Criticized | പി എസ് സി ഇടപാടില്‍ മന്ത്രി മുഹമ്മദ് റിയാസിന് പങ്കെന്ന് ഡിസിസി പ്രസിഡന്റ്; സംഭവം അതീവ ഗൗരവമുള്ളതാണെന്ന് യുവമോര്‍ച
സത്യം തെളിയിക്കാന്‍ പാര്‍ടിക്കും സര്‍കാരിനും ബാധ്യതയുണ്ട്
അഴിമതികള്‍ ഇനിയും പുറത്തുവരാനുണ്ട്
കോഴിക്കോട്: (KVARTHA) പി എസ് സി അംഗത്വം നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് പ്രാദേശിക നേതാവ് കോഴവാങ്ങിയെന്ന ആരോപണത്തില്‍ സിപിഎമിനെതിരെ രൂക്ഷ വിമര്‍ശനവുമായി കോഴിക്കോട് ഡിസിസി പ്രസിഡന്റ് അഡ്വ. കെ പ്രവീണ്‍ കുമാര്‍.
പി എസ് സി അംഗത്വം സിപിഎം തൂക്കിവില്‍ക്കുകയാണെന്നും കോഴിക്കോട്ടെ സിപിഎമില്‍ മാഫിയകള്‍ തമ്മിലുള്ള തര്‍ക്കമാണ് നടക്കുന്നതെന്നും ആരോപിച്ച ഡിസിസി പ്രസിഡന്റ് ഇത്തരം എല്ലാ ഇടപാടിലും മന്ത്രി മുഹമ്മദ് റിയാസിന് പങ്കുണ്ടെന്നും ചൂണ്ടിക്കാട്ടി.
സംഭവത്തില്‍ കോടതി നിരീക്ഷണത്തിലുള്ള പൊലീസ് അന്വേഷണമോ കേന്ദ്ര ഏജന്‍സി അന്വേഷണമോ വേണമെന്നും മുഖ്യമന്ത്രിയുടെ കീഴില്‍ അന്വേഷിച്ചാല്‍ സത്യം പുറത്തുവരില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ആരോപണത്തില്‍ സത്യം തെളിയിക്കാന്‍ പാര്‍ടിക്കും സര്‍കാരിനും ബാധ്യതയുണ്ട്. ഇനിയും അഴിമതികള്‍ പുറത്തുവരാനുണ്ട്. റിയാസിന്റെ മാഫിയ പ്രവര്‍ത്തനം വളര്‍ന്നുപന്തലിക്കുകയാണെന്നും പ്രവീണ്‍ കുമാര്‍ വ്യക്തമാക്കി.
പ്രവീണ്‍ കുമാറിന്റെ ആരോപണങ്ങള്‍:
പി എസ് സി അംഗത്വം സിപിഎം തൂക്കിവില്‍ക്കുകയാണ്. കോഴിക്കോട് സിപിഎമില്‍ മാഫിയകള്‍ തമ്മിലുള്ള തര്‍ക്കമാണ് നടക്കുന്നത്. അതിന്റെ ഭാഗമായാണ് ഈ വിവരം പുറത്തുവന്നത്. ഇത്തരം എല്ലാ ഇടപാടിലും മന്ത്രി മുഹമ്മദ് റിയാസിന് പങ്കുണ്ട്. കോടതി നിരീക്ഷണത്തിലുള്ള പൊലീസ് അന്വേഷണം വേണം. അല്ലെങ്കില്‍ കേന്ദ്ര ഏജന്‍സി അന്വേഷണം വേണം. മുഖ്യമന്ത്രിയുടെ കീഴില്‍ അന്വേഷിച്ചാല്‍ സത്യം പുറത്തുവരില്ല.
സിപിഎം സഖാക്കള്‍ക്ക് പണത്തിനോട് ആര്‍ത്തി കൂടുന്നു എന്ന് സംസ്ഥാന സെക്രടറി എംവി ഗോവിന്ദന്‍ തന്നെ പറഞ്ഞതാണ്. അതിനോട് ചേര്‍ത്തുവെച്ച് വേണം അഴിമതി ആരോപണത്തെ കാണാന്‍. ആരോപണത്തില്‍ സത്യം തെളിയിക്കാന്‍ പാര്‍ടിക്കും സര്‍കാരിനും ബാധ്യതയുണ്ട്. ഇനിയും അഴിമതികള്‍ പുറത്തുവരാനുണ്ട്. റിയാസിന്റെ മാഫിയ പ്രവര്‍ത്തനം വളര്‍ന്നുപന്തലിക്കുകയാണ്- എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പി എസ് സി അംഗത്വം വാഗ്ദാനം ചെയ്ത് കോഴ വാങ്ങിയെന്ന പരാതിയില്‍ നേരത്തെ കോഴിക്കോട്ടെ ഏരിയാ കമിറ്റി അംഗമായ പ്രമോദ് കോട്ടൂളിക്കെതിരെ സിപിഎം നടപടി എടുത്തിരുന്നു. ഇയാളെ തിരഞ്ഞെടുക്കപ്പെട്ട സ്ഥാനങ്ങളില്‍ നിന്ന് മാറ്റുമെന്നും പാര്‍ടി വൃത്തങ്ങള്‍ അറിയിച്ചിരുന്നു. നടപടി പാര്‍ടി ഔദ്യോഗികമായി പിന്നീട് അറിയിക്കും.
ഇതിന് പിന്നാലെ വിഷയം പ്രതിപക്ഷം നിയമസഭയില്‍ ഉന്നയിക്കുകയും ചെയ്തു. ചോദ്യോത്തരവേളയില്‍ എംകെ മുനീറിനുവേണ്ടി എന്‍ ശംസുദ്ദീനാണ് ഇക്കാര്യം ശ്രദ്ധയില്‍ പെടുത്തിയത്. 'പി എസ് സി അംഗമാക്കുന്നതിന് ഭരണകക്ഷി നേതാവ് 60 ലക്ഷം രൂപ കോഴ ചോദിച്ചുവെന്നും 22 ലക്ഷം രൂപ നേതാവിന് കൈമാറിയെന്നും പാര്‍ടി സെക്രടറിയേറ്റില്‍ അന്വേഷണം നടക്കുന്നുവെന്നുമാണ് പുറത്തുവരുന്ന വാര്‍ത്ത. ഇതിന് മുമ്പും പി എസ് സി അംഗമാകുന്നതിന് പണം വാങ്ങുന്നതായുള്ള ആരോപണമുയര്‍ന്നിരുന്നു. കോഴിക്കോട്ടുനിന്ന് ഉയരുന്ന ഈ ആരോപണത്തില്‍ എന്ത് നടപടിയാണ് സ്വീകരിക്കുക', എന്നായിരുന്നു ശംസുദ്ദീന്റെ ചോദ്യം.
ആരോപണം നിഷേധിക്കാതിരുന്ന മുഖ്യമന്ത്രി, നാട്ടില്‍ പലവിധ തട്ടിപ്പുകള്‍ നടക്കുന്നുണ്ടെന്നും അതിനെതിരെ സ്വാഭാവിക നടപടിയുണ്ടാകുമെന്നുമുള്ള മറുപടിയും നല്‍കി. ഭരണഘടന ചുമതലപ്പെടുത്തിയതിനനുസരിച്ച് ഫലപ്രദമായി മുന്നോട്ടുപോകുന്ന ഏജന്‍സിയാണ് കേരളത്തില്‍ പി എസ് സിയെന്നും അതിനെ അപകീര്‍ത്തിപ്പെടുത്താനുള്ള ഒട്ടേറെ ശ്രമങ്ങള്‍ നേരത്തേതന്നെ ഉണ്ടായിട്ടുണ്ടെന്നും അത് നിര്‍ഭാഗ്യകരമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
പി എസ് സി അംഗങ്ങളെ റിക്രൂട് ചെയ്യുന്നതോ നിയമിക്കുന്നതോ ഏതെങ്കിലും തരത്തിലുള്ള അഴിമതിയുടെ ഭാഗമായിട്ടാണെന്ന് ആര്‍ക്കും പറയാനാകില്ലെന്ന് പറഞ്ഞ മുഖ്യമന്ത്രി ഒരുതരത്തിലുമുള്ള വഴിവിട്ട രീതികളും ഉണ്ടാകാറില്ലെന്നും വ്യക്തമാക്കി. തട്ടിപ്പുകള്‍ പലരീതിയില്‍ നടക്കുന്നുണ്ട്. തട്ടിപ്പ് നടക്കുമ്പോള്‍ സ്വാഭാവികമായി അതിനുള്ള നടപടികള്‍ ഉണ്ടാകും എന്നും മുഖ്യമന്ത്രി മറുപടി നല്‍കി.
പി എസ് സി കോഴ ആരോപണത്തില്‍ മുഹമ്മദ് റിയാസിന്റെ പങ്ക് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് യുവമോര്‍ചയും രംഗത്തെത്തി. പി എസ് സി അംഗമാകാന്‍ സി പി എം നേതാക്കള്‍ കോഴ ആവശ്യപ്പെട്ട സംഭവം അതീവ ഗൗരവമുള്ളതാണെന്നും മന്ത്രി മുഹമ്മദ് റിയാസിന്റ അറിവോടെയാണ് കോഴയിടപാടുകള്‍ നടന്നിട്ടുള്ളതെന്നും പി എസ് സി യുടെ വിശ്വാസ്യതയെ തകര്‍ക്കുന്ന വെളിപ്പെടുത്തലുകളാണ് പുറത്ത് വരുന്നതെന്നും യുവമോര്‍ച ആരോപിച്ചു.
കോടികളുടെ കോഴ ഇടപാടുകളാണ് പി എസ് സി യെ കേന്ദ്രീകരിച്ച് സിപിഎം നേതാക്കള്‍ നടത്തുന്നത്. അര്‍ഹതപ്പെട്ട ഉദ്യോഗാര്‍ഥികള്‍ക്ക് നിയമനം പോലും നല്‍കാതെ താല്‍കാലികക്കാരെ തിരുകി കയറ്റിയും സ്ഥിരപ്പെടുത്തിയും പി എസ് സി യിലൂടെ വലിയ ക്രമക്കേടുകള്‍ നടത്തുകയാണ്. കോഴ കൊടുത്ത് വാങ്ങിയ വലിയ പ്രതിഫലം വാങ്ങുന്ന പി എസ് സി അംഗമെന്ന പോസ്റ്റിലിരിക്കുന്നവരാണ് ഈ തട്ടിപ്പ് നടത്തുന്നതെന്നും നേതാക്കള്‍ ആരോപിച്ചു.
തട്ടിപ്പിന്റെ പര്യായമായി സിപിഎം മാറിയിരിക്കുന്നു. മന്ത്രിക്ക് പങ്കില്ല എന്ന ഗോവിന്ദന്‍ മാസ്റ്ററുടെ പ്രസ്താവന പരിഹാസ്യമാണ്. മുഹമ്മദ് റിയാസിന്റെ പങ്കിനെക്കുറിച്ചും, മുഴുവന്‍ പി എസ് സി അംഗങ്ങളുടെ നിയമനങ്ങളെക്കുറിച്ചും സമഗ്ര അന്വേഷണം വേണമെന്നും യുവമോര്‍ച സംസ്ഥാന അധ്യക്ഷന്‍ സി ആര്‍ പ്രഫുല്‍ കൃഷ്ണന്‍ ആവശ്യപ്പെട്ടു.