Pramod Kottoolli | തന്നെ കോഴക്കേസില്‍ കുടുക്കിയ ആളുടെ വീടിന് മുന്നില്‍ അമ്മയ്ക്കും മകനുമൊപ്പം സമരം ചെയ്യുമെന്ന് പ്രഖ്യാപിച്ച് പി എസ് സി കോഴ വിവാദത്തില്‍ സിപിഎം പുറത്താക്കിയ പ്രമോദ് കോട്ടൂളി


22 ലക്ഷം രൂപ കോഴ വാങ്ങിയിട്ടുണ്ടെങ്കില്‍ അതിന് തെളിവുതരണം
എന്നെ ഇതിനകത്തുകൊണ്ടുപോയി ഗൂഢാലോചന നടത്തിയത് ആരാണെന്നും ചോദ്യം
കോഴിക്കോട്: (KVARTHA) തന്നെ കോഴക്കേസില്‍ (Bribery case) കുടുക്കിയതാണെന്നും (Trapped) കുടുക്കിയ ആളുടെ വീടിന് മുന്നില്‍ അമ്മയ്ക്കും മകനുമൊപ്പം സമരം (Protest) ചെയ്യുമെന്നും പ്രഖ്യാപിച്ച് പി എസ് സി കോഴ (PSC Bribe) വിവാദത്തില്‍ (Controversy) സിപിഎം (CPM) പുറത്താക്കിയ ഏരിയ കമിറ്റി അംഗം (Area committeember) പ്രമോദ് കോട്ടൂളി (Pramod Kottoolli). കേസിലെ പരാതിക്കാരനായ (Complainant) ശ്രീജിത്തിന്റെ (Sreejith) വീടിന് മുന്നിലാണ് കുത്തിയിരിക്കാന്‍ പോകുന്നതെന്നും പ്രമോദ് പറഞ്ഞു.
പ്രമോദിന്റെ വാക്കുകള്‍:
ആരാണ് ഇതിന് പിന്നിലെന്ന് അയാള്‍ പറയണം. ആദ്യമായാണ് ശ്രീജിത്തിന്റെ വീട്ടിലേക്ക് പോകുന്നത്. ഞാന്‍ കോഴ വാങ്ങിയെന്നാണ് കഴിഞ്ഞ കുറേ ദിവസങ്ങളായുള്ള ആരോപണം. എന്നെ റിയല്‍ എസ്റ്റേറ്റ് മാഫിയ എന്നാണ് പറയുന്നത്. കോഴിക്കോട് നഗരത്തില്‍ ഞാന്‍ എന്തെങ്കിലും ഇടപാട് നടത്തിയിട്ടുണ്ടെങ്കില്‍ അത് ഈ പറയുന്നവര്‍ എന്നെ ബോധ്യപ്പെടുത്തണം.
ഞാന്‍ തെറ്റ് ചെയ്തിട്ടില്ലെന്ന് എന്റെ അമ്മയെ ബോധ്യപ്പെടുത്തണം. മകനായതിനുശേഷമാണ് ഞാന്‍ സഖാവായത്. 22 ലക്ഷം രൂപ കോഴ ഞാന്‍ വാങ്ങിയിട്ടുണ്ടെങ്കില്‍ അതിന് തെളിവുതരണം. എന്നെ ഇതിനകത്തുകൊണ്ടുപോയി ഗൂഢാലോചന നടത്തിയത് ആരാണ്. 22 ലക്ഷം രൂപ ആരെങ്കിലും വാങ്ങിയിട്ടുണ്ടെങ്കില്‍ അതാരാണ്? ആരു കൊടുത്തു? എപ്പോള്‍ വാങ്ങി തുടങ്ങിയ കാര്യങ്ങള്‍ എന്റെ അമ്മയെ ബോധ്യപ്പെടുത്തണം- എന്നും പ്രമോദ് പറഞ്ഞു.
കോഴക്കേസുമായി ബന്ധപ്പെട്ട നിയമപരമായ എല്ലാ പരാതികളും അടുത്ത രണ്ട് ദിവസങ്ങളിലായി പൊലീസിന് നല്‍കും. ഇനി ഞാനൊരു മകനും ഭര്‍ത്താവും അച്ഛനും സ്‌നേഹിതനും മാത്രമാണ്. എന്നെ കുടുക്കാന്‍ ശ്രമിച്ചവരുടെ എല്ലാം പേരുകള്‍ ഇനി പറയും. ഇനി എനിക്ക് ഒന്നും നോക്കാനില്ല. പാര്‍ടി നടപടിയെക്കുറിച്ച് ഇതുവരെ വിവരം കിട്ടിയില്ലെന്നും താന്‍ കൂടി അംഗമായ ഏരിയ കമിറ്റി സ്വാഭാവികമായും ഇക്കാര്യം അറിയിക്കേണ്ടതാണെന്നും പ്രമോദ് പ്രതികരിച്ചു.
ഞാന്‍ പാര്‍ടിയെ വെല്ലുവിളിച്ചിട്ടില്ല, പാര്‍ടി തോല്‍ക്കുന്നത് കാണാന്‍ ആഗ്രഹിച്ചിട്ടില്ല, സംഭവത്തിന് പിന്നില്‍ ഗൂഢാലോചനയുണ്ട്, അതു പുറത്തുകൊണ്ടുവരണമെന്നും പ്രമോദ് കൂട്ടിച്ചേര്‍ത്തു.
പ്രമോദിനെ പ്രാഥമിക അംഗത്വത്തില്‍നിന്ന് പുറത്താക്കാനും തിരഞ്ഞെടുക്കപ്പെട്ട എല്ലാ സ്ഥാനങ്ങളില്‍നിന്നും നീക്കാനും ശനിയാഴ്ച ചേര്‍ന്ന സിപിഎം കോഴിക്കോട് ജില്ലാ കമിറ്റി യോഗത്തിലാണ് തീരുമാനിച്ചത്. കോഴ വാങ്ങിയെന്ന ആരോപണത്തില്‍ പ്രമോദ് പാര്‍ടിക്ക് നല്‍കിയ വിദശീകരണം തൃപ്തികരമല്ലെന്ന് വിലയിരുത്തിയ യോഗം ആക്ഷേപമുന്നയിച്ചവരുടെ മൊഴിയടക്കം പരിഗണിച്ചാണ് അദ്ദേഹത്തിനെതിരെ നടപടി സ്വീകരിച്ചത്.
സി ഐ ടി യു ജില്ലാ സെക്രടറി ഉള്‍പെടെ തിരഞ്ഞെടുക്കപ്പെട്ട മറ്റ് സ്ഥാനമാനങ്ങളില്‍ നിന്നും പ്രമോദിനെ ഒഴിവാക്കും. പി എസ് സി അംഗത്വം വാഗ്ദാനം ചെയ്ത് കോഴിക്കോട് സ്വദേശിയായ ഡോക്ടറില്‍ നിന്ന് 22 ലക്ഷം കൈപ്പറ്റിയെന്നാണ് പ്രമോദിനെതിരെ ഉയര്‍ന്ന ആരോപണം. മന്ത്രി പിഎ മുഹമ്മദ് റിയാസ് വഴി അംഗത്വം തരപ്പെടുത്താമെന്നായിരുന്നു വാഗ്ദാനം ചെയ്തതെന്നും പരാതിക്കാര്‍ പറഞ്ഞിരുന്നു.