മുല്ലപ്പെരിയാര്‍ ജലനിരപ്പ് 139.2 അടി; 140ലെത്തിയാല്‍ ഷട്ടര്‍ തുറന്നേക്കും

 


ഇടുക്കി: (www.kvartha.com 11.11.2014) മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് ചൊവ്വാഴ്ച 139.2 അടിയായി ഉയര്‍ന്നു. ഇതിനൊപ്പം പെരിയാര്‍ തീരവാസികളുടെ ആശങ്കയും കുതിച്ചുയര്‍ന്നു. ജലനിരപ്പ് 142 അടിയായാല്‍ സ്പില്‍വേവഴി ഇടുക്കി അണക്കെട്ടിലേക്ക് ഒഴുകും. 140 അടിയിലെത്തിയാല്‍ സ്പില്‍വേ ഷട്ടറുകള്‍ തുറക്കുന്ന കാര്യം തമിഴ്‌നാട് ആലോചിക്കുന്നുണ്ട്.

തേക്കടി മേഖലയില്‍ പെയ്ത കനത്ത മഴയും തമിഴ്‌നാട് കൊണ്ടുപോകുന്ന വെള്ളത്തിന്റെ അളവ് കുറച്ചുനിര്‍ത്തിയിരിക്കുന്നതുമാണ് ജലനിരപ്പുയര്‍ത്തിയത്.  അണക്കെട്ടിലേക്കുള്ള നിരൊഴുക്ക് സെക്കന്റില്‍ 1047 ഘനയടിയായി വര്‍ധിച്ചു. തമിഴ്‌നാട് വെറും 456 ഘനടയി വെള്ളം മാത്രമാണ് കൊണ്ടുപോകുന്നത്. അണക്കെട്ടിന്റെ വൃഷ്ടിപ്രദേശത്ത് 8.4 മില്ലീമീറ്ററും തേക്കടിയില്‍ എട്ടു മില്ലീമീറ്ററും മഴ രേഖപ്പെടുത്തി. 193 മില്യണ്‍ ക്യുബിക് മീറ്റര്‍ വെള്ളം നിലവില്‍ മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ ശേഖരിച്ചിട്ടുണ്ട്.
മുല്ലപ്പെരിയാര്‍ ജലനിരപ്പ് 139.2 അടി; 140ലെത്തിയാല്‍ ഷട്ടര്‍ തുറന്നേക്കും

അണക്കെട്ടിലെ ജലനിരപ്പ് താഴ്ത്താന്‍ തമിഴ്‌നാടിനോടു നിര്‍ദേശിക്കണമെന്നു സുപ്രീം കോടതി നിയോഗിച്ച മേല്‍നോട്ട സമിതിയോട് ആവശ്യപ്പെടാന്‍ കേരളം തീരുമാനിച്ചു. എന്നാല്‍ തമിഴ്‌നാടിന്റെ അടുത്ത ലക്ഷ്യം ജലനിരപ്പ് 152 അടിയിലേക്ക് ഉയര്‍ത്തുക എന്നുള്ളതാണ്.അണക്കെട്ടിലെ ജലനിരപ്പ് സുപ്രീം കോടതി വിധി വരുംവരെ കേരളം ആശങ്കയോടെ കണ്ടിരുന്ന 136 അടി കടന്നിട്ട് ഒരാഴ്ച പിന്നിട്ടിട്ടും ഫലപ്രദമായ നടപടികളൊന്നും സ്വീകരിക്കാന്‍ കേരളത്തിനായിട്ടില്ല. കനത്ത മഴ തുടരുന്നതിനാല്‍ കോടതി വിധി പ്രകാരമുളള 142 അടിയിലേക്ക് ജലനിരപ്പ് എത്താന്‍ ഇനി അധിക സമയം വേണ്ടിവരില്ല.

അണക്കെട്ടിലെ ചോര്‍ച്ചയും സ്പില്‍വേയിലെ ഷട്ടറുകള്‍ പ്രവര്‍ത്തിക്കാത്തതുമാണ് ആശങ്കയുടെ ആഴം കൂട്ടുന്നത്. സ്പില്‍വേയിലെ 13മത്തെ ഷട്ടറും മറ്റൊരു ഷട്ടറും തകരാറിലാണ്. ഷട്ടറുകള്‍ പ്രവര്‍ത്തിക്കാതിരുന്നാല്‍ അടിയന്തിര സാഹചര്യത്തില്‍ ജലം തുറന്നു വിടാന്‍ സാധിക്കില്ല.

2011ല്‍ അണക്കെട്ട് 136 അടി കവിഞ്ഞപ്പോള്‍ വന്‍ സുരക്ഷാ സന്നാഹങ്ങളാണ് ഏര്‍പ്പെടുത്തിയിരുന്നത്. അണക്കെട്ട് പൊട്ടിയാല്‍ ജനങ്ങള്‍ക്ക് ഉയര്‍ന്ന പ്രദേശങ്ങളിലേക്ക് രക്ഷതേടാനായി പ്രളയജലം എത്തുന്ന നിരപ്പ് പ്രദേശത്തെ മരങ്ങളില്‍ രേഖപ്പെടുത്തുക പോലും ചെയ്തു. മുല്ലപ്പെരിയാര്‍ ഭീഷണി ഏറ്റവും കൂടുതലുളള വണ്ടിപ്പെരിയാര്‍ വളളക്കടവ് ഗ്രാമത്തില്‍ നിന്നും ജനങ്ങളെ മാറ്റിപ്പാര്‍പ്പിച്ചിരുന്നു. ജലനിരപ്പ് 142 അടിയാക്കാമെന്ന സുപ്രീം കോടതി വിധി  തമിഴ്‌നാട് നടപ്പാക്കിയതോടെ മുമ്പ് മുല്ലപ്പെരിയാറിന്റെ പേരില്‍ ജനങ്ങളുടെ നെഞ്ചിടിപ്പുയര്‍ത്തിയ മന്ത്രിമാരും നേതാക്കളും നിശബ്ദരായി. എട്ടു വര്‍ഷം പിന്നിട്ട ചപ്പാത്തിലെ മുല്ലപ്പെരിയാര്‍ സമരസമിതിയുടെ സമരവും പേരിന് മാത്രമായി.

ഏറെ ഭൂകമ്പ സാധ്യതയുളള മേഖലയിലാണ് 120 വയസ് പ്രായമെത്താറായ മുല്ലപ്പെരിയാര്‍ അണക്കെട്ട് സ്ഥിതി ചെയ്യുന്നത്. മൂന്ന് ഭ്രംശപാളികളുടെ സംഗമ സ്ഥാനത്താണ് അണക്കെട്ട് സ്ഥിതിചെയ്യുന്നതെന്ന് വിദഗ്ധ റിപ്പോര്‍ട്ടുകളുണ്ട്. മുല്ലപ്പെരിയാറില്‍ സംഗമിക്കുന്ന  ഏറ്റവും നീളം കൂടിയ ഭ്രംശപാളി കോഴിക്കോട് ആരംഭിച്ച്  പെരിയാറില്‍ അവസാനിക്കുന്നതാണ്.

പീരുമേട് താലൂക്കിലെ പെരിയാര്‍, മഞ്ചുമല, ഉപ്പുതറ, ഏലപ്പാറ, ഇടുക്കി താലൂക്കിലെ അയ്യപ്പന്‍കോവില്‍ എന്നീ വില്ലേജുകളില്‍  ജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. കാലവര്‍ഷവുമായി ബന്ധപ്പെട്ട് നേരത്തെതന്നെ കണ്‍ട്രോള്‍ റൂമുകള്‍ തുറന്നിരുന്നു. ഇവിടുത്തെ വില്ലേജ് ഓഫീസ് ജീവനക്കാരോട് പ്രതിസന്ധി  നേരിടാന്‍ സജ്ജമായിരിക്കാന്‍  നിര്‍ദ്ദേശിച്ചിട്ടുണ്ട്.  പോലീസ് സേനയ്ക്കും ഫയര്‍ഫോഴ്‌സിനും നിര്‍ദ്ദേശങ്ങള്‍ നല്‍കിയിട്ടുണ്ട്.  സുപ്രീം കോടതി വിധിക്ക് മുമ്പ് 35 വര്‍ഷം ജലനിരപ്പ്  136 പിന്നിടുമ്പോള്‍ സ്പില്‍വേ വഴി വെളളം പെരിയാറിലൂടെ ഇടുക്കി അണക്കെട്ടിലേക്ക് ഒഴുകുമായിരുന്നു. അഞ്ച് വില്ലേജുകളില്‍ ജാഗ്രതാ മുന്നറിയിപ്പ് നല്‍കിയതല്ലാതെ മറ്റ് സുരക്ഷാ നടപടികളൊന്നും അധികൃതര്‍ സ്വീകരിച്ചിട്ടില്ല. ഇതിനുളള നിര്‍ദേശമൊന്നും ലഭിച്ചിട്ടില്ലെന്ന് പീരുമേട് താലൂക്ക് ഓഫീസ് അധികൃതര്‍ അറിയിച്ചു.

80 ശതമാനം നിറഞ്ഞ ഇടുക്കി അണക്കെട്ടില്‍ ജലനിരപ്പ് 2385.28 അടിയാണ്. 8.82 ദശലക്ഷം യൂനിറ്റ് വൈദ്യുതി ഉത്പാദിപ്പിക്കാനാവശ്യമായ വെളളം ചൊവ്വാഴ്ച ഒഴുകിയെത്തി. 6.2 ദശലക്ഷം യൂനിറ്റാണ് ഇന്നലെ മൂലമറ്റം പവര്‍ ഹൗസിലെ ഉത്പാദനം. ഇവിടത്തെ ആറു ജനറേറ്ററുകളില്‍ അഞ്ചും പ്രവര്‍ത്തിക്കുന്നുണ്ട്. 60.64 ദശലക്ഷം.യൂനിറ്റാണ് ഇന്നലെ സംസ്ഥാനത്തിന്റെ വൈദ്യുദോത്പാദനം. ഇതില്‍ 28 ദശലക്ഷം യൂനിറ്റാണ് ജലവൈദ്യുതിയില്‍ നിന്നും ലഭിച്ചത്.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം

Keywords : Idukki, Mullaperiyar Dam, Water, Kerala. 
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia