Disappearance | മങ്കട സ്വദേശിയായ വിഷ്ണുജിത്തിന്റെ തിരോധാനം; പുതിയ തെളിവുകളുമായി പൊലീസ്
മലപ്പുറം: (KVARTHA) മങ്കട (Mankada) സ്വദേശിയായ വിഷ്ണുജിത്തിന്റെ (Vishnujith-30) തിരോധാനത്തില്‍ പുതിയ തെളിവുകള്‍ പുറത്തുവന്നിരിക്കുന്നു. തന്റെ വിവാഹത്തിനുള്ള പണത്തിനായി പാലക്കാട്ടെ സുഹൃത്തിനെ സന്ദര്‍ശിച്ച വിഷ്ണുജിത്ത് കോയമ്പത്തൂരിലേക്ക് (Coimbatore) പോയതായി സിസിടിവി ദൃശ്യങ്ങള്‍ വ്യക്തമാക്കുന്നു.
കഴിഞ്ഞ ദിവസമാണ് പ്രതിശ്രുത വരനായ വിഷ്ണുജിത്തിനെ കാണാതായെന്ന പരാതി ബന്ധുക്കള്‍ നല്‍കിയത്. വിവാഹം അടുത്തുവന്നിട്ടും വിഷ്ണുജിത്ത് തിരിച്ചെത്താത്തതില്‍ സംശയം ജനിച്ച ബന്ധുക്കള്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.
സുഹൃത്തിന്റെ അടുത്തേക്ക് സെപ്റ്റംബര്‍ നാലിന് രാവിലെ ആറോടെ വിഷ്ണുജിത്ത് പോയതാണ്. ബസിലായിരുന്നു യാത്ര. പാലക്കാട്ടെ സുഹൃത്തിനെ സന്ദര്‍ശിച്ച ശേഷം വിഷ്ണുജിത്ത് കോയമ്പത്തൂരിലേക്ക് ബസ് കയറുന്നതിന്റെ ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചതോടെ അന്വേഷണം കോയമ്പത്തൂരിലേക്ക് വ്യാപിപ്പിച്ചു.
വിഷ്ണുജിത്ത് പാലക്കാട്ടെ സുഹൃത്തില്‍ നിന്ന് ഒരു ലക്ഷത്തോളം രൂപ വാങ്ങി തിരിച്ചു വരുമെന്ന് വീട്ടുകാരെ അറിയിച്ചിരുന്നു. എന്നാല്‍, കഞ്ചിക്കോട് വച്ച് അവസാനമായി ഫോണില്‍ ബന്ധപ്പെട്ട ശേഷം ഫോണ്‍ സ്വിച്ച് ഓഫ് ആയി.
സംഭവത്തില്‍ മലപ്പുറം പൊലീസ് രണ്ട് സംഘങ്ങളായി തിരിഞ്ഞ് വിഷ്ണുജിത്തിനായി അന്വേഷണം നടത്തുകയാണ്. സിസിടിവി ദൃശ്യങ്ങളും ഫോണ്‍ കോള്‍ വിവരങ്ങളും പരിശോധിച്ച് പുതിയ തെളിവുകള്‍ ശേഖരിക്കുന്നതായാണ് വിവരം.
മലപ്പുറം എസ്.പി എസ്. ശശിധരന്‍ പറയുന്നത്, വിഷ്ണുജിത്തിനെ കണ്ടെത്താന്‍ പൊലീസിന് കുറച്ച് വിവരങ്ങള്‍ ലഭിച്ചിട്ടുണ്ടെന്നും അധികം വൈകാതെതന്നെ കാണാതായ പാലക്കാട്ടെ ഐസ്‌ക്രീം കമ്പനി ജീവനക്കാരനായ യുവാവിനെ കണ്ടെത്താനാവുമെന്നും പ്രതീക്ഷിക്കുന്നു എന്നാണ്.
#missingperson #india #kerala #malappuram #coimbatore #findvishnujith #investigation