പൈങ്കിളി വിവാദക്കാരെ പറയൂ... ഒരു ഫെയ്‌സ്ബുക്ക് വിമര്‍ശനത്തില്‍ തളര്‍ന്നു പോകുന്നതാണോ കെ സുരേന്ദ്രന്റെ സമര ജീവിതം

 


ADVERTISEMENT

ഭാമ നാവത്ത് 

കണ്ണൂര്‍: (www.kvartha.com 25.06.2020) കണ്ണൂരിന് കെ സുരേന്ദ്രനെന്നാല്‍ ആരോടും വെളുക്കെ ചിരിച്ച് വണക്കം എന്നു പറയുന്ന ശുഭ്രവസ്ത്രധാരിയായ രൂപമായാണ്. ചിരിക്കാന്‍ അല്‍പ്പം പിശുക്കു കാണിക്കുന്ന ഒ ഭരതനെന്ന കമ്മ്യുണിസ്റ്റ് നേതാവിന്റെ മറ്റൊരു പതിപ്പായിരുന്നു സുരേന്ദ്രന്‍. രണ്ടുപേരും വെവ്വേറെ പാര്‍ട്ടികളിലായിപ്പോയെന്ന് മാത്രം. തൊഴിലാളി വര്‍ഗത്തിന്റെ എക്കാലത്തെയും വലിയ നേതാവായ സി കണ്ണന്‍ സ്‌കൂളില്‍ പഠിച്ചവര്‍. തൊഴിലാളി യൂണിയനില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് അവരവരുടെ പാര്‍ട്ടികള്‍ എപ്പോഴും മുള്‍ക്കിരീടമാണ് നല്‍കിയിരുന്നത്.

ട്രേഡ് യൂണിയന്‍ പ്രവര്‍ത്തനം രാഷ്ട്രീയ പ്രവര്‍ത്തനത്തിന്റെ ഏറ്റവും ഉദാത്തമായ വശമാണെന്ന് സര്‍വ്വ രാജ്യ തൊഴിലാളികളെ സംഘടിക്കുവിന്‍ എന്നു മാനിഫെസ്റ്റയോയുടെ ആമുഖത്തില്‍ എഴുതി വെച്ച പാര്‍ട്ടികള്‍ പോലും ഉള്‍ക്കൊള്ളുന്നില്ല. രണ്ടുവട്ടം എംപിയും എംഎല്‍എയുമായിട്ടും ഒടുവില്‍ ഗ്രൂപ്പുകളിയുടെയും വെട്ടിനിരത്തിലിന്റെയും ഇരയായി ഒ ഭരതന് രാഷ്ട്രീയ വനവാസം സ്വീകരിക്കേണ്ടി വന്നു. പാര്‍ട്ടിയെ ഗ്രസിച്ച വിഭാഗീയതയില്‍ അതീവ ദുഃഖിതനായിരുന്നു അവസാന കാലയളവില്‍ സി കണ്ണന്‍. കോണ്‍ഗ്രസില്‍ അസാമാന്യ സംഘന ശേഷിയുണ്ടായിരുന്ന ട്രേഡ് യൂനിയന്‍ നേതാവായിരുന്നു കെ സുരേന്ദ്രന്‍.

ഏതു വിഷയത്തിന്റെയും ആഴത്തില്‍ ചെന്നിറങ്ങി പഠികാനുള്ള കഴിവ്. ഇന്ത്യന്‍ തൊഴിലാളി വര്‍ഗം നേരിടുന്ന വെല്ലുവിളികളെ കുറിച്ചുള്ള അവഗാഹം തൊഴില്‍ / തൊഴിലാളി / മൂലധനം / ഭരണകൂടം / തൊഴില്‍ നിയമങ്ങള്‍ /കോടതി വിധികള്‍ എന്നിവയൊക്കെ നാലുഭാഷകളില്‍ താലുമണിക്കൂറിലേറെ നിര്‍ത്താതെ പ്രസംഗിക്കാനുള്ള കഴിവ് സുരേന്ദ്രനുണ്ടായിരുന്നു. പ്രാഥമിക വിദ്യാഭ്യാസം മാത്രമുള്ള ഒരു വ്യക്തിക്ക് പ്രാപ്യമായതില്‍ തികച്ചും അസാധ്യമായതായിരുന്നു അത്. താഴെക്കിടയില്‍ നിന്നും ജീവിത പ്രതിസന്ധികളെ അതിജീവിച്ച് വന്ന ഒരു പോരാട്ടത്തിന്റെ ജീവിത ശക്തിയുണ്ട് സുരേന്ദ്രനെന്ന ട്രേഡ് യൂനിയന്‍ നേതാവിന്. അത് ലോക തൊഴിലാളി സമ്മേളനത്തിലെ ഉജ്ജ്വലമായ പ്രസംഗം വരെയെത്തിച്ചു.

പാര്‍ട്ടിയെ അധികാര കളികള്‍ക്കിടെയില്‍ അര്‍ഹതപ്പെട്ട അംഗീകാരം പോലും പലപ്പോഴും നിഷേധിക്കപ്പെട്ടിട്ടും അദ്ദേഹം തളരാതെ ചിരിച്ചു കൊണ്ടു തന്നെയിരുന്നത് തന്റെ ഉള്ളിലെ ആത്മബലം കൊണ്ടു തന്നെയാണ്. ഇവര്‍ വച്ചുനീട്ടുന്ന എന്തിനെക്കാളും എത്രയോ വലുതാണ് തന്റെ സ്ഥാനം എന്നു തിരിച്ചറിയുന്ന ഒരാളെ ആര്‍ക്കും തോല്‍പ്പിക്കാനാവില്ല. ഈയൊരു സാഹചര്യത്തിലാണ് വെറുമൊരു കണ്ണൂര്‍ കോര്‍പറേഷന്‍ മേയര്‍ സ്ഥാനത്തിന്റെ അധികാര തര്‍ക്കങ്ങളിലേക്ക് അദ്ദേഹത്തിന്റെ മരണം വലിച്ചിഴയ്ക്കപ്പെടുന്നത്. വെറുമൊരു ഫെയ്‌സ് ബുക്ക് പേജിലുടെ വന്ന കാമ്പില്ലാത്ത അസഭ്യം പറച്ചിലിന് മുന്‍പില്‍ അദ്ദേഹം മാനസികമായി തകര്‍ന്ന് കുഴഞ്ഞു വീണു മരിച്ചുവെന്ന വിമര്‍ശനം ദേശീയ തലത്തില്‍ തന്നെ മികച്ച പ്രവര്‍ത്തന പാരമ്പര്യമുള്ള ഒരു തൊഴിലാളി നേതാവിനെ അപമാനിക്കലാണ്.

തനിക്കെതിരെ വരുന്ന ഏറ്റവും രൂക്ഷമായ വിമര്‍ശനത്തിന്റെ മുനയൊടിക്കാനും ഒരു ചെറു ചിരി കൊണ്ട് പ്രതിരോധിക്കാന്‍ അദ്ദേഹത്തിനാവും. എതിരാളികള്‍ പോലും സ്‌നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന ഒരു ഉജ്ജ്വല തൊഴിലാളി നേതാവിന്റെ മൃതദേഹം ചിതയിലെടുക്കും മുന്‍പെ വിവാദങ്ങള്‍ കുത്തിപ്പൊക്കുകയും എതിര്‍ ഗ്രൂപ്പുകാരനെതിരെ ഒളിയമ്പുകള്‍ എയ്യുകയും ചെയ്യുന്നവരുടെ ഹിഡന്‍ അജന്‍ഡയല്ലേ യഥാര്‍ത്ഥത്തില്‍ പാര്‍ട്ടി പരിശോധിക്കേണ്ടത്.

പൈങ്കിളി വിവാദക്കാരെ പറയൂ... ഒരു ഫെയ്‌സ്ബുക്ക് വിമര്‍ശനത്തില്‍ തളര്‍ന്നു പോകുന്നതാണോ കെ സുരേന്ദ്രന്റെ സമര ജീവിതം

Keywords:  Kannur, News, Kerala, K. Surendran, Report, Congress, Leader, Special report about K Surendran
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia