Cabinet Meeting | കുടുംബാരോഗ്യ കേന്ദ്രങ്ങളിൽ 570 പുതിയ തസ്തികകൾ വരുന്നു; മന്ത്രിസഭാ യോഗത്തിൽ സുപ്രധാന തീരുമാനങ്ങൾ


● അസിസ്റ്റൻ്റ് സർജൻ, ഫാർമസിസ്റ്റ് അടക്കമുള്ള തസ്തികകളിലാണ് നിയമനം.
● കേരള സർവകലാശാലയ്ക്ക് കെട്ടിടം നിർമ്മിക്കാൻ ഭൂമി പാട്ടത്തിന് നൽകും.
● വ്യവസായ സംരംഭത്തിന് പ്രാരംഭാനുമതി നൽകി
തിരുവനന്തപുരം: (KVARTHA) സംസ്ഥാനത്തെ കുടുംബാരോഗ്യ കേന്ദ്രങ്ങളുടെ പ്രവർത്തനം കൂടുതൽ കാര്യക്ഷമമാക്കുന്നതിന്റെ ഭാഗമായി 570 പുതിയ തസ്തികകൾ സൃഷ്ടിക്കുന്നതടക്കം പിണറായി വിജയന്റെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭാ യോഗത്തിൽ സുപ്രധാന തീരുമാനം.
കുടുംബാരോഗ്യ കേന്ദ്രങ്ങളിൽ പുതിയ തസ്തികകൾ
നിർമ്മാണം പൂർത്തിയാക്കിയ കുടുംബാരോഗ്യ കേന്ദ്രങ്ങളുടെ സുഗമമായ പ്രവർത്തനത്തിനായി 570 പുതിയ തസ്തികകൾ സൃഷ്ടിക്കാൻ മന്ത്രിസഭ തീരുമാനിച്ചു. അസിസ്റ്റൻ്റ് സർജൻ (35), നഴ്സിംഗ് ഓഫീസർ ഗ്രേഡ് II (150), ഫാർമസിസ്റ്റ് ഗ്രേഡ് II (250), ലാബ് ടെക്നീഷ്യൻ ഗ്രേഡ് II (135) എന്നിങ്ങനെയാണ് പുതിയ തസ്തികകൾ. നിയമന നടപടികൾ പൂർത്തിയാക്കിയ ശേഷം, കൂടുതൽ തസ്തികകൾ സൃഷ്ടിക്കുന്നതിനെക്കുറിച്ച് പഠിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ ആരോഗ്യ വകുപ്പ് ഡയറക്ടറെ ചുമതലപ്പെടുത്തി. ഓരോ ജില്ലയിലെയും അസിസ്റ്റൻ്റ് സർജൻ ഒഴികെയുള്ള തസ്തികകൾ ആരോഗ്യ വകുപ്പിന് തീരുമാനിക്കാവുന്നതാണ്.
സർവകലാശാലയ്ക്ക് ഭൂമി പാട്ടത്തിന്
കേരള സർവ്വകലാശാലയുടെ കീഴിലുള്ള UIT മണ്ണടി സെൻ്ററിന് സ്വന്തമായി കെട്ടിടം നിർമ്മിക്കുന്നതിന് പത്തനംതിട്ട അടൂർ താലൂക്കിലെ കടമ്പനാട് വില്ലേജിൽ 28.57 ആർ ഭൂമി പാട്ടത്തിന് നൽകാൻ തീരുമാനമായി. ആർ ഒന്നിന് പ്രതിവർഷം 100 രൂപ നിരക്കിൽ 30 വർഷത്തേക്കാണ് പാട്ടത്തിന് നൽകുന്നത്.
വ്യവസായ സംരംഭത്തിന് പ്രാരംഭാനുമതി
പാലക്കാട് ജില്ലയിലെ കഞ്ചിക്കോട് എഥനോൾ പ്ലാൻ്റ്, മൾട്ടി ഫീഡ് ഡിസ്റ്റിലേഷൻ യൂണിറ്റ്, ഇന്ത്യൻ നിർമ്മിത വിദേശമദ്യ ബോട്ടിലിങ്ങ് യൂണിറ്റ്, ബ്രൂവറി, മാൾട്ട് സ്പിരിറ്റ് പ്ലാന്റ്, ബ്രാണ്ടി/വൈനറി പ്ലാൻ്റ് എന്നിവ ആരംഭിക്കുന്നതിന് ഒയാസിസ് കമേർഷ്യൽ പ്രൈവറ്റ് ലിമിറ്റഡിന് നിലവിലുള്ള മാർഗ്ഗനിർദ്ദേശങ്ങളും നിബന്ധനകളും പാലിക്കണമെന്ന വ്യവസ്ഥയിൽ പ്രാരംഭാനുമതി നൽകി.
റിപ്പബ്ലിക് ദിനാഘോഷം
റിപ്പബ്ലിക് ദിനാഘോഷത്തോടനുബന്ധിച്ച് തിരുവനന്തപുരത്തെ സംസ്ഥാനതല ചടങ്ങിൽ ഗവർണർ രാജേന്ദ്ര അർലേക്കർ അഭിവാദ്യം സ്വീകരിക്കും. മുഖ്യമന്ത്രി പിണറായി വിജയനും ചടങ്ങിൽ പങ്കെടുക്കും. കൊല്ലത്ത് കെ.എൻ. ബാലഗോപാൽ, പത്തനംതിട്ടയിൽ ജെ. ചിഞ്ചുറാണി, ആലപ്പുഴയിൽ പി. പ്രസാദ്, കോട്ടയത്ത് വി.എൻ. വാസവൻ, ഇടുക്കിയിൽ റോഷി അഗസ്റ്റിൻ, എറണാകുളത്ത് പി. രാജീവ്, തൃശൂരിൽ കെ. രാജൻ, പാലക്കാട് കെ. കൃഷ്ണൻകുട്ടി, മലപ്പുറത്ത് വി. അബ്ദുറഹ്മാ
ൻ, കോഴിക്കോട് പി.എ. മുഹമ്മദ് റിയാസ്, വയനാട്ടിൽ എ.കെ. ശശീന്ദ്രൻ, കണ്ണൂരിൽ രാമചന്ദ്രൻ കടന്നപ്പള്ളി, കാസർകോട് കെ.ബി. ഗണേഷ് കുമാർ എന്നിവർ ജില്ലകളിലെ ചടങ്ങുകളിൽ സംബന്ധിക്കും.
കുടിവെള്ള പദ്ധതിക്ക് ദർഘാസ് അനുമതി
ജൽജീവൻ മിഷൻ മുഖേന നടപ്പാക്കുന്ന താനൂർ ചെറിയമുണ്ടം പഞ്ചായത്തിലേക്കുള്ള കുടിവെള്ള പദ്ധതിയുടെ രണ്ടാം ഘട്ടമായ ചെറിയമുണ്ടം പഞ്ചായത്തിൽ വിതരണ ശൃംഖലയും കണക്ഷനും നൽകുന്ന പ്രവൃത്തിക്കുള്ള ദർഘാസ് അംഗീകരിച്ചു.
ഹൈഡ്രജൻ വാലി ഇന്നവേഷൻ ക്ലസ്റ്റർ
കേന്ദ്ര സർക്കാരിന്റെ ശാസ്ത്ര സാങ്കേതിക വകുപ്പിന്റെ 'ഹൈഡ്രജൻ വാലി ഇന്നവേഷൻ ക്ലസ്റ്റർ' പ്രോജക്ടിനായി അനർട്ടിന്റെ നേതൃത്വത്തിൽ ലാഭേച്ഛയില്ലാത്ത കമ്പനി രജിസ്റ്റർ ചെയ്യും. ചെയർമാൻ & മാനേജിംഗ് ഡയറക്ടർ (ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ-അനെർട്ട്), കേന്ദ്ര സർക്കാരിന്റെ ശാസ്ത്ര സാങ്കേതിക വകുപ്പിന്റെ പ്രതിനിധി, ഹൈഡ്രജൻ വാലി ഇന്നവേഷൻ ക്ലസ്റ്റർ ഓഹരി ഉടമകളുടെ/പങ്കാളികളുടെ പ്രതിനിധികൾ, ധനകാര്യ/ഊർജ്ജ വകുപ്പുകളിൽ നിന്നുമുള്ള സർക്കാർ പ്രതിനിധികൾ, വ്യവസായ, സ്വകാര്യ/പൊതുമേഖലാ വിഭാഗത്തിൽ നിന്നുമുള്ള പ്രതിനിധികൾ എന്നിവർ ബോർഡ് ഡയറക്ടർമാരായിരിക്കും.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി വിതരണം
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് 2025 ജനുവരി 8 മുതൽ 13 വരെ 8,43,31,000 രൂപ വിതരണം ചെയ്തു. വിവിധ ജില്ലകളിലെ 1817 ഗുണഭോക്താക്കൾക്കാണ് തുക വിതരണം ചെയ്തത്. ജില്ല തിരിച്ചുള്ള കണക്കുകൾ താഴെ നൽകുന്നു: തിരുവനന്തപുരം (56 പേർക്ക് 37,41,000 രൂപ), കൊല്ലം (295 പേർക്ക് 1,17,20,000 രൂപ), പത്തനംതിട്ട (58 പേർക്ക് 19,75,000 രൂപ), ആലപ്പുഴ (83 പേർക്ക് 39,15,000 രൂപ), കോട്ടയം (68 പേർക്ക് 36,45,000 രൂപ), ഇടുക്കി (20 പേർക്ക് 33,37,000 രൂപ), എറണാകുളം (265 പേർക്ക് 1,10,99,000 രൂപ), തൃശ്ശൂർ (209 പേർക്ക് 90,99,000 രൂപ), പാലക്കാട് (122 പേർക്ക് 94,75,000 രൂപ), മലപ്പുറം (271 പേർക്ക് 97,88,000 രൂപ), കോഴിക്കോട് (115 പേർക്ക് 52,27,000 രൂപ), വയനാട് (15 പേർക്ക് 8,65,000 രൂപ), കണ്ണൂർ (102 പേർക്ക് 48,03,000 രൂപ), കാസർഗോഡ് (138 പേർക്ക് 56,42,000 രൂപ).
#KeralaGovernment #HealthSector #NewAppointments #PublicHealth #FamilyHealthCenters #CabinetDecisions