Controversy | വയനാട് ദുരന്തം: മോഹന്‍ലാലിനൊപ്പമുള്ള മേജര്‍ രവിയുടെ സെല്‍ഫി വിവാദത്തില്‍
വയനാട്: (KVARTHA) ജില്ലയില്‍ ഉണ്ടായ പ്രളയ ദുരന്തബാധിത (Flood Disaster) മേഖലകളില്‍ സന്ദര്‍ശനം നടത്തിയ നടന്‍ മോഹന്‍ലാലിന്റെ (Mohanlal) കൂടെനിന്ന് മേജര്‍ രവി (Major Ravi) സെല്‍ഫി (Selfie) എടുത്തത് വലിയ വിവാദമായിരിക്കുന്നു. ടെറിടോറിയല്‍ ആര്‍മി ലെഫ്റ്റനന്റ് കേണലുമായ മോഹന്‍ലാലിനൊപ്പം, മേജര്‍ രവി എടുത്ത ഈ സെല്‍ഫി, സോഷ്യല്‍ മീഡിയയില്‍ (Social Media) വ്യാപകമായി വിമര്‍ശനം നേരിടുകയാണിപ്പോള്‍. ചിത്രം പി.ആര്‍.ഒ ഡിഫന്‍സ് കൊച്ചിയെന്ന (PRO Defence Kochi) എക്‌സ് പേജിലാണ് പ്രത്യക്ഷപ്പെട്ടത്.
ദുരിതമനുഭവിക്കുന്ന ജനങ്ങളുടെ മുന്നില്‍ ഇത്തരം പ്രവര്‍ത്തികള്‍ ഒഴിവാക്കണമായിരുന്നു എന്നാണ് വിമര്‍ശകര്‍ പറയുന്നത്. പ്രത്യേകിച്ച് മുണ്ടക്കൈയും ചൂരല്‍മലയും പോലുള്ള പ്രദേശങ്ങള്‍ ഇപ്പോഴും ദുരിതത്തിന്റെ ആഴത്തിലാണെന്നും, അത്തരം സാഹചര്യത്തില്‍ ഒരു സെല്‍ഫി എടുക്കുന്നത് അനുചിതമാണെന്നും അവര്‍ വാദിക്കുന്നു. ചവിട്ടി നില്‍ക്കുന്ന മണ്ണിനടിയില്‍ എന്താണെന്ന് പോലും അറിയാത്ത അവസ്ഥയാണ് മുണ്ടക്കൈയിലും ചൂരല്‍മലയിലുമുള്ളത്. അത്തരമൊരു സ്ഥലത്തേക്ക് എത്തുമ്പോള്‍ പാലിക്കേണ്ട മര്യാദകളുണ്ടെന്നും ആളുകള്‍ കുറിക്കുന്നു.
കോഴിക്കോട് നിന്നും റോഡുമാര്‍ഗം ടെറിട്ടോറിയല്‍ ആര്‍മിയുടെ ബേസ് ക്യാംപിലാണ് മോഹന്‍ലാലും മേജര്‍ രവിയുമടങ്ങുന്ന സംഘമെത്തിയത്. മുണ്ടക്കൈ, പുഞ്ചിരിമട്ടം എന്നിവിടങ്ങളില്‍ സൈനിക വേഷത്തില്‍ എത്തിയ അദ്ദേഹം സൈനികരെ സന്ദര്‍ശിച്ചു. ഉദ്യോഗസ്ഥരുമായി ചര്‍ച്ചയും നടത്തി. ദുരിതമുഖത്ത് നില്ക്കുന്ന സൈനികര്‍ക്കും രക്ഷാപ്രവര്‍ത്തകര്‍ക്കും മാനസിക പിന്തുണ നല്‍കുന്നതിന് കൂടിയായിരുന്നു താരത്തിന്റെ സന്ദര്‍ശനം. ദുരിത ബാധിതരെ സന്ദര്‍ശിച്ചശേഷമാണ് മോഹന്‍ലാല്‍ ദുരന്ത ഭൂമിയായ ചൂരല്‍മല മുണ്ടക്കൈയിലേക്ക് എത്തിയത്.
സൈന്യവും എന്‍ഡിആര്‍എഫും അടക്കം രണ്ടായിരത്തോളം പേര്‍ അഞ്ചാം നാളിലും മുണ്ടക്കൈ, ചൂരല്‍മലയില്‍ ഉണ്ടായ ദുരന്തത്തില്‍പെട്ടവരെ കണ്ടെത്താനുള്ള തിരച്ചില്‍ നടത്തുകയാണ്. 338 പേര്‍ ഇതിനോടകം മരണമടഞ്ഞതായി സ്ഥിരീകരിച്ചു. ഇനിയും 250-ലധികം പേരെ കണ്ടെത്താനുണ്ടെന്നാണ് അനൗദ്യോഗിക കണക്കുകള്‍. 146 മൃതദേഹങ്ങള്‍ തിരിച്ചറിഞ്ഞു. തിരിച്ചറിയാത്ത 74 മൃതദേഹങ്ങള്‍ ശനിയാഴ്ച സംസ്‌കരിച്ചു. മുണ്ടക്കൈ മേഖലയില്‍ ജീവന്റെ തുടിപ്പ് കണ്ടെത്തിയ സാഹചര്യത്തില്‍ റഡാര്‍ പരിശോധന വിപുലമാക്കുന്നുണ്ട്.
#HarKaamDeshKeNaam
— PRO Defence Kochi (@DefencePROkochi) August 3, 2024
Lt Col (Hon) @Mohanlal visits #WayanadLandslide areas along with his own 122 InfantryBattalion, TA Madras to boost the morale of all personnel involved in the rescue operations. #MalabarTerriers
𝒲𝒽𝑒𝓃 𝒹𝓊𝓉𝓎 𝒸𝒶𝓁𝓁𝓈, 𝐼 𝒶𝓂 𝓉𝒽𝑒𝓇𝑒...@IaSouthern pic.twitter.com/ZsImX8bpzI