കോഴിക്കോട് നഗരത്തില്‍ 2800 ലഹരി ഗുളികകളുമായി യുവാവ് അറസ്റ്റില്‍; 'വിദ്യാര്‍ഥികളെയും യുവാക്കളെയും ലക്ഷ്യമിട്ട് ലഹരി മാഫിയ'
Dec 10, 2021, 14:00 IST
കോഴിക്കോട്: (www.kvartha.com 10.12.2021) നഗരത്തില്‍ 2800 ലഹരി ഗുളികകളുമായി യുവാവ് അറസ്റ്റില്‍. കല്ലായി വലിയപറമ്പില്‍ സഹറത് (43) ആണ് സ്പാസ്‌മോ പ്രോക്‌സിവോണ്‍ പ്ലസ് ലഹരി ഗുളികകളുമായി പൊലീസിന്റെ പിടിയിലായത്. സബ് ഇന്‍സ്‌പെക്ടര്‍ സുഭാഷ് ചന്ദ്രന്റെ നേതൃത്വത്തിലുള്ള പന്നിയങ്കര പൊലീസും നാര്‍കോടിക് സെല്‍ അസി. കമീഷനെര്‍ പി സി ഹരിദാസിന്റെ നേതൃത്വത്തിലുള്ള ജില്ലാ ആന്റി നാര്‍കോടിക് സ്‌പെഷ്യല്‍ ആക്ഷന്‍ ഫോഴ്‌സും (ഡന്‍സാഫ്) ചേര്‍ന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
കല്ലായി റെയില്‍വേ ഗുഡ്‌സ് യാര്‍ഡിന് സമീപത്ത് നിന്നാണ് ഇയാളെ പിടികൂടിയത്. 2800-ഓളം ട്രമഡോള്‍ ലഹരി ഗുളികകള്‍ ഇയാളില്‍ നിന്നും കണ്ടെടുത്തതായും പൊലീസ് പറഞ്ഞു. പുതുവര്‍ഷ ആഘോഷരാവുകളില്‍ മാറ്റുകൂട്ടുന്നതിനായി വിദ്യാര്‍ഥികളെയും യുവാക്കളെയും ലക്ഷ്യമിട്ടാണ് ഇത്രയധികം ലഹരി ഗുളികകള്‍ എത്തിച്ചതെന്നും പൊലീസ് പറയുന്നു. ലഹരി ഗുളികകള്‍ക്കിടയില്‍ എസ് പി എന്ന പേരിലറിയപ്പെടുന്ന സ്പാസ്‌മോ പ്രോക്‌സിവോണ്‍ പ്ലസിന്റെ 24 കാപ്‌സ്യൂളുകള്‍ അടങ്ങിയ ഒരു സ്ട്രിപ് മെഡികല്‍ ഷോപില്‍ നിന്നും ലഭിക്കുന്നത് 150 രൂപക്കാണ്.
ഡോക്ടറുടെ കുറിപ്പില്ലാതെ ഇത്തരം ഗുളികകള്‍ മെഡിക്കല്‍ സ്റ്റോറുകളില്‍ നിന്നും ലഭിക്കാറില്ല. അമിതാദായത്തിനായി നിയമവിരുദ്ധമായി ഇത്തരം ഗുളികകള്‍ കച്ചവടം ചെയ്യുന്ന ഹൈദരാബാദിലെ ചില ഷോപുകളില്‍ നിന്നാണ് ഇയാള്‍ വലിയ അളവില്‍ ഈ ലഹരി ഗുളികകള്‍ കോഴിക്കോട്ടെത്തിച്ചത്. 24 ഗുളികകളടങ്ങിയ ഒരു സ്ട്രിപിന്റെ യഥാര്‍ഥ വില 200 രൂപയില്‍ താഴെ മാത്രമാണ്. 1300 രൂപക്കാണ് ഹൈദരാബാദിലെ ഒരു മെഡികല്‍ സ്റ്റോറില്‍ നിന്നും ഈ ലഹരി ഗുളികകള്‍ ഇയാള്‍ വാങ്ങിക്കുന്നതെന്നും പൊലീസ് വ്യക്തമാക്കി.
ലഹരി ഉപയോക്താക്കളായ യുവതീ യുവാക്കള്‍ക്കിടയില്‍ 1800-2000 രൂപയ്ക്കാണ് വില്‍പന നടത്തുന്നത്. കാലങ്ങളായി ലഹരിക്ക് അടിമയായ ഇയാള്‍ അമിതാദായത്തിനും തനിക്ക് ലഹരി ഉപയോഗിക്കുന്നതിനാവശ്യമായ പണം കണ്ടെത്തുന്നതിനുമാണ് ഈ കച്ചവടത്തിലേക്ക് കടന്നതെന്നും പൊലീസ് പറഞ്ഞു. ആന്ധ്രയില്‍ നിന്നും ട്രെയിന്‍ മാര്‍ഗമാണ് ഇത്തരം ലഹരി ഗുളികകള്‍ ജില്ലയില്‍ എത്തിച്ചിരുന്നതെന്ന് ഇയാള്‍ ചോദ്യം ചെയ്യലില്‍ പൊലീസിനോട് പറഞ്ഞു.
Keywords: Kozhikode, News, Kerala, Arrest, Arrested, Student, Police, One arrested in Kozhikode with 2800 drugs tablets
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.