പൊലീസ് മേധാവി എസ്. ശശിധരന്‍, ജില്ലാ പ്ലാനിങ് ഓഫീസര്‍ പി.ഡി ജോസഫ്, വിവിധ എം.എല്‍.എമാരുടെ പ്രതിനിധികള്‍, ജില്ലാതല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.