മുത്തച്ഛന്‍ മുത്തം കൊടുക്കുന്ന ചിത്രം ഫേസ്ബുക്കിലിട്ടു; ഒരു വിരുതന്‍ ഇതെടുത്ത് അശ്ലീല പേജിലിട്ടു, ഞരമ്പ് രോഗികള്‍ക്ക് ചുട്ടമറുപടിയുമായി കൊച്ചുമകള്‍

 


കോഴിക്കോട്: (www.kvartha.com 17.11.2016) 27കാരിയായ കൊച്ചുമകള്‍ക്ക് മുത്തച്ഛന്‍ മുത്തം കൊടുക്കുന്ന ചിത്രം ഫേസ്ബുക്കില്‍ നിന്നും എടുത്ത് ഏതോ വിരുതന്‍ അശ്ലീല സൈറ്റിലിട്ട് പ്രചരിപ്പിച്ചതിനെ തുടര്‍ന്ന് മാനഹാനി നേരിട്ട കൊച്ചുമകള്‍ ഞരമ്പ് രോഗികള്‍ക്ക് ചുട്ട മറുപടിയുമായി ഫേസ്ബുക്കിലൂടെ രംഗത്ത് വന്നു. കോഴിക്കോട് സ്വദേശിനിയായ താര നന്ദിക്കരയാണ് ഫേസ്ബുക്കിലൂടെ ഞരമ്പ് രോഗികള്‍ക്ക് മറുപടി നല്‍കിയത്.

മൂന്ന് വര്‍ഷം മുമ്പ് മുത്തച്ഛന്‍ മുത്തം നല്‍കുന്ന ചിത്രം താര തന്റെ ഫേസ്ബുക്കിലിട്ടിരുന്നു. ഈ ഫോട്ടോ തമിഴ്‌നാട്ടിലെ രാഷ്ട്രീയ പോരിനും ഉപയോഗിച്ചിരുന്നു. ഡി എം കെ നേതാവും കഴിഞ്ഞ തിരരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയുമായിരുന്ന അന്‍പഴകന് താരയുടെ മുത്തച്ഛനുമായി രൂപസാദൃശ്യം ഉള്ളിനാല്‍ ഏതോ തമിഴ് ഫേസ്ബുക്ക് പേജിലാണ് ഈ ചിത്രം ആദ്യം ദുരുപയോഗം ചെയ്തത്. രണ്ട് ദിവസം മുമ്പ് വീണ്ടും ഈ ചിത്രമെടുത്ത് വ്യാജ അശ്ലീല വാര്‍ത്തകള്‍ മാത്രം പ്രചരിപ്പിക്കുന്ന മറ്റൊരു മലയാളം പേജില്‍ നല്‍കിയതോടെയാണ് താര മറുപടിയുമായി രംഗത്തെത്തിയത്. ഇത്തരത്തിലുള്ള പോസ്റ്റുകള്‍ ഷെയര്‍ ചെയ്യുന്നവര്‍ക്കെതിരെയും, കമന്റ് നല്‍കുന്നവര്‍ക്കെതിരെയും താര തുറന്നടിക്കുന്നു.

താര നന്ദിക്കരയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം:
ഏകദേശം മൂന്നര വര്‍ഷം മുന്‍പ് ഞാന്‍ ഇവിടെ പോസ്റ്റ് ചെയ്ത എന്റെയും മുത്തശ്ശന്റെയും കൂടിയുള്ള ഫോട്ടോ നിയമസഭാ തിരഞ്ഞെടുപ്പിന്റെ സമയത്ത് ദുരുപയോഗം ചെയ്തതായി അറിഞ്ഞിരുന്നു. രാഷ്ട്രീയക്കാരെ കുറിച്ച്! കള്ളവാര്‍ത്തകള്‍ ഉണ്ടാക്കി വിടുന്ന ഏതോ തമിഴ്! പേജിലാണ് അത് കണ്ടത്. ഡിഎംകെ നേതാവും സ്ഥാനാര്‍ത്ഥിയുമായിരുന്ന അന്‍പഴകന്‍ എന്നയാള്‍ക്ക് എന്റെ മുത്തശ്ശനുമായുള്ള മുഖച്ഛായ മുതലെടുത്തായിരുന്നു ആ വാര്‍ത്ത. പാര്‍ട്ടിക്കാരുടെ പരസ്പരം താറടിച്ചു കാണിക്കാനുള്ള കെട്ടി ചമയ്ക്കല്‍ വാര്‍ത്തകളുടെ സ്ഥിരം ശൈലിയില്‍ വന്ന ഒരെണ്ണം. എന്റെ ഭര്‍ത്താവിന്റെ തമിഴ്‌നാട്ടിലുള്ള ഒരു സുഹൃത്താണ് അത് കണ്ടു ഞാനാണെന്ന് മനസിലാക്കി ശ്രദ്ധയില്‍ പെടുത്തിയത്. അന്നതിനെതിരെ പോലിസ് സ്‌റ്റേഷനിലും സൈബര്‍ സെല്ലിലും പരാതി നല്‍കിയെങ്കിലും നടപടിയൊന്നും ഉണ്ടായില്ല. അതിന്റെ പിന്നാലെ തൂങ്ങാന്‍ വയ്യാത്തോണ്ട് ഞാനും അത് വിട്ടു.

എന്നാല്‍ രണ്ട് ദിവസം മുന്‍പ് ഇതേ ഫോട്ടോ വ്യാജ അശ്ലീല വാര്‍ത്തകള്‍ മാത്രം പ്രചരിപ്പിക്കുന്ന മറ്റൊരു മലയാളം പേജില്‍ ഉപയോഗിച്ചിരിക്കുന്നതായി ചില സുഹൃത്തുക്കള്‍ ശ്രദ്ധയില്‍ പെടുത്തി. 86 വയസ്സുള്ള കോട്ടയംകാരന്റെയും 24 കാരിയായ മരുമകളുടെയും വീഡിയോ വാട്‌സാപ്പില്‍ കണ്ട് ഗള്‍ഫിലുള്ള ചെറിയ മകന്‍ ഞെട്ടി (ആഹാ എത്ര മനോഹരം!) എന്നാണ് 'വാര്‍ത്ത'!!! ലിങ്കില്‍ ക്ലിക് ചെയ്താല്‍ ഒരു പിണ്ണാക്കും ലോഡാവില്ല! തമ്പ്‌നെയിലായി മുത്തശ്ശന്‍ എന്നെ ഉമ്മ വെക്കണ ഫോട്ടോയും! പേജില്‍ പോയി നോക്കിയപ്പോള്‍ അതിലുള്ള എല്ലാ വാര്‍ത്തയും ഈ തരം! എല്ലാത്തിനും തമ്പ് നെയില്‍ മാത്രം. ലിങ്ക് ഒന്നും പ്രവര്‍ത്തിക്കില്ല. 94000 ലൈക് ഉണ്ട് പേജിന്!! ഇക്കണ്ട ആള്‍ക്കാര് മുഴുവന്‍ ഈ വക വാര്‍ത്ത ഫോളോ ചെയ്യുന്നുണ്ടെന്ന് സാരം!

ഇത് പടച്ചു വിട്ടവരോട്:
കുറച്ച് തിരുത്തുണ്ട്. ആ ഫോട്ടോയില്‍ കാണുന്നത് എന്റെ മുത്തശ്ശനാണ്, ഭര്‍ത്താവിന്റെ അച്ഛനല്ല! മുത്തശ്ശന് 84 വയസ്സായിട്ടേള്ളൂ. രണ്ട് വയസു കൂട്ടി ഇട്ടണ്ടല്ലോ! എനിക്ക് 27 വയസ്സുണ്ട്. 3 വയസ്സ് കുറച്ചിട്ടതില്‍ സന്തോഷം! ഞങ്ങള്‍ കരുവാരകുണ്ടുകാരാണ്, കോട്ടയവുമായി കോട്ടയം കുഞ്ഞച്ചന്‍ കണ്ട പരിചയം മാത്രേള്ളൂ! പിന്നെ ഈ 'വാര്‍ത്ത' കണ്ട് ഗള്‍ഫില്‍ ഇരുന്നു ഞെട്ടാന്‍ എന്റെ ഭര്‍ത്താവ് ഗള്‍ഫിലുമല്ല, മൂപ്പരെ ഞാന്‍ അല്ലാണ്ടെ തന്നെ ആവശ്യത്തിന് ഞെട്ടിക്കുന്നുമുണ്ട്.

മാസ്സ് റിപ്പോര്‍ട്ട് ചെയ്ത് പോസ്റ്റ് നീക്കം ചെയ്യിച്ചിട്ടുണ്ട്. എങ്കിലും പല പോസ്റ്റുകളും മിനുട്ട് വെച്ച് ഇതില്‍ റീഷെയര്‍ ചെയ്തു കണ്ടത് കൊണ്ട് ഇതും അങ്ങനെ ഷെയര്‍ ചെയ്തു പോയിട്ടുണ്ടാവാന്‍ സാധ്യതയുണ്ട്. ഇത് തന്നെ ഒരു പണിയായി കൊണ്ട് നടക്കുന്നവരല്ലേ! പേജ് പൂട്ടിക്കാന്‍ നോക്കീട്ട് സാധിക്കുന്നില്ല. അതിന് സാധിക്കുമെങ്കില്‍ താഴെയുള്ള ലിങ്കില്‍ പോയി റിപ്പോര്‍ട്ട് ചെയ്തു സഹായിക്കുക.
https://www.facebook.com/cinemavarthakerala/
ഇനി, 'നീ ഫേസ്ബുക്കില്‍ ഫോട്ടോ ഇട്ടു കളിച്ചിട്ടല്ലേ ഈ ഗതി വന്നത്? വല്ല പട്ടീടെയോ പൂച്ചടെയോ പൂവിന്റെയോ ത്രിഷടെയോ ഫോട്ടോ ഇട്ടാ മതിയാര്‍ന്നില്യേ?' എന്ന് എന്നോട് ചോദിക്കാന്‍ ആഗ്രഹിക്കുന്നവരോടും മനസ്സില്‍ വിചാരിക്കുന്നവരോടും, എനിക്കിതു കൊണ്ട് ഒരു പുല്ലും ഇല്ല! ഈ ഫോട്ടോയില്‍ അശ്ലീലം കാണുന്നവര്‍ക്കും ഈ വക പേജുകള്‍ ഫോളോ ചെയ്ത് അതിലെ വാര്‍ത്തയും വിശ്വസിച്ചു സ്വയം 'ഉദ്ധരിച്ച്', അത് കഴിഞ്ഞിട്ട് സാമൂഹ്യോദ്ധാരണത്തിന് ഇറങ്ങുന്നവര്‍ക്കും നല്ല നടുവിരല്‍ നമസ്‌കാരം!

PS: സൈബര്‍ സെല്ലില്‍ കേസ് ഫോളോ അപ്പ് ചെയ്യുന്നതായിരിക്കും, വല്യേ പ്രതീക്ഷയൊന്നും ഇല്യാച്ചാലും!!

ഈ ഫോട്ടോ വാട്‌സാപ്പില്‍ വൈറല്‍ ആണെന്നും കേട്ടു! 84 ആം വയസ്സില്‍ ഒരു മേജര്‍ സര്‍ജറീം കഴിഞ്ഞു കെടക്കണ എന്റെ മുത്തശ്ശനെ ഈ പ്രായത്തില്‍ വാട്‌സ്ആപ്പില്‍ വൈറല്‍ ആക്കിയവര്‍ക്ക് നമോവാകം!
മുത്തച്ഛന്‍ മുത്തം കൊടുക്കുന്ന ചിത്രം ഫേസ്ബുക്കിലിട്ടു; ഒരു വിരുതന്‍ ഇതെടുത്ത് അശ്ലീല പേജിലിട്ടു, ഞരമ്പ് രോഗികള്‍ക്ക് ചുട്ടമറുപടിയുമായി കൊച്ചുമകള്‍


Keywords: Kozhikode,Facebook, Kerala, Girl, Kiss, Photo, Misuse, Grand Father, Photo posted in Facebook misused. 
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia