കുട്ടികളില്ലാത്ത ദമ്പതികള്‍ക്ക് കൂട്ടായ്മ; കേരളത്തില്‍ ഒരു ലക്ഷത്തിലധികം അംഗങ്ങള്‍

 


കൊച്ചി: (www.kvartha.com 07.11.2014) വിവാഹം കഴിഞ്ഞാല്‍ ഉടന്‍ തുടങ്ങുന്ന ചോദ്യം കുട്ടികളായില്ലേ എന്നതാണ്. ചോദ്യങ്ങള്‍ക്കും ഉത്തരങ്ങള്‍ക്കുമിടയില്‍ സന്താനസൗഭാഗ്യം ലഭിക്കാത്തവര്‍ പലപ്പോഴും തളരാറുണ്ട്. അതുകൊണ്ട് തന്നെ മക്കളില്ലാത്തതിന്റെ പേരില്‍ ജീവിതം തന്നെ മുരടിച്ചുപോയി എന്ന് വിലപിക്കുന്നവര്‍ക്ക് പുതിയൊരു ഊര്‍ജമാണ് പ്രൊജിനി ഫ്രീ കപ്പിള്‍സ് വെല്‍ഫെയര്‍ ഓര്‍ഗനൈസേഷന്‍.

സമാനഹൃദയര്‍ ഒരുമിച്ച് ചേര്‍ന്ന് പരസ്പരം അവരുടെ ദുഖങ്ങള്‍ ചര്‍ച്ച ചെയ്യുന്നതോടെ നിരവധിപേര്‍ക്ക് ഒരു പുനര്‍ ജന്മം കൂടിയാണ് പ്രോജനി. വര്‍ഷങ്ങളുടെ കാത്തിരിപ്പിന് ശേഷവും കുട്ടികളില്ലാത്ത ദമ്പതികളുടെ എണ്ണം കേരളത്തില്‍ നാള്‍ക്കുനാള്‍ വര്‍ധിച്ചുവരുന്നു. വന്ധ്യതാ ക്ലിനിക്കുളാകട്ടെ ഇത്തരക്കാരെ കൊള്ളയടിക്കുന്നുണ്ട്. കുഞ്ഞുങ്ങള്‍ ഇല്ലാത്തതിന്റെ പേരില്‍ ഭാര്യമാരെ ഉപേക്ഷിക്കുന്നവരും വിരളമല്ല.

ഇത്തരമൊരു സമൂഹിക പശ്ചാത്തലത്തിലാണ് സന്താനങ്ങളില്ലാത്ത തുല്യദുഖിതരുടെ കൂട്ടായ്മയുടെ പിറവി. മാനസിക സംഘര്‍ഷങ്ങള്‍ പരസ്പരം പങ്കുവച്ചും വന്ധ്യതാ ചികില്‍സയുടെ പേരില്‍ നടക്കുന്ന ചൂഷണങ്ങള്‍ക്കെതിരേ പോരാടാനുറച്ചും മത - രാഷ്ട്രീയ നിറമില്ലാതെ രൂപീകരിച്ച കൂട്ടായ്മയാണ് പ്രൊജിനി ഫ്രീ കപ്പിള്‍സ് വെല്‍ഫെയര്‍ ഓര്‍ഗനൈസേഷന്‍. സമാന അനുഭവസ്ഥരായ ചിലര്‍ മുന്‍കൈയെടുത്ത രൂപീകരിച്ച ഈ സംഘടനയ്ക്ക് ഇന്നു കേരളത്തിലുടനീളം ഒരുലക്ഷത്തോളം അംഗങ്ങളുണ്ട്.
കുട്ടികളില്ലാത്ത ദമ്പതികള്‍ക്ക് കൂട്ടായ്മ; കേരളത്തില്‍ ഒരു ലക്ഷത്തിലധികം അംഗങ്ങള്‍

വന്ധ്യതാ ചികിത്സയുടെ പേരില്‍ നടക്കുന്ന ചൂഷണമാണ് കുട്ടികളില്ലാത്തവര്‍ നേരിടുന്ന വലിയ പ്രശ്‌നം. സ്വകാര്യമേഖലയില്‍ കുടില്‍വ്യവസായം പോലെയാണ് വന്ധ്യതാ ചികില്‍സാ കേന്ദ്രങ്ങള്‍ മുളച്ചുപൊന്തുന്നത്. ഇവയില്‍ പലതുമാകട്ടെ പണം തട്ടാനുള്ള കേന്ദ്രങ്ങളും. ദമ്പതികളുടെ അറിവില്ലായ്മയെ മുതലെടുക്കുകയാണ് ഇക്കൂട്ടര്‍. കുഞ്ഞിക്കാല്‍ കാണുകയെ സ്വപ്‌നത്തിനായി എത്ര പണവും മുടക്കാമെന്ന ദമ്പതികളുടെ മാനസികാവസ്ഥയെയാണ് ഇവിടെ ചൂഷണം ചെയ്യുന്നത്. മറ്റെല്ലാ രോഗങ്ങള്‍ക്കും സര്‍ക്കാര്‍ ആശുപത്രികളില്‍ ചികില്‍സ ലഭ്യമാണ്. എന്നാല്‍ വന്ധ്യതക്ക് ഇതുവരെ ചികില്‍സാ സൗകര്യം ഏര്‍പ്പെടുത്തിയിട്ടില്ല. അതുകൊണ്ടു തന്നെ സ്വകാര്യ ആശുപത്രികള്‍ക്ക് ചാകരയാണ്.

സ്വകാര്യ വന്ധ്യതാ ചികിത്സാ സ്ഥാപനങ്ങള്‍ ലക്ഷങ്ങളാണ് ദമ്പതിമാരില്‍നിന്ന് ഈടാക്കുന്നത്. ചികിത്സ നടത്തി വീടും കിടപ്പാടവും പണയത്തിലായവര്‍ നിരവധി. വഞ്ചിതരായവര്‍ അതിലേറെയും. തുടക്കത്തില്‍ പ്രതീക്ഷകളുടെ മായച്ചെപ്പ് തുറക്കുന്ന വന്ധ്യതാ ചികിത്സാ കേന്ദ്ര നടത്തിപ്പുകാര്‍, ഒടുവില്‍ ചികിത്സകള്‍ ഫലിക്കാതാവുതോടെ ബാക്കിയെല്ലാം വിധിക്കും ദൈവത്തിനും വിടുന്നു. എന്നാല്‍, നൈതികമൂല്യത്തോടെ വന്ധ്യതാ ചികിത്സ നടത്തുന്ന പ്രതിബദ്ധതയുള്ള സ്ഥാപനങ്ങളും ഇല്ലാതില്ല.

മറ്റെല്ലാ വിഭാഗവും സംഘടിച്ച് സര്‍ക്കാരില്‍ നിന്ന് ആനുകൂല്യങ്ങള്‍ കൈപ്പറ്റുമ്പോള്‍ ഏറെ ചൂഷണം നേരിട്ട് മക്കളില്ലാത്ത ദമ്പതിമാര്‍ക്ക് വേണ്ടി ശബ്ദിക്കാന്‍ ആരുമുണ്ടായിരുന്നില്ല. അതുകൊണ്ടാണ് പ്രൊജിനി ഫ്രീ കപ്പിള്‍സ് വെല്‍ഫെയര്‍ ഓര്‍ഗനൈസേഷന്‍ എന്ന സംഘടനയ്ക്ക് രൂപം നല്‍കാന്‍ ചിലര്‍ തീരുമാനിച്ചത്.

മക്കളില്ലാത്ത ദമ്പതിമാരെകുറിച്ച് സമഗ്രാന്വേഷണം നടത്തി സര്‍ക്കാര്‍ നടപടിസ്വീകരിക്കുക, മക്കളില്ലാത്ത ദമ്പതിമാരുടെ പ്രശ്‌നപരിഹാരത്തിനും ക്ഷേമപദ്ധതികള്‍ക്കും ബജറ്റില്‍ തുക വകയിരുത്തുക, വന്ധ്യതാ ചികിത്സയ്ക്ക് ആവശ്യമായ സഹായം നല്‍കുക, ഇന്‍ഷുറന്‍സ് പരിരക്ഷ ലഭ്യമാക്കുക, ദത്തെടുക്കല്‍ നിയമത്തില്‍ ഭേദഗതി വരുത്തുക, കുട്ടികളില്ല സര്‍ട്ടിഫിക്കറ്റ് വില്ലേജ് - പഞ്ചായത്ത് ഓഫിസില്‍നിന്ന് നല്‍കുക, ആധുനിക വന്ധ്യതാ ചികില്‍സയ്ക്ക് സര്‍ക്കാര്‍ സൗകര്യമൊരുക്കുക, പെന്‍ഷന്‍ ഏര്‍പ്പെടുത്തുക, മക്കളില്ലാത്ത ദമ്പതിമാരെ ബി.പി.എല്‍. ലിസ്റ്റില്‍ ഉള്‍പെടുത്തുക തുടങ്ങിയ ആവശ്യങ്ങളാണ് സംഘടന ഉയിക്കുന്നത് വന്നിരിക്കുന്നത്.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം

Keywords : Kerala, Kochi, Coupels, Child, Doctor, Treatment, Cheating, Prajavani free couples organisation. 
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia