Investigation | വീടുവിട്ടിറങ്ങിയ 13 കാരി നാഗര്‍കോവിലില്‍ ഇറങ്ങി; വെള്ളമെടുത്തശേഷം തിരികെ അതേ വണ്ടിയില്‍ യാത്ര തുടര്‍ന്നുവെന്ന് പൊലീസ്
തിരുവനന്തപുരം: (KVARTHA) വീടുവിട്ടിറങ്ങിയ 13 കാരിയായ അസം (Assam) സ്വദേശിനിയെ തേടിയുള്ള അന്വേഷണം (Investigation) 30 മണിക്കൂര്‍ പിന്നിടുകയാണ്. ഇതിനിടെ നിര്‍ണായകദൃശ്യങ്ങള്‍ ലഭിച്ചതായി പൊലീസ്. നാഗര്‍കോവില്‍ സ്റ്റേഷനിലെ (Nagercoil Railway Station) സി.സി.ടി.വിയിലാണ് കുട്ടിയുടെ ദൃശ്യങ്ങള്‍ പതിഞ്ഞിട്ടുള്ളത്.
പെണ്‍കുട്ടി ഇന്നലെ വൈകുന്നേരം 3.30ന് നാഗര്‍കോവില്‍ സ്റ്റേഷനിലെ 2ാം നമ്പര്‍ പ്ലാറ്റ്‌ഫോമില്‍ ഇറങ്ങിയതായും കുപ്പിയില്‍ വെള്ളം എടുത്ത ശേഷം അതേ വണ്ടിയില്‍ തിരികെ കയറിയെന്നും സിസിടിവി ദൃശ്യങ്ങളില്‍ നിന്നും വ്യക്തമാകുന്നുണ്ടെന്നാണ് വിവരം.
തുടര്‍ന്ന് കന്യാകുമാരിയിലേക്ക് പെണ്‍കുട്ടി യാത്ര തുടര്‍ന്നിരിക്കാം എന്നാണ് പൊലീസ് നിഗമനം. നാഗര്‍കോവില്‍ പിന്നിട്ടാല്‍ പിന്നെ കന്യാകുമാരി സ്റ്റേഷന്‍ മാത്രമാണ് ഉള്ളത്. കുട്ടിക്കായി പൊലീസ് അന്വേഷണം ഊര്‍ജിതപ്പെടുത്തിയിട്ടുണ്ട്.
ഇന്നലെ ഉച്ചയ്ക്ക് 1.06 ന് തിരുവനന്തപുരം സെന്‍ട്രല്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്ന് പുറപ്പെട്ട ബാംഗ്ലൂര്‍ കന്യാകുമാരി ട്രെയിനില്‍ കുട്ടി യാത്ര ചെയ്യുന്ന ഫോട്ടോ പൊലീസിന് ലഭിച്ചത് അന്വേഷണത്തിന് ആദ്യം നിര്‍ണായകമായിരുന്നു. ഈ കുട്ടി കരയുന്നത് കണ്ട് സംശയം തോന്നിയ ഒരു വിദ്യാര്‍ത്ഥിനി നെയ്യാറ്റിന്‍കരയില്‍ വെച്ച് പകര്‍ത്തിയ ചിത്രമാണ് പൊലീസിന് ലഭിച്ചത്. ട്രെയിനില്‍ നിന്ന് 13 കാരി എവിടെ ഇറങ്ങി എന്നോ എങ്ങോട്ട് പോയെന്നോ സൂചന ലഭിച്ചിരുന്നില്ല.
പിന്നീട് കുട്ടിയെ കണ്ടെന്ന ഒരു ഓട്ടോ ഡ്രൈവറുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ കന്യാകുമാരി റെയില്‍വേ സ്റ്റേഷനും ബീച്ചും പോലീസ് അരിച്ചുപെറുക്കിയിട്ടും സൂചനകള്‍ ഒന്നും കിട്ടിയില്ല. കുട്ടി ബംഗളൂരുവിലുള്ള സഹോദരന്റെ അടുത്ത് എത്തിയിരിക്കാമെന്ന അനുമാനത്തിലെത്തിയെങ്കിലും സഹോദരി തന്റെ അടുക്കല്‍ എത്തിട്ടിട്ടില്ലെന്ന് അറിയിച്ചതോടെ അന്വേഷണം വഴിമുട്ടിയ അവസ്ഥയിലായിരുന്നു.
കന്യാകുമാരി റെയില്‍വേ സ്റ്റേഷനിലെ അകത്തെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചെങ്കിലും കുട്ടിയെ കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. ഈ സാഹചര്യത്തിലാണ് കുട്ടിയെ സംബന്ധിച്ച നിര്‍ണായക സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചിരിക്കുന്നത്. ഇതോടെ കന്യാകുമാരിയിലെ അന്വേഷണം തുടരാനാണ് പൊലീസിന്റെ തീരുമാനം.
അതേസമയം, കുട്ടി കന്യാകുമാരിയില്‍ എത്തിയെങ്കില്‍ അവിടെ നിന്നും അടുത്ത ട്രെയിനില്‍ അസമിലേക്ക് പോയോ എന്ന സാധ്യതയും പൊലീസ് ഇപ്പോള്‍ പരിശോധിക്കുന്നുണ്ട്. 5.25ന് കന്യാകുമാരിയില്‍ നിന്നും വിവേക് എക്‌സ്പ്രസ് അസമിലേക്ക് ഉണ്ട്. പെണ്‍കുട്ടിയുടെ ജന്‍മനാട് അസം എന്നതാണ് പൊലീസ് സംശയത്തിന് കാരണം.
ഇന്നലെ രാവിലെ പത്തരയോടെയാണ് തിരുവനന്തപുരം കഴക്കൂട്ടത്തെ വീട്ടില്‍നിന്ന് പെണ്‍കുട്ടിയെ കാണാതായത്. സഹോദരങ്ങളുമായി വഴക്കുണ്ടാക്കിയതിന് അമ്മ വഴക്ക് പറഞ്ഞതിനാലാണ് പെണ്‍കുട്ടി വീടുവിട്ട് ഇറങ്ങിയതെന്നാണ് വിവരം.
#missingchild #india #kerala #nagercoil #railwaystation #police #investigation #cctv #assam