ആർഷോയുടെ പരാതിക്കാരി ഇനി ജനവിധി തേടും: എസ്എഫ്ഐ, ഡിവൈഎഫ്ഐ എതിർപ്പുകൾ മറികടന്ന് നിമിഷ രാജുവിനെ സ്ഥാനാർഥിയാക്കി സിപിഐ
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
● പറവൂർ കെടാമംഗലം ഡിവിഷനിലാണ് നിമിഷ രാജു മത്സരിക്കുന്നത്.
● എംജി സർവകലാശാലയിലെ 2021 ഒക്ടോബറിലെ സെനറ്റ് തെരഞ്ഞെടുപ്പ് സംഘർഷവുമായി ബന്ധപ്പെട്ടാണ് പരാതി.
● ആർഷോ ജാതിപ്പേര് വിളിച്ച് ഭീഷണിപ്പെടുത്തിയെന്നും സ്ത്രീത്വത്തെ അവഹേളിച്ചെന്നുമാണ് നിമിഷ ആരോപിച്ചത്.
● നിമിഷയുടെ പരാതി വ്യക്തിവിരോധം മൂലമുള്ള വ്യാജ ആരോപണമായിരുന്നെന്ന് മുൻ എഐഎസ്എഫ് നേതാക്കൾ ആരോപിച്ചു.
● അന്നത്തെ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ പരാതി 'നാടകമാണെന്ന്' റിപ്പോർട്ട് ചെയ്തിരുന്നതായും വെളിപ്പെടുത്തൽ.
● നിമിഷ നിലവിൽ അഭിഭാഷകയും സിപിഐ പറവൂർ മണ്ഡലം കമ്മിറ്റി അംഗവുമാണ്.
എറണാകുളം: (KVARTHA) എസ്എഫ്ഐ മുൻ സംസ്ഥാന സെക്രട്ടറി പി.എം ആർഷോയ്ക്കെതിരെ ലൈംഗികാതിക്രമവും ജാതി അധിക്ഷേപവും ഉൾപ്പെടെയുള്ള ഗുരുതര ആരോപണങ്ങൾ ഉന്നയിച്ച് പരാതി നൽകിയ നിമിഷ രാജു തദ്ദേശ തെരഞ്ഞെടുപ്പിൽ എൽഡിഎഫ് സ്ഥാനാർഥിയായി ജനവിധി തേടും. എഐഎസ്എഫ് സംസ്ഥാന ജോയിൻ്റ് സെക്രട്ടറിയായ നിമിഷ രാജുവിനെ പറവൂർ ബ്ലോക്കിലെ കെടാമംഗലം ഡിവിഷനിലാണ് സിപിഐ സ്ഥാനാർഥിയായി പ്രഖ്യാപിച്ചത്. എസ്എഫ്ഐ, ഡിവൈഎഫ്ഐ എന്നീ യുവജന വിദ്യാർഥി സംഘടനകളുടെ എതിർപ്പുകൾ മറികടന്നാണ് സിപിഐ ഈ നിർണായക തീരുമാനം എടുത്തത്.
സംഘർഷവും പരാതിയും
2021 ഒക്ടോബറിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. എംജി സർവകലാശാലയിൽ സെനറ്റ് തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തെ തുടർന്ന് എസ്എഫ്ഐ- എഐഎസ്എഫ് പ്രവർത്തകർ തമ്മിൽ ഏറ്റുമുട്ടിയിരുന്നു. സ്ഥലത്തുണ്ടായിരുന്ന ആർഷോ സംഘർഷത്തിനിടെ തന്നെ ജാതിപ്പേര് വിളിച്ച് ഭീഷണിപ്പെടുത്തിയെന്നും സ്ത്രീത്വത്തെ അവഹേളിച്ചെന്നുമാണ് നിമിഷ അന്ന് ജില്ലാ പൊലീസ് മേധാവിക്ക് പരാതി നൽകിയിരുന്നത്.
പരാതിയെ തുടർന്ന് കേസിൽ ഗാന്ധിനഗർ പോലീസ് അന്വേഷണം ആരംഭിച്ചിരുന്നു. എന്നാൽ പോലീസിന്റെ അന്വേഷണം ശരിയായ രീതിയിലല്ലെന്നും സാക്ഷികളുടെ മൊഴിയെടുത്തില്ലെന്നും സംഘർഷ സമയത്ത് സ്ഥലത്തില്ലാതിരുന്നവരെ സാക്ഷിപ്പട്ടികയിൽ ചേർത്തെന്നുമായിരുന്നു നിമിഷയുടെ പരാതി. നിലവിൽ സിപിഐ പറവൂർ മണ്ഡലം കമ്മിറ്റി അംഗമായ നിമിഷ അഭിഭാഷകയായി പ്രാക്ടീസ് ചെയ്യുകയാണ്.
പരാതി വ്യാജമെന്ന ആരോപണം
നിമിഷ രാജുവിന് സീറ്റ് നൽകാനുള്ള സിപിഐയുടെ തീരുമാനത്തിനെതിരെ മുന്നണിയിൽ നിന്നും സംഘടനയ്ക്കുള്ളിൽ നിന്നും വിമർശനമുയരുന്നുണ്ട്. നിമിഷയുടെ പരാതി വ്യാജമായിരുന്നുവെന്ന് ആരോപിച്ച് മുൻ എഐഎസ്എഫ് നേതാക്കളായ എ.എ സഹദ്, അസ്‌ലഫ് പാറേക്കാടൻ എന്നിവർ കഴിഞ്ഞ ദിവസം ഫേസ്ബുക്കിൽ പോസ്റ്റുമായി രംഗത്തെത്തിയിരുന്നു. വനിതാ നേതാവിൻ്റെ വ്യക്തിവിരോധത്തിന്റെ ബാക്കിപത്രമായിരുന്നു ആരോപണമെന്നാണ് സഹദ് ഫേസ്ബുക്കിൽ കുറിച്ചത്.
വനിതാ നേതാവ് നടത്തിയത് 'നാറിയ നാടകമാണെന്ന്' ആ സംഭവത്തിന് ശേഷം നടന്ന എഐഎസ്എഫ് സംസ്ഥാന കൗൺസിൽ മീറ്റിങ്ങിൽ അന്നത്തെ സിപിഐ സംസ്ഥാന സെക്രട്ടറിയായിരുന്ന കാനം രാജേന്ദ്രൻ റിപ്പോർട്ട് ചെയ്തിരുന്നുവെന്നും സഹദ് വെളിപ്പെടുത്തി. എന്നാൽ സംഘടന ഈ സത്യം പ്രവർത്തകർക്കിടയിലേക്ക് പോലും കമ്മ്യൂണിക്കേറ്റ് അഥവാ കൈമാറ്റം ചെയ്തില്ലെന്നും ഇതിൽ പ്രതിഷേധിച്ചാണ് താൻ പിന്നീട് സംഘടനയുടെ സംസ്ഥാന കൗൺസിലിൽ നിന്ന് രാജിവെച്ചതെന്നും എ.എ. സഹദ് ആരോപിച്ചു.
'പബ്ലിസിറ്റി മുതലെടുത്ത്'
എഐഎസ്എഫ് സംസ്ഥാന ഭാരവാഹിയാകാനുള്ള മനക്കോട്ട കെട്ടിക്കൊണ്ടായിരുന്നു അന്ന് വനിതാ സഖാവ് ആർഷോക്കെതിരെ വ്യാജ ആരോപണങ്ങൾ ഉന്നയിച്ചതെന്നായിരുന്നു അസ്‌ലഫ് പാറേക്കാടൻ്റെ ആരോപണം. കോട്ടയം മെഡിക്കൽ കോളേജിൽ ചാനൽ ക്യാമറകൾക്കു മുന്നിൽ വ്യാജ ജാതി അധിക്ഷേപ വാർത്ത കൊടുത്ത് 'ആടിതിമിർക്കുന്ന' വനിതാ സഖാവിനെയാണ് കണ്ടതെന്ന് അസ്‌ലഫ് ഓർമ്മിച്ചു.
'അടി കൊണ്ട് കിടക്കുന്ന സഖാക്കളെ തിരിഞ്ഞു നോക്കാതെ കിട്ടുന്ന പബ്ലിസിറ്റി മുഴുവൻ മുതലാക്കി, അടുത്ത സംസ്ഥാന സമ്മേളനത്തിൽ എഐഎസ്എഫ് സംസ്ഥാന ഭാരവാഹിയാകാനുള്ള മനക്കോട്ട കെട്ടിക്കൊണ്ടായിരുന്നു അന്ന് വനിതാ സഖാവ് പി.എം. ആർഷോക്കെതിരെ വ്യാജ ആരോപണങ്ങൾ ഉന്നയിച്ചത്' എന്ന് അദ്ദേഹം ആരോപിച്ചു. ഒരു സമരത്തിൽ പോലും മർദനം ഏൽക്കുകയോ കേസിൽ പ്രതിയാകുകയോ ചെയ്യാത്ത ഈ സഖാവിന്റെ വ്യാജ ആരോപണങ്ങൾ പാർട്ടിക്ക് അകത്തും മുന്നണിയിലും വലിയ ചർച്ചയായെന്നും അസ്‌ലഫ് പാറേക്കാടൻ പറയുന്നു.
ഈ വിഷയത്തെക്കുറിച്ച് നിങ്ങൾക്കെന്താണ് പറയാനുള്ളത്? വാർത്ത ഷെയർ ചെയ്യുകയും കമൻ്റ് ചെയ്യുകയും ചെയ്യുക.
Article Summary: AISF leader Nimisha Raju, who complained against SFI's Arsho, is CPI's LDF candidate.
#LDFCandidate #NimishaRaju #PMRarsho #CPIKerala #AISF #LocalBodyElection
