രാഹുൽ മാങ്കൂട്ടത്തിനെതിരെ അതിജീവിത നേരിട്ടെത്തി മുഖ്യമന്ത്രിക്ക് പരാതി നൽകി: ഡിജിറ്റൽ തെളിവുകൾ കൈമാറി
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
● ഗർഭഛിദ്ര ആരോപണങ്ങൾ അടക്കം ഉന്നയിച്ചുകൊണ്ടുള്ള ശബ്ദരേഖകൾ നേരത്തെ പുറത്തുവന്നിരുന്നു.
● മുഖ്യമന്ത്രിയുടെ നിർദ്ദേശപ്രകാരം പരാതി ക്രൈംബ്രാഞ്ചിന് കൈമാറി.
● അറസ്റ്റ് അടക്കമുള്ള നടപടികളിലേക്ക് ക്രൈംബ്രാഞ്ച് കടന്നേക്കുമെന്നും സൂചനയുണ്ട്.
● പരാതിക്ക് പിന്നാലെ രാഹുൽ മാങ്കൂട്ടത്തിൽ ഒളിവിൽ പോയതായി സൂചന.
● താൻ നിരപരാധിയാണെന്നും നിയമപരമായി പോരാടുമെന്നും രാഹുൽ മാങ്കൂട്ടത്തിൽ ഫേസ്ബുക്കിൽ പ്രതികരിച്ചു.
● രാഹുലിനെ നേരത്തെ തന്നെ സസ്പെൻഡ് ചെയ്തതിനാൽ പാർട്ടിക്ക് ഉത്തരവാദിത്തമില്ലെന്ന് കോൺഗ്രസ് നേതാക്കൾ വ്യക്തമാക്കി.
തിരുവനന്തപുരം: (KVARTHA) രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്കെതിരെ ലൈംഗിക പീഡന പരാതിയുമായി യുവതി മുഖ്യമന്ത്രിയെ സമീപിച്ചു. ഗർഭഛിദ്ര ആരോപണങ്ങൾ അടക്കം ഉന്നയിച്ചുകൊണ്ടുള്ള ശബ്ദരേഖ പുറത്തുവന്നതിന് പിന്നാലെയാണ് യുവതി മുഖ്യമന്ത്രിയുടെ ഓഫീസിൽ നേരിട്ടെത്തി പരാതി നൽകിയത്. യുവതി ഡിജിറ്റൽ തെളിവുകൾ അടക്കം ഫോൺ രേഖകൾ ഉൾപ്പെടെയുള്ള തെളിവുകൾ സഹിതമാണ് പരാതി കൈമാറിയതെന്ന് റിപ്പോർട്ടുണ്ട്.
വിവാഹ വാഗ്ദാനം നൽകി ലൈംഗിക ചൂഷണം നടത്തുകയും പിന്നീട് ഗർഭഛിദ്രത്തിന് നിർബന്ധിക്കുകയും ചെയ്തെന്ന് അടക്കമുള്ള ഗുരുതരമായ ആരോപണങ്ങൾ പരാതിയിൽ ഉള്ളതായാണ് വിവരം. ഗർഭം ധരിക്കാനും ഗർഭഛിദ്രത്തിന് നിർബന്ധിക്കുന്നതുമായ ശബരേഖയും സന്ദേശങ്ങളുമാണ് നേരത്തെ പുറത്തുവന്നത്. കുട്ടിവേണമെന്ന് രാഹുൽ മാങ്കൂട്ടത്തിലാണ് നിർബന്ധം പിടിച്ചതെന്ന് പെൺകുട്ടി പറയുന്നു. പെൺകുട്ടിയോട് പരിഹാസത്തോടെയും ക്രൂരമായും പ്രതികരിക്കുന്ന രാഹുൽ മാങ്കൂട്ടത്തിലിൻ്റെ ശബ്ദരേഖയും കേൾക്കാം. ഇതിനൊപ്പം പുറത്തുവന്ന വാട്‌സാപ്പ് ചാറ്റിലും കുട്ടിവേണമെന്ന് പറയുന്നതടക്കമുള്ള കാര്യങ്ങളാണുള്ളത്.
പരാതി ക്രൈംബ്രാഞ്ചിന്; അറസ്റ്റ് ഉടൻ?
മുഖ്യമന്ത്രി പരാതി ക്രൈംബ്രാഞ്ചിന് കൈമാറിയതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ക്രൈംബ്രാഞ്ച് മേധാവി എച്ച്. വെങ്കിടേഷിനെ വിളിച്ചു വരുത്തി മുഖ്യമന്ത്രി ആശയവിനിമയം നടത്തിയതായും സൂചനയുണ്ട്. അതിജീവിതയുടെ രഹസ്യ മൊഴി രേഖപ്പെടുത്താൻ കോടതിയിൽ അപേക്ഷ നൽകുമെന്നും മൊഴി നൽകാൻ തയാറാണെന്ന് അതിജീവിത അറിയിച്ചതായും വിവരമുണ്ട്. രാഹുൽ മാങ്കൂട്ടത്തിലിന്റെ അറസ്റ്റ് അടക്കമുള്ള നടപടികളിലേയ്ക്ക് ക്രൈംബ്രാഞ്ച് കടന്നേക്കുമെന്നും എഡിജിപി എച്ച്.വെങ്കിടേഷിൻ്റെ നേതൃത്വത്തിൽ തിരക്കിട്ട ചർച്ചകൾ നടക്കുന്നുണ്ടെന്നും സൂചനയുണ്ട്.
രാഹുൽ ഒളിവിൽ? പ്രതികരണവുമായി നേതാക്കൾ
അതേസമയം, പരാതി ലഭിച്ച സ്ഥിതിക്ക് രാഹുൽ മാങ്കൂട്ടത്തിൽ ഒളിവിൽ പോയതായാണ് സൂചന. പാലക്കാട്ടെ എംഎൽഎ ഓഫീസ് പൂട്ടിയ നിലയിലാണ്. തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് സജീവമായിരുന്ന ഓഫീസിൽ ജീവനക്കാർ ഉൾപ്പെടെ ആരും ഇപ്പോൾ ഇല്ല. രാഹുൽ മാങ്കൂട്ടത്തിലിൻ്റെയും പേഴ്സണൽ സ്റ്റാഫിൻ്റെയും ഫോൺ സ്വിച്ച് ഓഫാണെന്ന് പോലീസ് വൃത്തങ്ങൾ പറയുന്നു.
വ്യാഴാഴ്ച തിരഞ്ഞെടുപ്പ് പ്രചാരണത്തിൻ്റെ ഭാഗമായി കണ്ണാടി പഞ്ചായത്തിൽ ഉണ്ടായിരുന്ന രാഹുൽ വൈകിട്ടോടെ പ്രചാരണത്തിൽനിന്നും പിന്മാറി. രാഹുൽ മാങ്കൂട്ടത്തിൽ മുൻകൂർ ജാമ്യത്തിനു ശ്രമിക്കുന്നതായും അഭിഭാഷകനുമായി കൂടിക്കാഴ്ച നടത്തിയതായുമുള്ള വിവരങ്ങളും പുറത്തുവരുന്നുണ്ട്.
പാർട്ടിയുടെ നിലപാട്
ലൈംഗിക ആരോപണങ്ങൾ വിവാദമായതോടെ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ കോൺഗ്രസ് നേരത്തെ നടപടിയെടുത്തിരുന്നു. പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽനിന്ന് ആറു മാസത്തേക്കായിരുന്നു സസ്പെൻഡ് ചെയ്തത്. 'രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എയെ നേരത്തേ തന്നെ പാർട്ടിയിൽ നിന്ന് സസ്പെൻഡ് ചെയ്‌തിട്ടുണ്ട് എന്നും രാഹുൽ പാർട്ടിയുടെ ഭാഗമല്ല' എന്നും കെ.പി.സി.സി പ്രസിഡന്റ് സണ്ണി ജോസഫ് പ്രതികരിച്ചു. രാഹുൽ വിഷയം നേരത്തെ മുതലേ ചർച്ചയിലുള്ളതാണ്, അത് തെരഞ്ഞെടുപ്പിനെ ബാധിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
'പരാതി ലഭിച്ച സ്ഥിതിക്ക് സർക്കാരിന് നിലപാടെടുക്കാം എന്നും കോൺഗ്രസിനെ സംബന്ധിച്ച് രാഹുൽ പാർട്ടിക്ക് പുറത്താണ്' എന്നും മുതിർന്ന നേതാവായ കെ. മുരളീധരൻ പ്രതികരിച്ചു. പുറത്താക്കിയ അന്ന് മുതൽ രാഹുലിൻ്റെ കാര്യത്തിൽ പാർട്ടിക്ക് ഉത്തരവാദിത്തമില്ലെന്നും മുരളീധരൻ കൂട്ടിച്ചേർത്തു.
രാഹുലിൻ്റെ പ്രതികരണം
'കുറ്റം ചെയ്തിട്ടില്ല, നിയമപരമായി പോരാടും' — എന്ന് രാഹുൽ മാങ്കൂട്ടത്തിൽ ഫേസ്ബുക്കിൽ കുറിച്ചു. താൻ നിരപരാധിയെന്ന് ആവർത്തിച്ച രാഹുൽ, നീതിന്യായ കോടതിയിലും ജനങ്ങളുടെ കോടതിയിലും എല്ലാം ബോധ്യപ്പെടുത്തുമെന്നും സത്യം ജയിക്കുമെന്നും കുറിപ്പിൽ പറയുന്നു. നേരത്തെ, ആദ്യം പുറത്തുവന്ന ശബ്ദരേഖയും വാട്‌സാപ്പ് ചാറ്റും അടിസ്ഥാനമാക്കി ക്രൈംബ്രാഞ്ച് കേസെടുത്തിരുന്നുവെങ്കിലും പരാതി നൽകിയവരെല്ലാം മൂന്നാം കക്ഷികളായിരുന്നു. എന്നാൽ, ഇപ്പോൾ യുവതിതന്നെ നേരിട്ട് പരാതി നൽകിയതോടെയാണ് കേസിന് പുതിയ വഴിത്തിരിവായത്. രാഹുൽ എംഎൽഎ സ്ഥാനം രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് സി.പി.എമ്മും ബി.ജെ.പിയും രംഗത്തെത്തിയിട്ടുണ്ട്.
രാഹുൽ മാങ്കൂട്ടത്തിലിനെതിരായ പരാതിയിൽ ശക്തമായ നടപടി വേണോ? നിങ്ങളുടെ അഭിപ്രായം കമൻ്റ് ചെയ്യുക.
Article Summary: Assault complaint filed against MLA Rahul Mankuttathil with CM.
#RahulMankuttathil #CrimeNews #Assault #KeralaPolitics #CrimeBranch #MLA
