Literature | ഇ അഹ്‌മദ് അനുസ്മരണ സമ്മേളനത്തില്‍ പ്രമുഖ ഇറാഖി നോവലിസ്റ്റ് സിനാന്‍ ആന്റൂണ്‍ മുഖ്യാതിഥിയാകും


● അറബിയിലും ഇംഗ്ലീഷിലുമായി നിരവധി രചനകള്‍ നടത്തി.
● ന്യൂയോര്‍ക്ക് യൂണിവേഴ്‌സിറ്റിയിലെ പ്രൊഫസറാണ്.
● ഇബ്‌നു അല്‍ ഹജ്ജാജിനെക്കുറിച്ചുള്ള പഠനത്തിന് ഡോക്ടറേറ്റ് നേടിയിട്ടുണ്ട്.
● 2 കവിതാ സമാഹാരങ്ങളും 5 നോവലുകളും പുറത്തിറക്കി.
കണ്ണൂര്‍: (KVARTHA) ഇ അഹ്‌മദ് ഫൗണ്ടേഷന്‍ ഫെബ്രുവരി എട്ട്, ഒമ്പത് തീയതികളില്‍ കണ്ണൂര്‍ മുണ്ടയാട് ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ സംഘടിപ്പിക്കുന്ന 'ഇ.അഹമ്മദ്: കാലം, ചിന്ത' അന്താരാഷ്ട്ര കോണ്‍ഫറന്‍സില്‍ പ്രമുഖ ഇറാഖി നോവലിസ്റ്റും ചിന്തകനുമായ സിനാന്‍ ആന്റൂണ്‍ അതിഥിയായി പങ്കെടുക്കും.
കവി, നോവലിസ്റ്റ്, വിവര്‍ത്തകന്‍, സംവിധായകന്‍, കോളമിസ്റ്റ് എന്നീ നിലകളില്‍ ലോകമെമ്പാടും അറിയപ്പെടുന്ന വ്യക്തിത്വമാണ് സിനാന്‍ ആന്റൂണ്‍. അറബിയിലും ഇംഗ്ലീഷിലുമായി നിരവധി രചനകള്‍ അദ്ദേഹം നടത്തിയിട്ടുണ്ട്. ന്യൂയോര്‍ക്ക് യൂണിവേഴ്‌സിറ്റിയിലെ പ്രൊഫസറായ അദ്ദേഹം ഇബ്‌നു അല്‍ ഹജ്ജാജിനെക്കുറിച്ചുള്ള പഠനത്തിന് ഹാര്‍വാഡില്‍ നിന്ന് ഡോക്ടറേറ്റ് നേടിയിട്ടുണ്ട്. പത്താം നൂറ്റാണ്ടിലെ സൂഫി കവിയായ ഹജ്ജാജിനെക്കുറിച്ചുള്ള അക്കാദമിക് ലോകം ശ്രദ്ധിച്ച ആദ്യ ഗവേഷണ പഠനമായിരുന്നു സിനാന്റേത്.
2003-ല്‍ അമേരിക്കയുടെ ഇറാഖ് അധിനിവേശത്തെ ശക്തമായി വിമര്‍ശിച്ചുകൊണ്ട് സിനാന്‍ തന്റെ രാഷ്ട്രീയ നിലപാടുകള്‍ വ്യക്തമാക്കി. കലയും ആസ്വാദനവും പോലെ സാഹിത്യവും ഒരു രാഷ്ട്രീയ ആയുധമാണെന്ന് അദ്ദേഹം വിശ്വസിക്കുന്നു. യുദ്ധം വിതയ്ക്കുന്ന ദുരിതങ്ങളും സംഘര്‍ഷങ്ങളും സിനാന്റെ രചനകളിലെ പ്രധാന വിഷയങ്ങളാണ്. സംഘര്‍ഷഭൂമിയിലെ ജീവിതത്തിന്റെ നേര്‍ക്കാഴ്ചകള്‍ അദ്ദേഹത്തിന്റെ കവിതകളില്‍ കാണാം. 'ആള്‍ക്കൂനകള്‍ക്കിടയില്‍ നിന്നെത്തിരയുന്ന/ രണ്ട് അരിപ്പകളാണെന്റെ കണ്ണുകള്‍' എന്ന അദ്ദേഹത്തിന്റെ വരികള്‍ ഇതിന് ഉദാഹരണമാണ്.
സിനാന്റേതായി രണ്ട് കവിതാ സമാഹാരങ്ങളും അഞ്ച് നോവലുകളും പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്. അദ്ദേഹത്തിന്റെ കൃതികള്‍ മലയാളം, ജര്‍മ്മന്‍, ഇറ്റാലിയന്‍, ഫ്രഞ്ച്, പോര്‍ച്ചുഗീസ് ഉള്‍പ്പെടെ ഒമ്പത് ഭാഷകളിലേക്ക് വിവര്‍ത്തനം ചെയ്യപ്പെട്ടിട്ടുണ്ട്. നിരവധി പുരസ്‌കാരങ്ങള്‍ നേടിയ 'ദ കോര്‍പ്‌സ് വാഷര്‍' എന്ന നോവല്‍ ഡോ. ഷംനാദ് മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്തിട്ടുണ്ട്. 2023-ല്‍ 'സീഗള്‍' പ്രസിദ്ധീകരിച്ച 'പോസ്റ്റുകാര്‍ഡ്‌സ് ഫ്രം ദ അണ്ടര്‍വേള്‍ഡ്' ആണ് അദ്ദേഹത്തിന്റെ ഏറ്റവും പുതിയ പുസ്തകം.
#EAhmed, #SinanAntoon, #LiteratureConference, #Kannur, #Kerala, #Iraq, #Writer