Minister MB Rajesh | രാജ്യത്ത് മാധ്യമപ്രവര്‍ത്തനം തോക്കിനും തുറുങ്കിനും മധ്യേയാണെന്ന് മന്ത്രി എം ബി രാജേഷ്

 


കോഴിക്കോട്: (www.kvartha.com) ഇന്‍ഡ്യയില്‍ മാധ്യമപ്രവര്‍ത്തനം തോക്കിനും കല്‍ത്തുറുങ്കിനും മധ്യേയാണെന്ന് എക്‌സൈസ്-തദ്ദേശസ്വയം ഭരണ മന്ത്രി എം ബി രാജേഷ്. മാധ്യമം ജേണലിസ്റ്റ് യൂനിയന്‍ ഏര്‍പെടുത്തിയ എന്‍ രാജേഷ് സ്മാരക അവാര്‍ഡ് അന്വേഷണാത്മക മാധ്യമപ്രവര്‍ത്തകനും ഗ്രന്ഥകാരനുമായ ജോസി ജോസഫിന് കൈമാറി സംസാരിക്കുകയായിരുന്നു അദ്ദേഹം.

രാജ്യത്ത് നിര്‍ഭയ മാധ്യമപ്രവര്‍ത്തനം നടത്തുന്നവര്‍ ഒന്നുകില്‍ സുബൈറിനെ പോലെ ജയിലിലോ ഗൗരി ലങ്കേഷിനെ പോലെ തോക്കിന്‍ മുനയിലോ അതുമല്ലെങ്കില്‍ ജോലി നഷ്ടപ്പെടുന്നതിലോ കലാശിക്കും. ഇപ്പോള്‍ കേരളത്തിലെ മാധ്യമങ്ങള്‍ അടക്കം സ്വീകരിക്കുന്ന രീതി ദേശീയ സംഭവവികാസങ്ങള്‍ അധികം തൊടാതിരിക്കുക, എന്തിനാ തൊട്ട് കൈപൊള്ളുന്നത് എന്നതാണെന്നും മന്ത്രി എം ബി രാജേഷ് പറഞ്ഞു.

Minister MB Rajesh | രാജ്യത്ത് മാധ്യമപ്രവര്‍ത്തനം തോക്കിനും തുറുങ്കിനും മധ്യേയാണെന്ന് മന്ത്രി എം ബി രാജേഷ്

ആരെയും പിണക്കാതെ, അലോസരമുണ്ടാക്കാതെ വാര്‍ത്ത നല്‍കുന്ന ഇവര്‍ ജനാധിപത്യവാദികളാണെന്ന് തെളിയിക്കാന്‍ കേരളത്തിലെ കാര്യങ്ങളില്‍ ഉറഞ്ഞുതുള്ളുകയും ചെയ്യുന്നു. ഒരര്‍ഥത്തില്‍ ഇത് കേരളത്തിലെ മാധ്യമസ്വാതന്ത്ര്യത്തിന്റെ തെളിവ് കൂടിയാണെന്നും അദ്ദേഹം പറഞ്ഞു. ഭരണകൂടത്തെ കോര്‍പറേറ്റ് മനുവാദി ഹിന്ദുത്വ സഖ്യമാണ് നയിക്കുന്നത്. ഇവരുടെ കീഴിലാണ് മാധ്യമങ്ങളും. ജനാധിപത്യത്തിന്റെ കാവല്‍ നായ എന്ന പദവി മാധ്യമങ്ങള്‍ ഉപേക്ഷിച്ചിരിക്കുന്നു. കേരളത്തിലെ മാധ്യമങ്ങളും ഏതാണ്ട് ഈ വഴിയില്‍ തന്നെയാണ്.

അടുത്ത കാലത്ത് ഒരാവശ്യത്തിന് 70 ദിവസത്തെ പ്രധാന പത്രങ്ങളുടെ മുഖപ്രസംഗങ്ങളും ചാനലുകളിലെ പ്രൈംടൈം ചര്‍ചകളും വിശകലനം ചെയ്തു. ഇക്കാലയളവില്‍ ദേശീയ വിഷയത്തില്‍ അഞ്ചോ ആറോ മുഖപ്രസംഗങ്ങളും പ്രൈം ടൈം ചാനല്‍ ചര്‍ചകളും മാത്രമാണ് വന്നത്. നിയമസഭയില്‍ 10 മിനിട്ടുകൊണ്ട് പരിഹരിച്ച മാധ്യമപാസ് വിഷയത്തില്‍ രണ്ടു തവണയാണ് ചില മാധ്യമങ്ങള്‍ എഡിറ്റോറിയല്‍ എഴുതിയതെന്നും അദ്ദേഹം പറഞ്ഞു.

എന്നാല്‍, ഈ മാധ്യമങ്ങള്‍ മിക്കതും ആള്‍ട് ന്യൂസ് സ്ഥാപകന്‍ മുഹമ്മദ് സുബൈറിനെ അറസ്റ്റ് ചെയ്ത സംഭവത്തില്‍ എഡിറ്റോറിയല്‍ എഴുതിയില്ല. കുതിരക്കച്ചവടം, കൂട്ടക്കാല്‍മാറ്റം എന്നീ വാക്കുകള്‍ക്ക് പകരം ഓപറേഷന്‍ ലോടസ്, ഓപറേഷന്‍ മിഡ്‌നൈറ്റ് തുടങ്ങിയ വാക്കുകളാണ് ഉപയോഗിക്കുന്നതെന്നും എം ബി രാജേഷ് വ്യക്തമാക്കി.

മാധ്യമം ജേണലിസ്റ്റ് യൂനിയന്‍ പ്രസിഡന്റ് കെ പി റെജി അധ്യക്ഷത വഹിച്ചു. പുരസ്‌കാര സമിതി കണ്‍വീനര്‍ സുല്‍ഹഫ് അവാര്‍ഡ് ജേതാവിനെ പരിചയപ്പെടുത്തി. കാരവന്‍ മാഗസിന്‍ ഓഡിയന്‍സ് ഡെവലപ്പ്‌മെന്റ് എഡിറ്റര്‍ ലീന ഗീത രഘുനാഥ് 'സമകാലിക ഇന്‍ഡ്യയിലെ മാധ്യമങ്ങള്‍' എന്ന വിഷയത്തില്‍ സ്മാരക പ്രഭാഷണം നടത്തി. മാധ്യമം ചീഫ് എഡിറ്റര്‍ ഒ അബ്ദുര്‍ റഹ് മാന്‍ ആമുഖ പ്രഭാഷണം നടത്തി.

എഡിറ്റര്‍ വി എം ഇബ്രാഹിം, കോഴിക്കോട് പ്രസ് ക്ലബ് പ്രസിഡന്റ് എം ഫിറോസ് ഖാന്‍, മാധ്യമം എംപ്ലോയീസ് യൂനിയന്‍ പ്രസിഡന്റ് ടി എം അബ്ദുര്‍ ഹമീദ്, ഇന്‍ഡ്യന്‍ യൂത് അസോസിയേഷന്‍ മുന്‍ പ്രസിഡന്റ് ടി ഹേമപാലന്‍ എന്നിവര്‍ സംസാരിച്ചു. എന്‍ രാജേഷ് അനുസ്മരണം കെ എ സൈഫുദ്ദീന്‍ നിര്‍വഹിച്ചു. മാധ്യമം ജേര്‍ണലിസ്റ്റ്‌സ് യൂനിയന്‍ സെക്രടറി ടി നിശാദ് സ്വാഗതവും ട്രഷറര്‍ എ അഫ്‌സല്‍ നന്ദിയും പറഞ്ഞു.

Keywords: Kozhikode, News, Kerala, Minister, Journalist, Media, Minister MB Rajesh about journalism.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia