മോഡി സര്‍ക്കാര്‍ ജനങ്ങള്‍ക്കിടയില്‍ വിദ്വേഷം വളര്‍ത്തുന്നു: മുസ്ലിം ലീഗ്

 


കൊച്ചി: (www.kvartha.com 03.08.2015) മതേതരത്വവും ജനാധിപത്യവും ഭീഷണി നേരിടുകയാണെന്ന് മുസ്‌ലിംലീഗ് സംസ്ഥാന പ്രവര്‍ത്തക സമിതി യോഗത്തില്‍ അവതരിപ്പിച്ച പ്രമേയം അഭിപ്രായപ്പെട്ടു. ഇതടക്കം ഏഴു പ്രമേയങ്ങള്‍ യോഗത്തില്‍ അവതരിപ്പിച്ചു. നൂറ്റാണ്ടുകളായി സ്‌നേഹത്തിലും സൗഹാര്‍ദത്തിലും പരസ്പര ബഹുമാനത്തിലും കഴിഞ്ഞ് കൂടിയിരുന്ന വിവിധ ജനവിഭാഗങ്ങള്‍ക്കിടയില്‍ വിദ്വേഷം വളര്‍ത്തുന്ന നടപടികളാണ് മോഡിയുടെ നേതൃത്വത്തിലുള്ള വര്‍ഗ്ഗീയ - ഫാസിസ്റ്റ് മനോഭാവമുള്ള സര്‍ക്കാര്‍ ചെയ്യുന്നത്.

വര്‍ഗീയമായ ധ്രുവീകരണം കേരളമുള്‍പെടെയുള്ള സംസ്ഥാനങ്ങളിലേക്കും പടരുകയാണ്. വിദ്യാസമ്പന്നരും രാഷ്ട്രീയ പ്രബുദ്ധരുമെന്ന് കരുതിയ കേരളീയര്‍ക്കിടയില്‍ വര്‍ഗീയ വിഷം കുത്തിവെച്ച് രാഷ്ട്രീയ മുതലെടുപ്പ് നടത്താന്‍ ചില സാമുദായിക സംഘടന നേതാക്കള്‍ വരെ തുനിഞ്ഞിറങ്ങിയിട്ടുണ്ട്. ഇത്തരമൊരു സാഹചര്യത്തെ മുസ്‌ലിംലീഗ് ആശങ്കയോടെയാണ് കാണുന്നതെന്നും ജാതിമത കക്ഷി രാഷ്ട്രീയ ചിന്താഗതികള്‍ക്കതീതമായി വികസനത്തിന്റെയും നന്മയുടെയും പാതവെട്ടിതുറക്കാനും ഐക്യത്തിലധിഷ്ഠിതമായ മഹിത പാരമ്പര്യങ്ങളും മൂല്യങ്ങളും കാത്തുസൂക്ഷിക്കാന്‍ എല്ലാം സംഘടനകളും ജനവിഭാഗങ്ങളും ജാഗ്രത പുലര്‍ത്തണമെന്നും മുസ്‌ലിംലീഗ് പ്രമേയത്തിലൂടെ ആഹ്വാനം ചെയ്തു.

വികസനത്തിന്റെ പുത്തന്‍മാതൃകകള്‍ രചിക്കാനും അതുവഴി മെച്ചപ്പെട്ട ജീവിതം കേരള ജനതയ്ക്ക് സംഭാവന ചെയ്യാനും കഴിവതും പരിശ്രമിച്ചു കൊണ്ടിരിക്കുന്ന ഒരു മതേതര ജനാധിപത്യ കക്ഷിയാണ് മുസ്‌ലിംലീഗ്. കേരളത്തില്‍ അധികാരത്തിലെത്തിയ സന്ദര്‍ഭങ്ങളിലെല്ലാം ആ വികസന പ്രതിബദ്ധത തെളിയിക്കാന്‍ ലീഗിന് കഴിഞ്ഞിട്ടുണ്ട്. തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളില്‍ ജനപ്രതിനിധികളാവാന്‍ അവസരം കൈവന്നപ്പോഴെല്ലാം കക്ഷി രാഷ്ട്രീയ ജാതി-മത ചിന്തകള്‍ക്കതീതമായി മുസ്‌ലിംലീഗ് വികസന പ്രക്രിയകളില്‍ ക്രിയാത്മക പങ്കു വഹിച്ചിട്ടുണ്ട്. ജനപങ്കാളിത്തത്തോടെ പൊതുസമൂഹത്തിന്റെ നന്മക്കുവേണ്ടി സമഗ്രവികസനമെന്ന മുദ്രാവാക്യം വരും തെരഞ്ഞെടുപ്പിലും മുസ്‌ലിംലീഗ്  ഉയര്‍ത്തിപിടിക്കും. ഈ ലക്ഷ്യം സാക്ഷാത്കരിക്കാന്‍ സമാനമനസ്‌കരായ ഏതു ജനവിഭാഗത്തോടും സഹകരിക്കുന്ന നയം മുസ്‌ലിംലീഗ് സീകരിക്കും. വികസന പദ്ധതികള്‍ നടപ്പാക്കുന്നതിന് സങ്കുചിത നയരാഷ്ട്രീയ ചിന്തകളും ജാതി-മത ഭിന്നാഭിപ്രായങ്ങളും വര്‍ഗീയതയും വിഘാതം സൃഷ്ടിക്കുന്ന ഒരു സാഹചര്യം ഒരിക്കലും അനുവദിച്ചുകൂടാത്തതാണെന്നും പ്രമേയം ചൂണ്ടിക്കാട്ടി.

ആകര്‍ഷണീയണങ്ങളായ മുദ്രാവാക്യങ്ങള്‍ക്കും പ്രചരണ ബാഹുല്യങ്ങള്‍ക്കുമപ്പുറം രാജ്യത്തിന്റെ വികസനത്തെ ലക്ഷ്യമാക്കി ഫലപ്രദമായ എന്തെങ്കിലും ചെയ്യാനോ തുടക്കം കുറിക്കാനോ കഴിയാത്ത ഭരണമാണ് ഒരു വര്‍ഷം പിന്നിട്ട നരേന്ദ്രമോഡി സര്‍ക്കാരിന്റേതെന്ന് യോഗം വിലയിരുത്തി. ലോകത്തിലെ വന്‍കിട രാജ്യങ്ങളുടെ വിപണന സാങ്കേതികമായി ഇന്ത്യയെ തുറന്ന് കൊടുക്കാനും എല്ലാ മേഖലകളെയും കടുത്ത പ്രതിസന്ധിയിലാക്കാനുമാണ് എന്‍.ഡി.എ സര്‍ക്കാരിന് കഴിഞ്ഞിട്ടുള്ളത്. കേന്ദ്രസര്‍ക്കാരും ബി.ജെ.പി ഭരിക്കുന്ന മറ്റു സംസ്ഥാന ഭരണകൂടങ്ങളും അതീവ ഗുരുതരമായ അഴിമതിയില്‍ മുങ്ങികിടക്കുകയാണെന്നും യോഗം വിലയിരുത്തി.  ഈ നൂറ്റാണ്ടില്‍ ഏറ്റവുമധികം പീഡിപ്പിക്കപ്പെടുന്ന ജനതയായി റോഹിങ്ക്യ അഭയാര്‍ത്ഥികള്‍ മാറുകയാണ്. സ്വന്തമായി നാടില്ലാത്ത ഇവര്‍ ജീവിക്കാനും മരിക്കാനും ഇടമില്ല എന്ന സ്ഥിതിയിലാണ്. വേദനിക്കുന്നവരുടെ കൂടെ നിന്ന പാരമ്പര്യമുള്ള ഇന്ത്യ അന്താരാഷ്ട്ര തലത്തിലുള്ള സ്വാധീനവും നയതന്ത്രബന്ധവും ഉപയോഗപ്പെടുത്തി ഈ പ്രശ്‌നത്തില്‍ സജീവമായി ഇടപെടണമെന്ന് യോഗം ആവശ്യപ്പെട്ടു.  പിന്നാക്ക ജാതിവിഭാഗങ്ങളുടെ സാമൂഹ്യ സാമ്പത്തിക സെന്‍സസ് വിവരങ്ങള്‍ പുറത്തുവിടുന്ന കാര്യത്തില്‍ കേന്ദ്രം ഉള്ളുതുറന്ന സമീപനം സ്വീകരിക്കണം. ഇക്കാര്യത്തില്‍ വ്യക്തവും ഉചിതവുമായ നടപടികള്‍ സ്വീകരിക്കാന്‍ ഒട്ടും വൈകരുത്.

കേരളത്തിന്റെ വികസന സ്വപ്നങ്ങള്‍ സാക്ഷാത്കരിക്കുന്നതിലും ദുരിതമനുഭവിക്കുന്നവരുടെയും രോഗികളുടെയും മറ്റും രക്ഷയ്ക്കും തുല്യതയില്ലാത്ത നന്‍മകള്‍ ചെയ്ത ഗവണ്‍മെന്റാണ് യു.ഡി.എഫിന്റെ നേതൃത്വത്തില്‍ കഴിഞ്ഞ അഞ്ചു വര്‍ഷമായി കേരളത്തിലുള്ളത്.  സര്‍ക്കാരിന്റെ ഇത്തരം പ്രവര്‍ത്തനങ്ങള്‍ വേണ്ടത്ര ജനങ്ങള്‍ക്കിടയില്‍ എത്തിക്കുന്നതിനും ജനപങ്കാളിത്ത ഭരണ നിര്‍വ്വഹത്തിന് മറ്റൊരു മാതൃക ഉയര്‍ത്തികൊണ്ടു വരുന്നതിനും ആവശ്യമായ നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കണം.  കേരളത്തിലെ നാളികേര കര്‍ഷകര്‍ അനുഭവിക്കുന്ന മഹാദുരിതങ്ങള്‍ക്ക് പരിഹാരം കാണാന്‍ സര്‍ക്കാര്‍ അടിയന്തിര നടപടികള്‍ സ്വീകരിക്കണം. സര്‍ക്കാര്‍ നാളികേര സംഭരണം നടത്തണമെന്നും കിലോക്ക് 35 രൂപയെങ്കിലും താങ്ങുവില നല്‍കുകയും ചെയ്യണമെന്ന്  യോഗം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.  മുന്‍ രാഷ്ട്രപതി ഡോ. എ.പി.ജെ അബ്ദുല്‍ കലാമിന്റെ നിര്യാണത്തില്‍ യോഗം അനുശോചിച്ചു.
മോഡി സര്‍ക്കാര്‍ ജനങ്ങള്‍ക്കിടയില്‍ വിദ്വേഷം വളര്‍ത്തുന്നു: മുസ്ലിം ലീഗ്


Keywords : Kerala, Muslim, Government, BJP, Narendra Modi, Prime Minister. 
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia