ആരോഗ്യവകുപ്പിന്റെ പ്രതികാര നടപടി; ഡോ ഹാരിസിനെതിരെ കടുത്ത നീക്കം


● ഡോ. ഹാരിസ് ചട്ടലംഘനം നടത്തിയെന്നും അന്വേഷണ റിപ്പോർട്ടിൽ പറയുന്നു.
● സർവീസിൽ നിന്ന് നീക്കണമെന്നാണ് അന്വേഷണ സംഘത്തിന്റെ ശുപാർശ.
● സർക്കാർ ഡോക്ടർമാരുടെ സംഘടനയും വിഷയത്തിൽ അതീവ ശ്രദ്ധ പുലർത്തുന്നു.
● ഹാരിസിനെതിരായ നീക്കം പ്രതികാരമെന്ന് സമൂഹമാധ്യമങ്ങളിൽ വിമർശനം.
ഭാമനാവത്ത്
(KVARTHA) നിർഭയം സത്യം തുറന്നു പറഞ്ഞതിന്റെ പേരിൽ ഒരു നീതിമാനെ വേട്ടയാടുന്ന കാഴ്ചയാണ് ആരോഗ്യവകുപ്പിൽ ഇപ്പോൾ കാണുന്നത്. തിരുവനന്തപുരം മെഡിക്കൽ കോളജിലെ കെടുകാര്യസ്ഥത പുറത്തുകൊണ്ടുവന്ന ഡോ. ഹാരിസ് ഹസനെതിരെ വകുപ്പുതല നടപടിക്ക് നീക്കം നടത്തുന്നത് ഇരുട്ടുകൊണ്ട് ഓട്ടയടയ്ക്കുന്നതിന് തുല്യമാണ്.

ഡോ. ഹാരിസ് വെളിപ്പെടുത്തിയതെല്ലാം അസത്യമാണെന്ന വിചിത്രമായ കണ്ടെത്തലാണ് ആരോഗ്യവകുപ്പ് നിയോഗിച്ച അന്വേഷണ സംഘത്തിന്റേത്. ഇതോടെ വാദി പ്രതിയാകുന്ന അവസ്ഥയാണ് നിലവിലുള്ളത്. വകുപ്പ് മന്ത്രിയെ അവഹേളിക്കാനും പ്രതിപക്ഷത്തിന് സമരത്തിനുള്ള വഴി ഒരുക്കാനും ഡോ. ഹാരിസ് ശ്രമിച്ചെന്നാണ് മുഖ്യ ഭരണകക്ഷിയായ സി.പി.എമ്മിന്റെ വിലയിരുത്തൽ.
ഇടതുസഹയാത്രികനായ ഡോക്ടറുടെ വെളിപ്പെടുത്തൽ പാർട്ടിക്കുള്ളിൽ പോലും ആരോഗ്യമന്ത്രിക്കെതിരെ വിമർശനങ്ങൾക്ക് വഴിവെച്ചിരുന്നു. കോട്ടയം മെഡിക്കൽ കോളജിലെ പഴഞ്ചൻ കെട്ടിടം തകർന്നു വീണ് രോഗിയായ മകൾക്ക് കൂട്ടിരിപ്പിനെത്തിയ സ്ത്രീ ദാരുണമായി മരിച്ചതോടെ ആരോഗ്യവകുപ്പിന്റെ വികൃതമുഖം ജനങ്ങൾക്കു മുൻപിൽ തുറന്നുകാട്ടപ്പെട്ടു.
ഈ പശ്ചാത്തലത്തിലാണ് തിരുവനന്തപുരം മെഡിക്കൽ കോളജിൽ ആവശ്യമായ ശസ്ത്രക്രിയ ഉപകരണങ്ങൾ ഇല്ലെന്ന ഡോക്ടർ ഹാരിസിന്റെ വെളിപ്പെടുത്തൽ ആരോഗ്യവകുപ്പിനെ കടുത്ത പ്രതിരോധത്തിലേക്ക് തള്ളിവിട്ടത്. ആദ്യം ഡോ. ഹാരിസിനെ അനുകൂലിച്ച് പ്രസ്താവന നടത്തിയ ആരോഗ്യമന്ത്രി പിന്നീട് നിലപാട് മാറ്റി.
മുഖ്യമന്ത്രി പിണറായി വിജയൻ പരസ്യമായി ഡോ. ഹാരിസിനെ തള്ളി രംഗത്തുവന്നതോടെയാണ് മന്ത്രി വീണാ ജോർജും അദ്ദേഹത്തിനെതിരെ രംഗത്തെത്തിയത്. ഹാരിസിന്റെ പരാമർശം ഇന്ത്യയിലെ ഏറ്റവും നല്ല ആരോഗ്യമേഖലയെ തെറ്റായി ചിത്രീകരിക്കുന്നതിന് കാരണമായെന്നായിരുന്നു കണ്ണൂരിൽ നടന്ന മേഖലാ അവലോകന യോഗത്തിൽ മുഖ്യമന്ത്രിയുടെ വിമർശനം. ഇതോടെ ഡോ. ഹാരിസിനെതിരെ ആരോപണവുമായി സി.പി.എമ്മും പ്രതിരോധം കടുപ്പിച്ചു.
ഡോ. ഹാരിസിന്റെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിൽ ശസ്ത്രക്രിയ ഉപകരണങ്ങളുടെ അപര്യാപ്തതയെക്കുറിച്ച് അന്വേഷണം നടത്താൻ സർക്കാർ ഉത്തരവിട്ടു. ഈ സമിതിയുടെ അന്വേഷണത്തിൽ കണ്ടെത്തിയത് ഡോ. ഹാരിസിനെ പ്രതിക്കൂട്ടിലാക്കുന്ന വസ്തുതകളായിരുന്നുവെന്നതാണ് വൈരുദ്ധ്യം. ഡോ. ഹാരിസ് ചട്ടലംഘനം നടത്തിയതായും ഉപകരണങ്ങൾ ഉണ്ടായിട്ടും ശസ്ത്രക്രിയ മുടക്കിയെന്നുമാണ് കണ്ടെത്തിയിരിക്കുന്നത്.
ശസ്ത്രക്രിയാ ഉപകരണങ്ങളിൽ ചിലത് കാണാനില്ലെന്നാണ് റിപ്പോർട്ടിലുള്ള മറ്റൊരു സുപ്രധാന ആരോപണം. ലക്ഷങ്ങൾ വിലമതിക്കുന്ന ഉപകരണങ്ങൾ കാണാനില്ലെന്ന അന്വേഷണ റിപ്പോർട്ട് ഡിപ്പാർട്ട്‌മെന്റ് തലവൻ എന്ന നിലയിൽ ഡോ. ഹാരിസിനെ കുരുക്കാനായി ഉണ്ടാക്കിയതാണെന്ന കാര്യം പകൽ പോലെ വ്യക്തമാണ്.
മെഡിക്കൽ കോളജിലെ യൂറോളജി വിഭാഗത്തിൽ ആവശ്യമായ ഉപകരണങ്ങൾ ഇല്ലെന്ന വിവരം ഡിപ്പാർട്ട്‌മെന്റ് തലവൻ എന്ന നിലയിൽ ഡോക്ടർ ബന്ധപ്പെട്ടവരെ അറിയിച്ചില്ലെന്നാണ് അന്വേഷണ സംഘത്തിന്റെ മറ്റൊരു കണ്ടെത്തൽ. എന്നാൽ ഇത് തെറ്റാണെന്ന് ഡോ. ഹാരിസ് പുറത്തുവിട്ട രേഖകൾ വ്യക്തമാക്കുന്നുണ്ട്. ഡോക്ടർ ഹാരിസ് ബന്ധപ്പെട്ട അധികൃതർക്ക് അയച്ച കത്ത് പുറത്തായ സാഹചര്യത്തിൽ അന്വേഷണ സംഘം മനഃപൂർവം ഡോക്ടറെ കുരുക്കിലാക്കാനായി ഉണ്ടാക്കിയ റിപ്പോർട്ടാണിതെന്ന വിലയിരുത്തലുണ്ട്.
ആരോഗ്യവകുപ്പിനെ അടിക്കാൻ പ്രതിപക്ഷത്തിന് വടി കൊടുത്ത ഹാരിസിനോട് മൃദുസമീപനം വേണ്ടെന്ന നിലപാടിലാണ് സർക്കാർ. അതേസമയം അദ്ദേഹത്തിനെതിരെ നിലപാട് സ്വീകരിച്ചാൽ അത് ജനം പ്രതികാരമായി വിലയിരുത്തുമെന്ന ആശങ്കയുമുണ്ട്. അതുകൊണ്ട് കാരണം കാണിക്കൽ നോട്ടീസാണ് ഡോ. ഹാരിസിന് നൽകിയിരിക്കുന്നത്.
സാമൂഹ്യമാധ്യമങ്ങളിലൂടെ വിഷയം ചർച്ചയാക്കിയത് തെറ്റായ നടപടിയാണെന്ന് ഡോ. ഹാരിസ് സ്വയം വിമർശനാത്മകമായി അംഗീകരിച്ചിട്ടുണ്ട്. എന്നാൽ ഉപകരണങ്ങൾ കാണാനില്ലെന്ന അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ ഗൗരവതരമാണ്. വകുപ്പു മേധാവികൂടിയായ ഹാരിസ് ഈ ഉപകരണങ്ങളുടെ കാര്യത്തിൽ വ്യക്തത വരുത്തേണ്ടതായി വരും.
ശസ്ത്രക്രിയ ഉപകരണങ്ങൾ കുറവാണെന്ന് ഡോക്ടർ ആവർത്തിക്കുകയാണ്. തനിക്ക് പ്രത്യേകിച്ച് ഓഫീസില്ല. ഒരു പ്രിന്റൗട്ട് എടുക്കാനുള്ള സൗകര്യം പോലുമില്ല. ഈ സാഹചര്യത്തിലാണ് സ്വന്തം നിലയിൽ ആശുപത്രി അധികൃതരെ ഉപകരണക്ഷാമം സംബന്ധിച്ച് അറിയിച്ചതെന്നാണ് ഡോക്ടർ രേഖകൾ സഹിതം വ്യക്തമാക്കുന്നത്.
തിരുവനന്തപുരം മെഡിക്കൽ കോളജിലെ ശസ്ത്രക്രിയ ഉപകരണ ക്ഷാമം സംബന്ധിച്ചുള്ള വിവാദത്തിന് തൊട്ടുപിന്നാലെ കോട്ടയം മെഡിക്കൽ കോളജിലെ കെട്ടിടം തകർന്നു വീണ് വൈക്കം തലയോലപ്പറമ്പ് സ്വദേശിനിയായ ബിന്ദു മരിക്കാനിടയായ സംഭവവും ആരോഗ്യവകുപ്പിനെ പ്രതിക്കൂട്ടിലാക്കിയിരുന്നു.
ആരോഗ്യവകുപ്പിന്റെ ഭാഗത്തുനിന്ന് തുടർച്ചയായി വീഴ്ച റിപ്പോർട്ട് ചെയ്യപ്പെടുന്നത് മന്ത്രിയുടെ പിടിപ്പുകേടാണെന്നായിരുന്നു പാർട്ടിക്കുള്ളിൽ നിന്ന് ഉയർന്ന ആരോപണം. ആരോഗ്യ മന്ത്രിക്കെതിരെ പ്രതിപക്ഷം പ്രത്യക്ഷ സമരം ആരംഭിച്ചതും ഇടതുസർക്കാരിനെ പ്രതിരോധത്തിലാക്കിയിരുന്നു. അതുകൊണ്ടുതന്നെ സംസ്ഥാന സർക്കാരിനെ പ്രതിരോധത്തിലാക്കിയ വെളിപ്പെടുത്തൽ നടത്തിയ ഡോ. ഹാരിസിനെതിരെ കടുത്ത നടപടിക്കുള്ള നീക്കമാണ് ആരോഗ്യവകുപ്പ് ആരംഭിച്ചിരിക്കുന്നത്.
ഹാരിസിനെ സർവീസിൽ നിന്ന് നീക്കണമെന്നാണ് അന്വേഷണ സംഘത്തിന്റെ ശുപാർശ. കാരണം കാണിക്കൽ നോട്ടീസിനുള്ള മറുപടി തൃപ്തികരമല്ലെങ്കിൽ നടപടി കടുത്തതാകുമെന്ന മുന്നറിയിപ്പുമുണ്ട്.
ഡോ. ഹാരിസിനെതിരെയുള്ള നീക്കത്തെ സർക്കാർ ഡോക്ടർമാരുടെ സംഘടനയും ഗൗരവത്തോടെയാണ് നിരീക്ഷിക്കുന്നത്. വരും ദിവസങ്ങളിൽ സർക്കാർ ഡോക്ടർമാരും ആരോഗ്യവകുപ്പും തമ്മിലുള്ള പോരാട്ടത്തിലേക്ക് കാര്യങ്ങൾ നീങ്ങിയേക്കും. അതിനിടെ, ഡോ. ഹാരിസിന് പിന്തുണയുമായി സോഷ്യൽ മീഡിയയിലും ചർച്ചകൾ സജീവമാവുകയാണ്.
ആരോഗ്യവകുപ്പിന്റെ പോരായ്മകൾ തുറന്നു കാണിക്കുമ്പോൾ അതു നിർഭയം ചെയ്യുന്നവരെ ഒതുക്കാനുള്ള നടപടികൾ മലർന്നു കിടന്നു തുപ്പുന്നതുപോലെയാണെന്നാണ് സമൂഹമാധ്യമങ്ങളിലെ വിമർശനം. അപ്രിയ സത്യങ്ങൾ തുറന്നു പറയുന്ന നീതിമാനെ കുരിശിലേറ്റാനുള്ള വൈതാളിക സംഘത്തിന്റെ നീക്കങ്ങൾ ഇരുട്ടുകൊണ്ട് ഓട്ടയടയ്ക്കുന്നതിന് തുല്യമാണ്.
ഡോ. ഹാരിസ് വിഷയത്തിൽ നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെക്കുക
Article Summary: Kerala health dept. faces backlash for action against Dr. Harris Hassan.
#DrHarrisHassan #KeralaHealth #MedicalCollege #Thiruvananthapuram #HealthDepartment #Politics