പി.എല്‍.സി ചര്‍ച്ച തിങ്കളാഴ്ച; സമരച്ചൂടിലും ആശങ്കയോടെ മൂന്നാര്‍

 


ഇടുക്കി: (www.kvartha.com 04.10.2015) 500 രൂപ കൂലി നല്‍കാനാകില്ലെന്ന നിലപാടില്‍ തോട്ടമുടമകള്‍ ഉറച്ചു നില്‍ക്കെ, അസാധാരണ സ്ത്രീ മുന്നേറ്റത്തിലൂടെ കേരളത്തെ വിസ്മയിപ്പിച്ച തോട്ടം തൊഴിലാളി പ്രക്ഷോഭത്തിന് തിങ്കളാഴ്ച നിര്‍ണായക ദിനം. തിരുവനന്തപുരത്ത് നടക്കുന്ന പ്ലാന്റേഷന്‍ ലേബര്‍ കമ്മിറ്റി ചര്‍ച്ചയുടെ ഫലമാകും 22 ദിവസമായി മൂന്നാറിനെ മുള്‍മുനയില്‍ നിര്‍ത്തുന്ന തോട്ടം സമരത്തിന്റെ ഗതി നിയന്ത്രിക്കുക.

അപ്രതീക്ഷിത പെണ്‍കരുത്തില്‍ ആദ്യം പകച്ചു പോയ ട്രേഡ് യൂനിയനുകള്‍ സമരരംഗത്തിറങ്ങി പെമ്പിളൈ ഒരുമൈ മുന്നേറ്റത്തെ ഒരു പരിധി വരെ നേരിട്ടെങ്കിലും വളയിട്ട കൈകളില്‍ നിന്നേറ്റ പ്രഹരത്തിന്റെ ആഘാതത്തില്‍ നിന്നും ഇനിയും പൂര്‍ണമായി മുഖം രക്ഷിച്ചിട്ടില്ല. പി.എല്‍.സിക്ക് മുമ്പ് തൊഴില്‍ മന്ത്രിയുമായി ചര്‍ച്ച നടത്താന്‍ പെമ്പിളൈ ഒരുമൈയുടെ ആറംഗ സംഘം തലസ്ഥാനത്തെത്തി. ആദ്യ സംഘം പിന്‍വാങ്ങിയതിനെ തുടര്‍ന്ന് ഒരുമൈയുടെ 18 പേര്‍ രാപകല്‍ നിരാഹാരം ആരംഭിച്ചു.

ഇരുപക്ഷവും പരമാവധി കരുത്തു കാണിക്കുന്നതാണ് ഇന്നലെ മൂന്നാറില്‍ കണ്ടത്. രാവിലെ വിവിധ ട്രേഡ് യൂനിയന്‍ ഓഫീസുകളില്‍ കേന്ദ്രീകരിച്ച ട്രേഡ് യൂനിയന്‍ പ്രക്ഷോഭകര്‍ പ്രകടനമായി സമരവേദിയിലെത്തി. ഇതേ സമയം തന്നെ പെമ്പിളൈ ഒരുമൈയും സമരം തുടങ്ങി. ലിസി സണ്ണി, ഗോമതി അഗസ്റ്റിന്‍, രാജേശ്വരി, ശ്രീലത, കൗസല്യ എന്നിവര്‍ നിരാഹാരം അവസാനിപ്പിച്ചതിനെ തുടര്‍ന്നാണ് രണ്ടാം സംഘം തുടര്‍സമരം ആരംഭിച്ചത്. ഗോമതി അഗസ്റ്റിന്‍, ലിസി സണ്ണി, രാജേശ്വരി, ജയലക്ഷ്മി, അന്തോണിരാജ്, മനോജ് എന്നിവരാണ് പെമ്പിളൈ ഒരുമൈയെ പ്രതിനിധികരിച്ച് തലസ്ഥാനത്ത് എത്തിയിട്ടുളളത്. സംയുക്ത ട്രേഡ് യൂനിയന്റെ ആറു വനിതാ നേതാക്കളുടെ നിരാഹാരം ഇന്നലെ മൂന്നു ദിവസം പിന്നിട്ടു. മാട്ടുപ്പെട്ടി പഞ്ചായത്ത് പ്രസിഡന്റ് കവിതാ കുമാര്‍, പവന്‍തായ്(എ.ഐ.ടി.യു.സി), കലൈശെല്‍വി, പനീര്‍ശെല്‍വി(ഐ.എന്‍.ടി.യു.സി). റോസിലി, മുത്തുക്കിളി(സി.ഐ.ടി.യു) എന്നിവരാണ് ട്രേഡ് യൂനിയന്‍ നിരാഹാര സമരത്തിലുളളത്.

സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ ട്രേഡ് യൂനിയന്‍ സമരപ്പന്തലിലെത്തി സത്യഗ്രഹികളെ ഹാരമണിയിച്ചു. തോട്ടം തൊഴിലാളികളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാതെ സര്‍ക്കാരും മാനേജുമെന്റും ഒത്തുകളിക്കുകയാണെന്ന് കാനം ആരോപിച്ചു. ഒമ്പത് മാസമായി പ്രശ്‌നം പരിഹരിക്കാതെ സര്‍ക്കാര്‍ അനാസ്ഥ തുടരുകയാണ്. ഇന്നത്തെ ചര്‍ച്ചയില്‍ തീരുമാനമുണ്ടായില്ലെങ്കില്‍ സമരം കൂടുതല്‍ കരുത്താര്‍ജ്ജിക്കുമെന്നും കാനം മുന്നറിയിപ്പ് നല്‍കി. ഫോര്‍വേഡ് ബ്ലോക്ക് ജനറല്‍ സെക്രട്ടറി ജി.ദേവരാജന്‍, തമിഴ്‌നാട് എം.എല്‍.എ കതിരവന്‍, സി.ഐ.ടി.യു നേതാവ് മേഴ്‌സിക്കുട്ടിയമ്മ, കെ.പി.സി.സി സെക്രട്ടറി ലതികാ സുഭാഷ് എന്നിവര്‍ സമരപ്പന്തലിലെത്തി. പെമ്പിളൈ ഒരുമൈ സമരവേദിയില്‍ നിന്നും രണ്ടാഴ്ച മുമ്പ് എതിര്‍പ്പുമൂലം പിന്‍മാറേണ്ടി വന്ന ലതികാ സുഭാഷ് ഇന്നലെ വീണ്ടും അവിടെയെത്തി.

സെപ്റ്റംബര്‍ ആറിനാണ് മൂന്നാര്‍ കെ.ഡി.എച്ച്.പി കമ്പനിയിലെ സ്ത്രീ തൊഴിലാളികള്‍ ട്രേഡ് യൂനിയനുകളെ തളളിപ്പറഞ്ഞ് തെരുവിലിറങ്ങിയത്. ദേശീയ ശ്രദ്ധ ആകര്‍ഷിച്ച പ്രക്ഷോഭം 13ന് പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്റെ സാന്നിധ്യത്തില്‍ അവസാനിപ്പിച്ചെങ്കിലും ചര്‍ച്ചകള്‍ പരാജയപ്പെട്ടതിനെ തുടര്‍ന്ന് 28ന് പുനരാരംഭിക്കുകയായിരുന്നു. സംയുക്ത ട്രേഡ് യൂനിയനും ഇതേ ദിവസം സംസ്ഥാന വ്യാപകമായി തോട്ടം തൊഴിലാളി പണിമുടക്കും ആരംഭിച്ചു. തോട്ടം മേഖലയിലെ അംഗീകൃത യൂനിയനുകളായ എ.ഐ.ടി.യു.സി, ഐ.എന്‍.ടി.യു.സി, സി.ഐ.ടി.യു സംഘടനകളാണ് സമരരംഗത്തുളളത്. ഇന്നത്തെ ചര്‍ച്ചയും വിജയം കണ്ടില്ലെങ്കില്‍ തുടര്‍സമരം എങ്ങനെ എന്ന ആശങ്കയിലാണ് ട്രേഡ് യൂനിയനുകളും പെമ്പിളൈ ഒരുമൈയും.

ഒരു മാസത്തോളമായി തൊഴിലാളികള്‍ ഭൂരിഭാഗവും പണി്ക്കിറങ്ങിയിട്ടില്ല. ഇതു മൂലം ലയങ്ങളിലേക്ക് പട്ടിണി പടികയറി എത്തിക്കൊണ്ടിരിക്കുന്നു. എറണാകുളം ചര്‍ച്ചയെ തുടര്‍ന്ന ലഭിച്ച ബോണസ് മാത്രമാണ് താല്‍ക്കാലിക ആശ്വാസമായത്.

പി.എല്‍.സി ചര്‍ച്ച തിങ്കളാഴ്ച; സമരച്ചൂടിലും ആശങ്കയോടെ മൂന്നാര്‍

Keywords : Idukki, Meeting, Munnar, Kerala, PLC meeting on Monday. 
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia