Unity | 'ഇനി സംഘി അളിയാ വിളി വേണ്ട'; തെറ്റിദ്ധാരണകൾ നീക്കി അനുരഞ്ജനത്തിന്റെ വഴിയിൽ; അർജുന്റെ കുടുംബവും മനാഫും ഒന്നിച്ചപ്പോൾ കയ്യടിച്ച് നെറ്റിസൻസ്


● ഇരു കുടുംബങ്ങളും തമ്മിൽ നേരിട്ട് കൂടിക്കാഴ്ച നടത്തി.
● സോഷ്യൽ മീഡിയയിൽ പോസിറ്റീവ് പ്രതികരണങ്ങൾ.
കോഴിക്കോട്: (KVARTHA) ഷിരൂരിൽ മണ്ണിടിച്ചിലിൽ മരിച്ച കണ്ണാടിക്കൽ സ്വദേശി അർജുന്റെ കുടുംബവും ലോറി ഉടമ മനാഫും തമ്മിലുണ്ടായിരുന്ന തെറ്റിദ്ധാരണകൾ നീക്കി അനുരഞ്ജനത്തിലെത്തിയത് സ്വാഗതം ചെയ്ത് നെറ്റിസൻസ്. സോഷ്യൽ മീഡിയയിൽ പോസിറ്റീവ് കമൻ്റുകൾ നിറഞ്ഞിരിക്കുകയാണ്. രണ്ട് കുടുംബങ്ങളും ഒരുമിച്ച് വന്നതിൽ ആളുകൾ സന്തോഷം പ്രകടിപ്പിച്ചു. നേരത്തെ തന്നെ പരസ്പരം നേരിട്ട് സംസാരിച്ചിരുന്നുവെങ്കിൽ വിവാദങ്ങൾ ഒഴിവാക്കാമായിരുന്നുവെന്നും പലരും അഭിപ്രായപ്പെട്ടു.
ശനിയാഴ്ച ഇരുകൂട്ടരും ഒന്നിച്ചിരുന്ന് നടത്തിയ മധ്യസ്ഥ ചർച്ചയെതുടർന്നാണ് പ്രശ്നം രമ്യമായി പരിഹരിച്ചത്. അർജുന്റെ സഹോദരീ ഭർത്താവ് ജിതിന്റെ നേതൃത്വത്തിൽ നടത്തിയ വാർത്താസമ്മേളനത്തിന് പിന്നാലെ സാമൂഹ്യ മാധ്യമങ്ങളിലെ പ്രതികരണങ്ങളും മനാഫിനെതിരെയുള്ള കേസും അടക്കമുള്ള വിവാദങ്ങളെ തുടർന്ന് അകൽച്ചയുടെ സാഹചര്യം നിലനിന്നിരുന്നു. പിന്നീട് മനാഫും വാർത്താസമ്മേളനം നടത്തി തന്റെ ഭാഗങ്ങൾ വിശദീകരിക്കുകയും അർജുന്റെ കുടുംബത്തിന് നേരെയുള്ള സൈബർ ആക്രമണം അവസാനിപ്പിക്കാനും അഭ്യർഥിച്ചിരുന്നു.
ഇതിന് പിന്നാലെ ഇരു കൂട്ടരും തമ്മിൽ നേരിട്ട് കൂടിക്കാഴ്ച നടത്തുകയായിരുന്നു. ഇരു കുടുംബാംഗങ്ങളേയും ഒന്നിച്ചിരുത്തി നടത്തിയ മധ്യസ്ഥ ചർച്ചയെതുടർന്നാണ് പ്രശ്നം രമ്യമായി പരിഹരിച്ചത്. സാമൂഹിക പ്രവർത്തകരുടെയും നാട്ടുകാരുടെയും ഇടപെടലാണ് പ്രശ്‌നത്തിന് പരിഹാരമായത്. കണ്ണാടിക്കലിലെ ഒരു വീട്ടിൽവെച്ച് നടന്ന ഈ കൂടിക്കാഴ്ചയിൽ അർജുന്റെ സഹോദരി അഞ്ജു, സഹോദരീ ഭർത്താവ് ജിതിൻ, സഹോദരൻ അഭിജിത് എന്നിവരാണുണ്ടായിരുന്നത്. മനാഫിനൊപ്പം കുടുംബാംഗങ്ങളായ മുബീൻ, അൽഫ് നിശാം, അബ്‌ദുൽ വാലി, സാജിദ് എന്നിവർ ചർച്ചയിൽ പങ്കെടുത്തു.
എല്ലവരും തനിക്ക് സംഘിപ്പട്ടം തന്നുവെന്നും താൻ ഒരിക്കലും ഒരു വർഗീയവാദിയല്ലെന്നും തനിക്കെതിരെ ഉയർന്ന ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്നും ജിതിൻ ലോറി ഉടമ മനാഫിന്‍റെ യൂട്യൂബ് ചാനലിലൂടെ പ്രതികരിച്ചു. വാർത്താസമ്മേളനത്തിൽ താൻ പറയാൻ ഉദ്ദേശിച്ച കാര്യങ്ങൾ പുറത്തു വന്നില്ലെന്നും തനിക്കെതിരെ തെറ്റായ പ്രചാരണം നടത്തിയെന്നും ജിതിൻ പരാതിപ്പെട്ടു.
അർജുന്റെ അളിയനും അനിയനും തന്റെ കുടുംബമാണെന്നും തൻ്റെ ഭാഗത്ത് നിന്ന് എന്ത് എന്തെലും തെറ്റുണ്ടായാട്ടുണ്ടങ്കിൽ മാപ്പ് ചോദിക്കുന്നതായും മനാഫും പറഞ്ഞു. ഇവരെ സംഘി അളിയാ എന്ന് വിളിക്കരുതെന്നും മനാഫ് അഭ്യർഥിച്ചു. വ്യക്തികളും കുടുംബങ്ങളും തമ്മിലുള്ള തെറ്റിദ്ധാരണകൾ വലിയ പ്രശ്‌നങ്ങൾക്ക് കാരണമാകുമെന്നും സമൂഹത്തിൽ വിഭാഗീയത സൃഷ്ടിക്കുമെന്നും അതിനാൽ എല്ലാവരും സഹിഷ്ണുതയോടെയും പെരുമാറണമെന്നും ഈ സംഭവം ഓർമപ്പെടുത്തുന്നതായി സാമൂഹ്യ മാധ്യമങ്ങളിൽ പ്രതികരണങ്ങൾ ഉയർന്നു.
#Kerala #reconciliation #unity #hope #socialmedia #community #forgiveness