AIIMS | 2 കേന്ദ്രമന്ത്രിമാരും സംസ്ഥാനത്തിന്റെ വികസനത്തില്‍ സഹായിക്കണം; എയിംസ് കേരളത്തിന് തന്നേ പറ്റൂ എന്ന് നിയുക്ത എംപി എംകെ രാഘവന്‍
മറ്റിടത്തേക്ക് എയിംസ് മാറ്റുമെന്ന് സുരേഷ് ഗോപി പറഞ്ഞതിന്റെ സാഹചര്യം അറിയില്ല
കേരളത്തിന്റെ താത്പര്യം എയിംസ് കിനാലൂരില്‍ വരണമെന്ന്
എല്ലാ ജില്ലക്കാരും എയിംസ് വേണമെന്ന് ആഗ്രഹിക്കുന്നു
കോഴിക്കോട്: (KVARTHA) കഴിഞ്ഞദിവസം സത്യപ്രതിജ്ഞ ചെയ്ത് അധികാരം ഏറ്റെടുത്ത കേരളത്തില്‍ നിന്നുള്ള രണ്ട് കേന്ദ്രമന്ത്രിമാരും സംസ്ഥാനത്തിന്റെ വികസനത്തില്‍ സഹായിക്കണമെന്ന അഭ്യര്‍ഥനയുമായി കോഴിക്കോട്ടെ നിയുക്ത എംപി എംകെ രാഘവന്‍. എയിംസ് കേരളത്തിന് തന്നേ പറ്റൂ എന്നുപറഞ്ഞ അദ്ദേഹം പ്രധാനമന്ത്രിയേയും വകുപ്പുമന്ത്രിയേയും ഈ ആവശ്യം അംഗീകരിക്കണം എന്ന അഭ്യര്‍ഥനയുമായി കണ്ടതാണെന്നും എന്നാല്‍ എന്തുകൊണ്ട് വൈകുന്നു എന്ന് വ്യക്തമല്ലെന്നും അദ്ദേഹം പറഞ്ഞു.
എയിംസിനായി കോഴിക്കോട് ഭൂമി കണ്ടെത്തിയതാണ്. എന്നാല്‍ മറ്റിടത്തേക്ക് എയിംസ് മാറ്റുമെന്ന് സുരേഷ് ഗോപി പറഞ്ഞതിന്റെ സാഹചര്യം അറിയില്ല. മറ്റിടത്താണെങ്കില്‍ എത് എവിടെ എന്ന് കൂടി സുരേഷ് ഗോപി വ്യക്തമാക്കണം. ഭൂമി എവിടെ കിട്ടുമെന്നും പറയണം. കേരളത്തിന്റെ താത്പര്യം എയിംസ് കിനാലൂരില്‍ വരണമെന്നാണ്. സംസ്ഥാന സര്‍കാര്‍ ഭൂമി ഏറ്റെടുത്ത് നല്‍കിയത് കിനാലൂരിലാണ്. എല്ലാ ജില്ലക്കാരും എയിംസ് വേണമെന്ന് ആഗ്രഹിക്കുന്നുവെന്നും രാഘവന്‍ വ്യക്തമാക്കി.
എംകെ രാഘവന്‍ എം പിയുടെ വാക്കുകള്‍:
ഭൂമിയാണ് വേണ്ടത്. അത് എവിടെ എന്ന് സുരേഷ്ഗോപി വ്യക്തമാക്കട്ടെ. കിനാലൂരില്‍ എയിംസിനായി ഭൂമി കണ്ടെത്തി കഴിഞ്ഞതാണ്. കേരളത്തില്‍ നിന്നുള്ള രണ്ടുമന്ത്രിമാരേയും ഇക്കാര്യത്തില്‍ കാണും. എയിംസ് മലബാറില്‍ വളരെ അത്യാവശ്യമാണ്. സംസ്ഥാന സര്‍കാരിന്റെ തീരുമാനവും അതാണ്. കോഴിക്കോട് എയിംസ് സ്ഥാപിക്കാന്‍ ജനകീയ മുന്നേറ്റത്തിന് താന്‍ തയാറെന്നും അദ്ദേഹം വ്യക്തമാക്കി.
കെ മുരളീധരനെ കണ്ടത് തോല്‍വിയുടെ കാര്യങ്ങള്‍ അറിയാനാണെന്നും എംപി വ്യക്തമാക്കി. പ്രശ്നം പരിഹരിക്കും. മുരളിയെ മാറ്റിയത് പ്രതാപന്‍ മത്സരിക്കാന്‍ ഇല്ലെന്ന് പറഞ്ഞതിനാലാണെന്നും അദ്ദേഹത്തിന്റെ സമ്മതത്തോടെ തന്നെയാണ് മണ്ഡലം മാറ്റിയത് എന്നും എംകെ രാഘവന്‍ പറഞ്ഞു.
പ്രതാപന്‍ മത്സരിക്കാന്‍ ഇല്ലെന്ന് കാട്ടി എ ഐ സി സിക്ക് കത്ത് നല്‍കിയിരുന്നു. ഈ സാഹചര്യത്തില്‍ സുരേഷ് ഗോപിയെ തോല്‍പ്പിക്കാനാണ് മുരളീധരന്‍ തൃശ്ശൂരിലേക്ക് മാറിയത്. കെ മുരളീധരന്‍ രാഷ്ട്രീയം വിടില്ല. അദ്ദേഹത്തിന് അതിന് കഴിയില്ല. തയാറാവുകയുമില്ല. പൊതുപ്രവര്‍ത്തനം വിടുകയാണെന്ന് പറഞ്ഞത് തോല്‍വിയുടെ പശ്ചാത്തലത്തിലെ ചില പ്രതികരണം മാത്രമായി കണ്ടാല്‍ മതിയെന്നും രാഘവന്‍ പറഞ്ഞു.
കെപിസിസി പ്രസിഡന്റ്, എ ഐ സി സി ജെനറല്‍ സെക്രടറി എന്നിവര്‍ മത്സരരംഗത്തായിരുന്നു. അതുകൊണ്ടുതന്നെ തൃശ്ശൂരില്‍ പോയില്ല. പക്ഷേ ഡികെ ശിവകുമാര്‍ പോയില്ലേ എന്നും രാഘവന്‍ ചോദിച്ചു. തദ്ദേശ തിരഞ്ഞെടുപ്പില്‍ കോഴിക്കോട്ട് യുഡിഎഫ് തരംഗമുണ്ടാവുമെന്ന് പറഞ്ഞ എം കെ രാഘവന്‍ തൃശ്ശൂരിലെ പരാജയം പഠിച്ചു തിരുത്തുമെന്നും പറഞ്ഞു.
കോഴിക്കോട്ട് തിരഞ്ഞെടുപ്പില്‍ സിപിഎം സാമുദായിക ധ്രുവീകരണത്തിന് ശ്രമിച്ചുവെന്നും അദ്ദേഹം ആരോപിച്ചു. ഭരണവിരുദ്ധവികാരവുമുണ്ടായി. ഇത് യുഡിഎഫിന്റെ വന്‍വിജയത്തിന് കാരണമായി. മോശം പരാമര്‍ശങ്ങളുമായി തനിക്കെതിരെ വീടുകളില്‍ പോയി ഇടതുമുന്നണി വോട് അഭ്യര്‍ഥിച്ചു. കോഴിക്കോട് മാത്രമല്ല വടകരയിലും തിരഞ്ഞെടുപ്പില്‍ സാമൂഹിക ധ്രുവീകരണത്തിന് ശ്രമിച്ചതാണ് ഇടതുപക്ഷത്തിന് തിരിച്ചടിയായത് എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
സിപിഎം തന്നെ തോല്‍പ്പിക്കാന്‍ വ്യക്തിഹത്യ നടത്തി. കഴിഞ്ഞ തിരഞ്ഞെടുപ്പിലും എളമരം കരീം ഇതായിരുന്നു ചെയ്തത്. കോളജ് കാംപസുകളില്‍ എസ് എഫ് ഐ വിരുദ്ധവികാരമുണ്ട്. എസ് എഫ് ഐയെ കാംപസുകളില്‍ ഭീകരസംഘടനയായി രക്ഷിതാക്കള്‍ കാണുന്നുവെന്നും രാഘവന്‍ പറഞ്ഞു.