Investigation | നവീന്‍ ബാബുവിന്റെ മരണം: പ്രശാന്തനെ ഒഴിവാക്കി കുറ്റപത്രം സമര്‍പ്പിക്കാനൊരുങ്ങി പ്രത്യേക അന്വേഷണ സംഘം


● നവീൻ ബാബുവിൻ്റെ മരണം സിബിഐ അന്വേഷിക്കണമെന്ന കുടുംബത്തിൻ്റെ ആവശ്യം ഹൈക്കോടതി വീണ്ടും തള്ളി.
● പി.പി. ദിവ്യയെ മാത്രം പ്രതിയാക്കിയാണ് കുറ്റപത്രം സമർപ്പിക്കുന്നത്.
● നവീൻ ബാബുവിൻ്റെ മരണത്തിൽ ദുരൂഹതയുണ്ടെന്ന് കുടുംബം ആരോപിക്കുന്നു.
● കേസ് ഡയറി വിട്ടുകിട്ടുന്നതിനായി പൊലീസ് അപേക്ഷ നൽകും.
കണ്ണൂര്‍: (KVARTHA) എഡിഎം നവീന്‍ ബാബുവിന്റെ മരണം സിബിഐ അന്വേഷിക്കണമെന്ന കുടുംബത്തിന്റെ വാദം ഹൈകോടതി ഡിവിഷന്‍ ബെഞ്ച് വീണ്ടും തള്ളിയതോടെ കേസില്‍ കുറ്റപത്രം സമര്‍പ്പിക്കാന്‍ ഒരുങ്ങി പ്രത്യേക അന്വേഷണ സംഘം. കണ്ണൂര്‍ സിറ്റി പൊലീസ് കമ്മീഷണറുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് കുറ്റപത്രം സമര്‍പ്പിക്കുക.
കേസില്‍ സിബിഐ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് നവീന്‍ ബാബുവിന്റെ ഭാര്യ ഹൈകോടതിയില്‍ ഹരജി നല്‍കിയതിനാല്‍ കേസ് ഡയറി കോടതിയില്‍ സമര്‍പ്പിച്ചിരുന്നു. ഇത് വിട്ടുകിട്ടുന്നതിനായി പൊലീസ് അപേക്ഷ നല്‍കും. അന്വേഷണ ഉദ്യോഗസ്ഥനായ കണ്ണൂര്‍ എസിപി ടി കെ രത്‌നകുമാറാണ് അപേക്ഷ നല്‍കുക.
കണ്ണൂര്‍ എഡിഎമ്മായിരുന്ന നവീന്‍ ബാബു ജീവനൊടുക്കിയത് കഴിഞ്ഞ ഒക്ടോബര്‍ 14 ന് കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍നടന്ന യാത്രയയപ്പ് യോഗത്തില്‍ മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി ദിവ്യ അധിക്ഷേപിച്ചത് കാരണമാണെന്നാണ് കുറ്റപത്രം നല്‍കുന്ന സൂചന. അതിനാല്‍ പി പി ദിവ്യമാത്രമാണ് കേസിലെ പ്രതി. നവീന്‍ ബാബുവിനെതിരെ കൈക്കൂലിയാരോപണം ഉന്നയിച്ച ശ്രീകണ്ഠാപുരം ചെങ്ങളായി സ്വദേശി പ്രശാന്തനെ കേസില്‍ പ്രതി ചേര്‍ത്തിട്ടില്ല. ജീവനൊടുക്കാന്‍ പ്രേരിപ്പിച്ചുവെന്നാണ് പിപി ദിവ്യയ്‌ക്കെതിരെ ചുമത്തിയിട്ടുള്ള കുറ്റം.
എന്നാല്‍ നവീന്‍ ബാബു പെട്രോള്‍ പമ്പ് സ്ഥാപിക്കുന്നതിനായുള്ള നിരാക്ഷേപ പത്രം നല്‍കുന്നതിനായി ഒരു ലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെട്ടുവെന്ന പ്രശാന്തന്‍ വിജിലന്‍സിന് നല്‍കിയ പരാതിയില്‍ തീര്‍പ്പ് കല്‍പ്പിക്കാന്‍ അന്വേഷണ സംഘത്തിന് കഴിഞ്ഞിട്ടില്ല. ഇതുകൂടാതെ നവീന്‍ ബാബു ജീവനൊടുക്കിയ ഒക്ടോബര്‍ 15 ന് പുലര്‍ച്ചെ കണ്ണൂര്‍ റെയില്‍വെ സ്റ്റേഷനിലെത്തിയതും തിരിച്ച് പള്ളിക്കുന്നിലെ വാടക ക്വാര്‍ട്ടേഴ്‌സിലേക്ക് പോയതുമായ സിസിടിവി ദൃശ്യങ്ങളോ സാക്ഷിമൊഴികളോ കൃത്യമായി പ്രത്യേക അന്വേഷണ സംഘത്തിന് ലഭിച്ചിട്ടില്ല. ഇതാണ് എഡിഎമ്മിന്റെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് കുടുംബം ആരോപിക്കാന്‍ കാരണമായത്.
ഈ വാർത്ത എല്ലാവരുമായി പങ്കുവെക്കാനും അഭിപ്രായങ്ങൾ രേഖപ്പെടുത്താനും മറക്കല്ലേ.
The special investigation team is set to file a charge sheet in the Naveen Babu death case, naming P.P. Divya as the sole accused, after the High Court rejected the family's plea for a CBI investigation. Prashanthan, who alleged bribery, is excluded. The family alleges unresolved mysteries surrounding Naveen Babu's death.
#NaveenBabu #Kannur #Investigation #ChargeSheet #KeralaPolice #Controversy