പ്രഖ്യാപനം ഞായറാഴ്ച; സമയമായില്ലെന്ന് ഒരു വിഭാഗം, മൂന്നാറിലെ സ്ത്രീമുന്നേറ്റം സ്വതന്ത്ര ട്രേഡ് യൂണിയനാകുന്നു

 


ഇടുക്കി: (www.kvartha.com 16.09.2015) ഐതിഹാസിക പോരാട്ട വിജയത്തിന്റെ ചുവടുപിടിച്ച് മൂന്നാറിലെ സ്ത്രീ തൊഴിലാളികള്‍ രൂപീകരിക്കുന്ന സ്വതന്ത്രി ട്രേഡ് യൂണിയന്റെ പ്രഖ്യാപനം ഞായറാഴ്ച ഉണ്ടാകും.ഇതിന് മുന്നോടിയായി ഡിവിഷന്‍ കമ്മിറ്റികളുടെ രൂപീകരണം ആരംഭിച്ചു. എന്നാല്‍ തൊഴിലാളികളുടെ ആവശ്യങ്ങള്‍ പരിഗണിക്കുന്നതിനായി 26ന് ചേരുന്ന പ്ലാന്റേഷന്‍ ലേബര്‍ കമ്മിറ്റി യോഗത്തിന് ശേഷം മതി സംഘടനയുടെ പ്രഖ്യാപനം എന്ന് ഒരു വിഭാഗം ആവശ്യപ്പെടുന്നു. ഇത് ചെറിയ ഭിന്നതക്ക് വഴിവെച്ചിട്ടുണ്ട്. ഇതിനിടെ സ്വതന്ത്ര സംഘടന നിലവില്‍ വരാതിരിക്കാനുളള തീവ്രയത്‌നത്തിലാണ് അംഗീകൃത ട്രേഡ് യൂനിയനുകള്‍. തങ്ങളുടെ അംഗങ്ങള്‍ പുതിയ സംഘടനയിലേക്ക് പോകാതിരിക്കാനായി അംഗീകൃത ട്രേഡ് യൂനിയനുകളായ എ.ഐ.ടി.യു.സിയും ഐ.എന്‍.ടി.യു.സിയും സി.ഐ.ടി.യുവും ഓരോ ഡിവിഷനിലും ബോധവല്‍ക്കരണ പരിപാടിക്ക് തുടക്കമിട്ടു.
പ്രഖ്യാപനം ഞായറാഴ്ച; സമയമായില്ലെന്ന് ഒരു വിഭാഗം, മൂന്നാറിലെ സ്ത്രീമുന്നേറ്റം സ്വതന്ത്ര ട്രേഡ് യൂണിയനാകുന്നു

പകുതിയിലേറെ ഡിവിഷനുകളില്‍ യൂനിറ്റുകള്‍ രൂപീകരിച്ചതായി തോട്ടം തൊഴിലാളി സമരത്തിന് നേതൃത്വം നല്‍കിയ ഗോമതി അറിയിച്ചു. കണ്ണന്‍ ദേവന്‍ കമ്പനി എസ്‌റ്റേറ്റുകളിലെ പകുതിയിലേറെ ഡിവിഷനുകളില്‍ സ്ത്രീകള്‍ കൂട്ടായി ചര്‍ച്ച ചെയ്ത് സംഘടയുടെ നേതൃനിരയിലേക്ക് വരേണ്ടവരെ തെരെഞ്ഞെടുത്ത് കഴിഞ്ഞു. 87 ഡിവിഷന്‍ കമ്മിറ്റികളാണ് ആകെയുളളത്.വെള്ളിയാഴ്ചയോടെ എല്ലാ ഡിവിഷനുകളിലും യൂനിറ്റ് രൂപീകരണം പൂര്‍ത്തിയാക്കും. ഞായറാഴ്ച മൂന്നാറില്‍ വിപുലമായ യോഗം ചേര്‍ന്ന് യൂനിയന്റെ പേരും മൂന്നോട്ടുള്ള പ്രവര്‍ത്തനത്തിനുള്ള രൂപരേഖയും പ്രഖ്യപിക്കാനാണ് ശ്രമം.മൂന്ന് ട്രേഡ് യൂനിയന്റെയും നേതൃനിരയിലേക്ക് സ്ത്രീ തൊഴിലാളികളെ എത്തിക്കാനായിരുന്നു ആദ്യ ശ്രമമെങ്കിലും ഭൂരിപക്ഷം പേരുടേയും താത്പര്യം പരിഗണിച്ചാണ് പുതിയ സംഘടനയെന്ന തീരുമാനത്തിലേക്ക് എത്തിയതെന്നും ഗോമതി പറഞ്ഞു.

നാലു മുതല്‍ ആറു വരെ അംഗങ്ങളടങ്ങുന്നതാണ് ഡിവിഷന്‍ കമ്മിറ്റി. ഈ അംഗങ്ങളാണ് ഞായറാഴ്ചത്തെ മൂന്നാര്‍ ട്രേഡ് യൂണിയന്‍ പ്രഖ്യാപന കണ്‍വന്‍ഷനില്‍ പങ്കെടുക്കുക. പ്രസിഡന്റ്, ജനറല്‍ സെക്രട്ടറി അടക്കമുളളവരെ ഇവിടെ തെരഞ്ഞെടുക്കും.

എന്നാല്‍ 26ന് ശേഷം മതി സംഘടനാ പ്രഖ്യാപനമെന്നാണ് സി.പി.എം ലോക്കല്‍ കമ്മിറ്റി അംഗം കൂടിയായ ലിസി അഗസ്റ്റിന്റെ നേതൃത്വത്തിലുളള വിഭാഗത്തിന്റെ നിലപാട്. വ്യക്തമായ അടിത്തറയും നിയമാവലിയും ഉണ്ടാക്കാതെ സംഘടന രൂപീകരിക്കുന്നത് കെട്ടുറപ്പിനെ ബാധിക്കുമെന്ന് അവര്‍ വാദിക്കുന്നു. ആദ്യഘട്ടത്തില്‍ ചുവടുപിഴക്കുന്നത് സംഘടനയുടെ നിലനില്‍പ്പിന് തന്നെ പ്രതികൂലമാകുമെന്നും ദേശീയ ശ്രദ്ധ നേടിയ മുന്നേറ്റത്തിന്റെ ശോഭ കെടുത്തുമെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു.

അതേ സമയം ഒമ്പതു ദിവസം നീണ്ട സമരത്തിന്റെ ആവേശം നിലനിര്‍ത്തുന്നതിന് സംഘടനാ ചട്ടക്കൂട് ഉടന്‍ ഉണ്ടാകണമെന്ന നിലപാടാണ് ഇന്ദ്രാണി അടക്കമുളളവര്‍ക്ക്. തമിഴ് വംശജരാണ് തൊഴിലാളികളില്‍ ഭൂരിപക്ഷവും എന്നതിനാല്‍ ഈ നിലപാടിന് പ്രാമുഖ്യം ലഭിച്ചേക്കും.


Keywords : Idukki, Kerala, Munnar. 
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia