Drowned | 2 മലയാളി യുവതികൾ കടലിൽ വീണ് മരണപ്പെട്ട പ്രദേശം അറിയപ്പെടുന്നത് ‘ബ്ലാക് സ്പോട്’; ഓസ്‌ട്രേലിയയിലെ ദുരന്തത്തിൽ കണ്ണീരണിഞ്ഞ് ഉറ്റവർ 

 
Mourns deaths of women drowned in Kurnell, Sutherland Shire
Mourns deaths of women drowned in Kurnell, Sutherland Shire


തിങ്കളാഴ്ച വൈകുന്നേരം 4.30 മണിയോടെ സിഡ്നി സതർലൻഡ് ഷെയറിലെ കുർണെലിൽ വെച്ചായിരുന്നു സംഭവം

കോഴിക്കോട്: (KVARTHA) ഓസ്ട്രേലിയയിലെ സിഡ്നിയിൽ രണ്ട് മലയാളി യുവതികൾ കടലിൽ വീണ് ദാരുണമായി മരണപ്പെട്ടതിന്റെ നടുക്കത്തിൽ ഉറ്റവർ. തായലങ്ങാടി മല്യാസ്‌ ലൈനിലെ ഡോ. സിറാജുദ്ദീന്റെ ഭാര്യയും കണ്ണൂർ എടക്കാട് സ്വദേശിനിയുമായ മർവ ഹാശിം (35), പൊന്നാനി മൈതാനത്തിനടുത്ത് അങ്ങാടി പള്ളിക്കടവ് റോഡിലെ ഹാരിസിന്റെ ഭാര്യയും കോഴിക്കോട് കൊളത്തറ സ്വദേശിനിയുമായ  നീർശ ഹാരിസ് എന്ന ശാനി (38) എന്നിവരാണ് മരണത്തിന് കീഴടങ്ങിയത്. നീർശയുടെ സഹോദരി റോശ്നയും അപകടത്തിൽ പെട്ടെങ്കിലും  പരുക്കുകളോടെ രക്ഷപ്പെട്ടു.

തിങ്കളാഴ്ച വൈകുന്നേരം 4.30 മണിയോടെ സിഡ്നി സതർലൻഡ് ഷെയറിലെ കുർണെലിൽ വെച്ചായിരുന്നു സംഭവം. അവധിയാഘോത്തിന് ബോടണി ബേ ദേശീയോദ്യാനത്തിൽ എത്തിയതായിരുന്നു ഇവരെന്ന് ന്യൂ സൗത് വെയിൽസ് പൊലീസ് സൂപ്രണ്ട് ജോ മക്നൾട്ടി പറഞ്ഞു. അഞ്ച് പേരാണ് സംഘത്തിൽ ഉണ്ടായിരുന്നത്. സമീപത്തെ കടൽത്തീരത്ത് പാറക്കെട്ടിലിരുന്നപ്പോൾ തിരമാലകൾ വന്നിടിക്കുകയും മൂവരും പാറക്കെട്ടുകൾക്കിടയിലൂടെ കടലിൽ വീഴുകയുമായിരുന്നു. സമീപത്തുണ്ടായിരുന്നവരുടെ സഹായത്താൽ റോശ്നയ്ക്ക് കരയിലേക്ക് കയറാനായെങ്കിലും മറ്റ് രണ്ടുപേർ ഒഴുക്കിൽപ്പെട്ടു.

Drowned

വിവരം അറിയിച്ചതിനെ തുടർന്ന് പൊലീസിന്റെ ഹെലിക്കോപ്റ്റർ സംഘം സ്ഥലത്തെത്തി നടത്തിയ തിരച്ചിലിൽ  മർവയെയും നീർശയെയും കടലിൽ അബോധവസ്ഥയിൽ കണ്ടെത്തി. തുടർന്ന് പൊലീസിന്റെ ബോടിൽ വെച്ച് സിപിആറും വൈദ്യസഹായവും നൽകിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പരുക്കേറ്റ റോശ്ന ആശുപത്രിയിൽ സുഖം പ്രാപിച്ചുവരികയാണ്.

സമാന രീതിയിൽ നിരവധി അപകടങ്ങൾ സംഭവിക്കുന്നതിനാൽ മുങ്ങിമരണം നടന്ന പ്രദേശം ‘ബ്ലാക് സ്പോട്’ എന്നാണ് അറിയപ്പെടുന്നതെന്ന് റോയൽ ലൈഫ് സേവിംഗ് സൊസൈറ്റി സിഇഒ ജസ്റ്റിൻ സ്കാർ പറഞ്ഞു. വഴുവഴുപ്പുള്ള പാറകളും അലയടിച്ച് വരുന്ന തിരമാലകളും പ്രദേശത്തിന്റെ അപകട സാധ്യത വർധിപ്പിക്കുന്നു. രണ്ടാഴ്ച മുമ്പ്  25 ഉം 22 ഉം വയസുള്ള രണ്ട് പേരെ നേപാളി പൗരന്മാർ ഇതേ പ്രദേശത്ത് മുങ്ങിമരിച്ചിരുന്നു.

മലയാളി യുവതികളുടെ മരണത്തിൽ അനുശോചനം രേഖപ്പെടുത്തിയ ന്യൂ സൗത് വെയിൽസ് പൊലീസ് സൂപ്രണ്ട് ജോ മക്നൾട്ടി,  നന്നായി നീന്തൽ വശമില്ലാത്തവരും മറ്റും ഇവിടെ കടലിന് അടുത്തേക്ക് പോകരുതെന്ന് മുന്നറിയിപ്പ് നൽകി. സിഡ്‌നി മലയാളി അസോസിയേഷനും മരണത്തിൽ അനുശോചനം രേഖപ്പെടുത്തി.

ഓസ്ട്രേലിയയിലെ യൂണിവേഴ്സിറ്റി ഓഫ് സിഡ്നിയിൽ നിന്നും ഡിസ്റ്റിക്ഷനോടെ മാസ്റ്റർ ഓഫ് സ്നബിലിറ്റിയിൽ ബിരുദാനന്ദര ബിരുദം കരസ്ഥമാക്കി മർവ അടുത്തിടെ ശ്രദ്ധേയയായിരുന്നു. യുകെജി മുതൽ പ്ലസ് ടു വരെ സഊദി അറേബ്യയിലെ ദമാം ഇന്റർനാഷണൽ ഇൻഡ്യൻ  സ്കൂളിൽ ആയിരുന്നു പഠനം. 2007ൽ കുറ്റിപ്പുറം എംഇഎസ് എൻജിനീയറിംഗ് കോളജിൽ നിന്നും ബിരുദവും 2020ഇൽ ഓസ്ട്രേലിയയിലെ കർടിൻ യൂനിവേഴ്സിറ്റിയിൽ നിന്നും എൻവിറോൻമെൻറ് ആൻഡ് ആൻഡ് ക്ലെയ്‌മേറ്റ് എമർജെൻസിയിൽ ബിരുദാനന്ദര ബിരുദവും സ്വന്തമാക്കിയിരുന്നു. സാമൂഹ്യ പ്രശ്‌നങ്ങളിലും ഇടപെട്ടിരുന്ന മർവ ഏവരുടെയും പ്രിയങ്കരിയായിരുന്നു.

കെഎംസിസി സ്ഥാപക നേതാവ് സി ഹാശിം - കണ്ണൂർ കോർപറേഷൻ കൗൺസിലർ ഫിറോസ ഹാശിം ദമ്പതികളുടെ മകളാണ് മർവ ഹാശിം. മക്കൾ: ഹംദാൻ (15), സൽമാൻ (13), വഫ (ഒമ്പത്). സഹോദരങ്ങൾ: ഹുദ, ആദി. അപകടത്തത്തിൽപെട്ട നീർശ ട്രാവൽ ഏജൻസിയിലാണ് ജോലി ചെയ്തിരുന്നത്.  ഭർത്താവ് ഓസ്ട്രലിയയിൽ എൻജിനിയറാണ്. ആഴ്ചകൾക്ക് മുമ്പ് നാട്ടിൽ വന്ന് പോയിരുന്നു. മക്കൾ: സയാൻ ഐമൻ, മുശ്കാൻ, ഹാനി.

 

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia