Standards | ബിജെപി-ആര്‍എസ്എസ് ബന്ധമുള്ള സെന്‍കുമാറിനെ മാറ്റിയ പിണറായി എം ആര്‍ അജിത് കുമാറിനെ മാറ്റാത്തതെന്ത്?
* എം.ആർ അജിത് കുമാർ ആർഎസ്എസ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയ സംഭവത്തിൽ സർക്കാർ നിശ്ശബ്ദമാണ്.
അർണവ് അനിത
(KVARTHA) സംസ്ഥാനത്ത് സിപിഎമ്മും ആര്‍എസ്എസും തമ്മിലുള്ള ഏറ്റുമുട്ടലിന് അരനൂറ്റാണ്ടിലധികം പഴക്കമുണ്ട്. കേരളത്തിലെ ആദ്യത്തെ രാഷ്ട്രീയ കൊലപാതകം നടന്നത് 1969ലാണ്. ആര്‍.എസ്.എസ് നേതാവായ വാടിക്കല്‍ രാമകൃഷ്ണനാണ് കൊല്ലപ്പെട്ടത്. ആ കേസിലെ ഒന്നാം പ്രതിയാണ് മുഖ്യമന്ത്രി പിണറായി വിജയന്‍. അന്ന് മുതല്‍ ഇങ്ങോട്ട് നിരവധി രക്തസാക്ഷികളും ബലിദാനികളും ഉണ്ടായി. 218 സഖാക്കളാണ് ആര്‍എസ്എസ് ആക്രമണത്തില്‍ ഇതുവരെ കൊല്ലപ്പെട്ടത്. പിണറായി അധികാരമേറ്റ ശേഷം 18 സിപിഎമ്മുകാര്‍ ആര്‍എസ്എസിന്റെ കൊലക്കത്തിക്കിരയായി. അതുകൊണ്ടാണ് സിപിഎം ആര്‍എസ്എസിനെതിരെ ശക്തമായ നിലപാട് സ്വീകരിക്കുന്നത്.
തലശ്ശേരി കലാപകാലത്ത് നാട്ടുകാരെ സംരക്ഷിക്കാനിറങ്ങിയത് സിപിഎമ്മായിരുന്നു. അങ്ങനെയുള്ള പാര്‍ട്ടി ഇപ്പോള്‍ ആര്‍എസ്എസുമായി ചങ്ങാത്തം ആരംഭിച്ചു എന്ന ആക്ഷേപം കേള്‍ക്കാന്‍ തുടങ്ങിയിട്ട് കുറേ കാലമായി. പാര്‍ട്ടി നേതൃത്വം അതിനെയൊക്കെ എല്ലാത്തവണയും തള്ളിപ്പറഞ്ഞിരുന്നു. എന്നാല്‍ എഡിജിപി എം.ആര്‍ അജിത് കുമാര്‍ ആര്‍എസ്എസ് നേതാക്കളായ രാംമാധവ്, ദത്താത്രേയ ഹൊസബാളെ എന്നിവരുമായി കൂടിക്കാഴ്ച നടത്തിയ വിഷയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനും സിപിഎമ്മിനും ശക്തമായ നിലപാട് സ്വീകരിക്കാനാകുന്നില്ല.
തൃശൂര്‍ പൂരം കലക്കാന്‍ എഡിജിപി ആര്‍എസ്എസിനും ബിജെപിക്കും ഒത്താശ ചെയ്തു എന്ന ആക്ഷേപം നിലനില്‍ക്കുകയും പൂരം കലക്കിയത് ബിജെപിയാണെന്ന് സിപിഐ ആവര്‍ത്തിക്കുകയും ചെയ്യുമ്പോഴാണ് മുഖ്യമന്ത്രിയും സിപിഎമ്മും മൗനംപാലിക്കുന്നത്. മുഖ്യമന്ത്രിയുടെ മകള്‍ക്കെതിരായ കേസുകളും കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസും അന്വേഷണം നിലച്ചമട്ടാണ്. ഇതും സംശയം ജനിപ്പിക്കുന്നു. ഏതെങ്കിലും ഉദ്യോഗസ്ഥര്‍ ആരെയെങ്കിലും കണ്ടതിന് ഞങ്ങളെന്ത് വേണം എന്ന് നിസ്സാരവല്‍ക്കരിക്കുകയാണ് എം.വി ഗോവിന്ദന്‍ മാസ്റ്റര്‍ ചെയ്യുന്നത്.
ഇതൊന്നും പാര്‍ട്ടി പ്രവര്‍ത്തകരോ പൊതുസമൂഹമോ അംഗീകരിക്കുന്ന കാര്യമല്ല. രക്തസാക്ഷികളുടെ ചോരയില്‍ പടുത്തുയര്‍ത്തിയ പ്രസ്ഥാനം സംസ്ഥാനം ഭരിക്കുമ്പോള്‍ അതിലെ പ്രധാനപ്പെട്ട ഉദ്യോഗസ്ഥന്‍ ആര്‍എസ്എസ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയിരിക്കുന്നു. ഇത് വളരെ നിസ്സാരമായി തള്ളിക്കളയേണ്ട കാര്യമല്ല.
2023 മെയിലാണ് എഡിജിപി ആര്‍എസ്എസ് നേതാവ് ദത്താത്രേയയുമായി സംസാരിക്കുന്നത്. ഇത് സംബന്ധിച്ച വിവരം സ്‌പെഷ്യല്‍ ബ്രാഞ്ചിന് കിട്ടുമെന്നും അവരത് ഇന്റലിജന്‍സിന് കൈമാറുമെന്നും അവിടെ നിന്ന് മുഖ്യമന്ത്രിയുടെ ഓഫീസില്‍ വിവരം ലഭിക്കുമെന്നും വ്യക്തമായി അറിയാവുന്ന ഉദ്യോഗസ്ഥനാണല്ലോ എംആര്‍ അജിത് കുമാര്‍. എന്നിട്ടും അദ്ദേഹം കൂടിക്കാഴ്ചയ്ക്ക് തയ്യാറായെങ്കില്‍ അത് സര്‍ക്കാരിന്റെ അറിവോടെയാണെന്ന് പ്രതിപക്ഷം പറഞ്ഞാല്‍ അവരെ കുറ്റപ്പെടുത്താനാകില്ല. ഡിസംബറിലാണ് രാംമാധവുമായി കൂടിക്കാഴ്ച നടത്തുന്നത്. ആ വിവരവും മുഖ്യമന്ത്രിയുടെ ഓഫീസിന് ലഭിച്ചിട്ടുണ്ട്. എന്നിട്ടും നടപടിയുണ്ടായില്ല.
ആര്‍എസ്എസ് നേതാക്കളെ കണ്ടത് സ്വകാര്യ സന്ദര്‍ശനമാണെന്ന് പറഞ്ഞൊഴിയാനാകില്ല. കാരണം ക്രമസമാധാന ചുമതലയുള്ള എഡിജിപിയാണ് എംആര്‍അജിത് കുമാര്‍. ഇന്റലിജന്‍സ് നല്‍കുന്ന വിവരങ്ങളനുസരിച്ച് സംസ്ഥാനത്തെ ദൈനംദിന കാര്യങ്ങള്‍ ആസൂത്രണം ചെയ്ത് മുന്നോട്ട് കൊണ്ടുപോകുന്നത് അദ്ദേഹമാണ്. പ്രധാനപ്പെട്ട ഒരുപാട് രഹസ്യങ്ങള്‍ അദ്ദേഹത്തിനറിയാം. അങ്ങനെയൊരാള്‍ ആര്‍എസ്എസ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തുന്നത് വീട്ടുകാര്യം പറയാനാകില്ലെന്ന് ഊഹിക്കാവുന്ന കാര്യമല്ലേ.
ഉന്നത പദവികളിലിരിക്കുന്ന ഉദ്യോഗസ്ഥര്‍ക്ക് പെരുമാറ്റച്ചട്ടമുണ്ട്. ഒരു കാരണവശാലം ഇത്തരം ഉദ്യോഗസ്ഥര്‍ അനൗപചാരികമായി ആരെയും സന്ദര്‍ശിക്കാന്‍ പാടില്ല. ഇനിയഥവാ വളരെ സൗഹൃദമുള്ള വ്യക്തിയെ കാണാനാണെങ്കില്‍ ഔദ്യോഗിക വാഹനത്തില്‍ തന്നെ പോകാമല്ലോ, എന്തിനാണ് സന്ദര്‍ശനം രഹസ്യമാക്കുന്നത്. ഓഫീസ് വാഹനം ഉപേക്ഷിച്ച്, സ്വകാര്യ വാഹനത്തില്‍ ഇത്തരം നേതാക്കളെ കാണാന്‍ പോകുന്നത്. ഇതിന് സര്‍ക്കാര്‍ രാഷ്ട്രീയമായി മറുപടി പറയണം, അല്ലാതെ മിണ്ടാതിരുന്നിട്ട് കാര്യമില്ല.
കാരണം സ്വകാര്യ വാഹനത്തില്‍ പോയത് കൊണ്ട് ലോഗ്ബുക്കില്‍ രേഖപ്പെടുത്താനാകില്ല. ലോഗ് ബുക്കില്‍ രേഖപ്പെടുത്തിയാല്‍ അത് തെളിവാകും. അതുകൊണ്ട് തെളിവ് നശിപ്പിക്കാനും ശ്രമിച്ചു. രണ്ട് തവണയാണ് ഇത്തരത്തിലുള്ള സന്ദര്‍ശനം എഡിജിപി നടത്തിയത്. എന്നിട്ടും നടപടിയെടുക്കാതിരുന്നത് എന്തുകൊണ്ടാണെന്ന് ജനങ്ങളോടും പാര്‍ട്ടി പ്രവര്‍ത്തകരോടും അണികളോടും പറയാന്‍ സര്‍ക്കാരിനും സിപിഎമ്മിനും രാഷ്ട്രീയ ഉത്തരവാദിത്തമുണ്ട്. അതില്‍ നിന്ന് ഒഴിഞ്ഞുമാറാനൊക്കില്ല.
2017ല്‍ ടിപി സെന്‍കുമാറിനെ പിണറായി സര്‍ക്കാര്‍ ഡിജിപി സ്ഥാനത്ത് നിന്ന് മാറ്റി. അന്ന് കോണ്‍ഗ്രസ് എതിര്‍ത്തപ്പോള്‍ മുഖ്യമന്ത്രി പിണറായി നിയമസഭയില്‍ പറഞ്ഞത്, ടിപി സെന്‍കുമാര്‍ നിങ്ങടെ കയ്യിലല്ല കേട്ടോ, അദ്ദേഹം വേറെ താവളം തേടിപ്പോയിരിക്കുന്നു. അതുകൊണ്ട് അദ്ദേഹത്തെ സംരക്ഷിക്കാന്‍ ഇങ്ങോട്ട് വരണ്ട എന്നാണ്. സെന്‍കുമാറിന്റെ ബിജെപി-ആര്‍എസ്എസ് ബന്ധം അന്ന് പിണറായി മനസിലാക്കിയിരുന്നു. അതുകൊണ്ട് സിപിഎം ശക്തമായ നിലപാടെടുത്തു.
വിരമിച്ച ശേഷം സെന്‍കുമാര്‍ എവിടേക്കാണ് ചേക്കേറിയതെന്ന് എല്ലാര്‍ക്കും അറിയാവുന്ന കാര്യമാണ്. അതുകൊണ്ട് ആര്‍എസ്എസിനെ കുറിച്ചുള്ള എല്ലാ കാര്യങ്ങളും അവരുടെ നീക്കങ്ങളും ശക്തമായി അറിയാവുന്ന സിപിഎമ്മും സര്‍ക്കാരും എഡിജിപി എം.ആര്‍ അജിത് കുമാറിന്റെ സന്ദര്‍ശനം അറിഞ്ഞിട്ടും നടപടിയെടുക്കാതിരുന്നത് ദുരൂഹമാണ്. അത് നീക്കേണ്ടത് അവരുടെ ഉത്തരവാദിത്തമാണ്.
#PinarayiVijayan #CPM #RSS #KeralaPolitics #DoubleStandards #TPSenkumar #MRAjithKumar